'ഇന്നാഫ്രിക്കയിതെൻ നാടവളുടെ ദുഃഖത്താലേ ഞാൻ കരയുന്നു' എന്ന് എൻ.വി. കൃഷ്ണ വാരിയർ എഴുതിയത് അറുപതുകളിലായിരുന്നു. സ്റ്റാൻലിയും ലിവിംഗ്സ്റ്റണും വെളിച്ചം വീശാനിറങ്ങിയ ഇരുണ്ട ഭൂഖണ്ഡത്തിന്റെ ദുഃഖം എന്തായിരുന്നു? ഏഷ്യ കഴിഞ്ഞാൽ ഏറ്റവും വലിയ ഭൂഖണ്ഡമായ ആഫ്രിക്കയെ അന്നും എന്നും എല്ലാവരും ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലേ നിർത്തിയിട്ടുള്ളൂ എന്നതു തന്നെയോ?
കൃഷ്ണവാരിയരുടെ 'ആഫ്രിക്ക' വായിക്കുന്നതിനു മുമ്പ് എനിക്ക് ആ ഭൂഖണ്ഡത്തെപ്പറ്റി ഉണ്ടായിരുന്ന അറിവ് സ്റ്റാൻലി, ലിവിംഗ്സ്റ്റൺ എന്നീ പര്യവേക്ഷകരുടെ പേരുകളിൽ ഒതുങ്ങി നിന്നു. കാടും കാടന്മാരും അടിമകളും മഹാരോഗങ്ങളും ഗോത്രയുദ്ധങ്ങളും നരഭോജികളും അവിടെ അധിവസിച്ചു. അതിനെപ്പറ്റിയുള്ള ആഴമില്ലാത്ത ചിന്തയിൽ നമ്മുടെ ഭാവന പുളകം കൊണ്ടു.
കൃഷ്ണ വാരിയരുടെ കാലമാകുമ്പോഴേക്കും ഏഷ്യയിൽ പരക്കേയും ആഫ്രിക്കയിൽ ചിലയിടങ്ങളിലും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കൊടുങ്കാറ്റ് വീശിത്തുടങ്ങിയിരുന്നു. ആയുധമില്ലാതെ അടരാടാൻ ആഹ്വാനം ചെയ്ത ആൾ അത് തുടങ്ങിവെച്ചത് ഹിംസയും അക്ഷമയും കൊടി കുത്തിയിരുന്ന ആഫ്രിക്കയിൽനിന്നാണെന്നത് രസകരമായ വിരോധാഭാസം.
ആഫ്രിക്കൻ ഓർമകൾ ചികഞ്ഞുനോക്കുമ്പോൾ അധികമൊന്നും കാണാനില്ല. ആഫ്രിക്കയിൽനിന്ന് ആരോ കൊണ്ടുവന്നതോ, ഏതോ വിരുതൻ ഉത്ഭവം ആഫ്രിക്കയിൽ ആരോപിച്ചതോ ആയ ഒരു തരം വെള്ളച്ചെടി ഒരിടക്ക് എവിടെയും ഒഴുകി നടന്നിരുന്നു.
ആഫ്രിക്കൻ പായൽ നീക്കാൻ നാം മുടക്കിയ പദ്ധതിപ്പണമെത്ര? സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ശബ്ദം കേട്ടു തുടങ്ങിയപ്പോൾ മലയാളികൾ ചിലർ അധ്യാപകരായി നൈജീരിയയിലും മറ്റും എത്തിയിരുന്നു. ഗാന്ധിയുടെ പൂർവികരായ ഗുജറാത്തികൾ അതിനുമെത്രയോ മുമ്പ് കേസും കച്ചവടവും നടത്താൻ കടൽ കടന്നുപോയി.
ഇരുണ്ട ഭൂഖണ്ഡത്തിലെ മനുഷ്യർ കച്ചവടച്ചരക്കായി. തന്റെ കാരണവന്മാരിലാരെയോ ഒരു യൂറോപ്യൻ വ്യാപാരി കെട്ടിവരിഞ്ഞ് ആഫ്രിക്കയിൽനിന്ന് അറ്റ്‌ലാന്റിക് സമുദ്രം കടത്തി അമേരിക്കയിൽ എത്തിച്ചതിന്റെ മുമ്പും പിമ്പുമുള്ള സംഭവ ഭ്രമങ്ങൾ വിവരിക്കുന്നതാണ് അലെക്‌സ് ഹെയ്‌ലിയുടെ 'വേരുകൾ' എന്ന നോവൽ.
അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ദുരന്ത പശ്ചാത്തലമായിരുന്നു അടിമക്കച്ചവടം. സ്വാതന്ത്ര്യത്തിന്റെ പ്രവാചകനായിരുന്ന തോമസ് ജെഫേഴ്‌സൺ പോലും വീട്ടുസ്വത്തായി കുറെ അടിമകളുടെ ഉടമയായിരുന്നുവെന്ന കാര്യം ആ കാലത്തിന്റെ വികൃതിയുടെ വെളിച്ചത്തിലേ കാണാനാവൂ.
ജെഫേഴ്‌സന്റെ ഏറ്റവും ഒടുവിലത്തെ പിന്മുറക്കാരനായ ഡോണൾഡ് ട്രംപിന്റെ വാക്കിലും വർണനയിലും ഏറെ വ്യത്യാസം വന്നിട്ടില്ല.
നാഗരികതയുടെ കാര്യത്തിൽ പിന്നോക്കം നിൽക്കുന്ന ആഫ്രിക്കയുടെ അപകർഷതയെ അപലപിക്കുന്നതിലാണ് അദ്ദേഹത്തിനു നോട്ടം. ആദിമ മനുഷ്യന്റെ അധിവാസ താവളം നിയാണ്ടർതാലോ ക്രോമാഗ്‌നോണോ ആയിരുന്നില്ല, നമ്മുടെയൊക്കെ കാരണവന്മാർ എത്യോപ്യക്കാരായിരുന്നു എന്ന നിഗമനം അദ്ദേഹത്തെ ബാധിച്ചിട്ടില്ല.
കേട്ടുകേൾവിയും ഔദ്ധത്യം ബാധിച്ച നരവംശ ശാസ്ത്ര പഠനവും ഇന്നും ആഫ്രിക്കയെപ്പറ്റിയുള്ള ധാരണകൾക്ക് വൈകൃതം പകരുന്നു. അർഹിക്കുന്ന കീർത്തി ഏറ്റവും വലിയ രണ്ടാമത്തെ ഭൂഖണ്ഡത്തിനു കിട്ടുന്നില്ലെന്നു തന്നെയല്ല, അപകീർത്തി വേണ്ടുവോളം കിട്ടുന്നുണ്ടുതാനും.
നമുക്കൊക്കെ ഉൽപതിഷ്ണുത്വത്തിന്റെ മാതൃകയാണ് വോൾട്ടയർ. പക്ഷേ ആഫ്രിക്കയോടുള്ള മനോഭാവത്തിൽ സമഭാവം പുലർത്തിയിരുന്ന ആളല്ല ധിക്കാരത്തിന്റെ വേദപുസ്തകം എന്നു വിശേഷിപ്പിക്കപ്പെട്ട വോൾട്ടയർ. 'ഈ മൃഗങ്ങൾ ഭൂമിയിൽ കൃഷി ചെയ്യുന്ന കാലം വരും' എന്നൊരിക്കൽ അദ്ദേഹം പറയുകയുണ്ടായി. ഹെഗൽ എന്ന തത്വചിന്തകൻ ആഫ്രിക്കയെ ചരിത്രത്തിന്റെ കവാടത്തിനരികെ പ്രതിഷ്ഠിച്ചു. ഇദി അമീൻ, കനാൻ ബനാന, റോബർട് മുഗാബേ തുടങ്ങിയവരെ മനസ്സിൽ കണ്ടുകൊണ്ടായിരുന്നെങ്കിൽ, അവർ അതിനേക്കാൾ കടുപ്പിച്ചു പറയുമായിരുന്നു.
നമ്മെ സംബന്ധിച്ചിടത്തോളം ആധുനിക ആഫ്രിക്കയെ അടയാളപ്പെടുത്തിയവരാണ് ദക്ഷിണപഥത്തിലെ വർണ വെറിയന്മാരും ഉഗാണ്ടയിലെ ഏകാധിപതികളും. അധികാരത്തോടുള്ള അഭിവാഞ്ഛയിലും അതിന്റെ രീതിശാസ്ത്രത്തിലും സാംസ്‌കാരിക നായകത്വം അവകാശപ്പെടുന്ന ഏതു ഭൂവിഭാഗത്തോടും കിട നിൽക്കും ആഫ്രിക്ക.
അമീനും ബനാനയും മലീമസമായ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. തന്റെ രോഗം ഭേദപ്പെടുത്തിയ വൈദ്യന്റെ ബുദ്ധി ഉൾക്കൊള്ളാൻ വേണ്ടി അയാളെ കൊന്നുതിന്നുന്ന കാര്യം ആലോചിച്ചിരുന്നുവത്രേ അമീൻ. തന്റെ പേരിൽ കയറി കൊത്തി കളിയാക്കുന്നു ആളുകൾ എന്നു മനസ്സിലാക്കിയപ്പോൾ ആ പേരു തന്നെ പരസ്യമായ ഉപയോഗത്തിനു പാടില്ല എന്നു വിധിച്ചു ബനാന. പിന്നീടൊരിക്കൽ സ്വവർഗ പീഡനത്തിനു ശിക്ഷിക്കപ്പെട്ടു ആ വരിഷ്ഠ ഭരണാധികാരി, ആഫ്രിക്കയുടെ പ്രസിദ്ധിയും സംഭാവനയും.
ഏറ്റവും വലിയ ഭൂഖണ്ഡത്തിന്റെ ഇരുളിനും അപകീർത്തിക്കും ദുഃഖത്തിനും അപ്പുറം പോയി, അതിന്റെ ആത്മാവിഷ്‌കാര രീതിയും നയതന്ത്ര ശൈലിയും പഠിക്കാൻ കുറെ പുതിയ പണ്ഡിതന്മാർ വന്നിരിക്കുന്നുവെന്നതാണ് ഈ ലേഖനത്തിന്റെ സന്ദർഭം. സുവർണ റൈനോസറോകൾ, ആഫ്രിക്കൻ ഡൊമിനിയൻ, ആഫ്രിക്കയിലെ മന്നന്മാരും
അടിമകളും, അറ്റ്‌ലാന്റിക്കിലെ പരമാധികാര ഭ്രംശം, അടിമക്കച്ചവടവും ആദർശ വിപ്ലവവും എന്നിങ്ങനെ പോകുന്നു ശീർഷകങ്ങൾ.
പുസ്തകങ്ങൾ നിരൂപണം ചെയ്തുകൊണ്ട് ഹൊവാർഡ് ഫ്രെഞ്ച് തുടങ്ങുന്ന വാചകം തന്നെ നൂറ്റാണ്ടുകളിലൂടെ നമ്മൾ തുടർന്നുപോരുന്ന ആഫ്രിക്ക അവജ്ഞ വെളിവാക്കുന്നു. ഫ്രെഞ്ചിന്റെ വാക്കുകൾ ഇങ്ങനെ. 'ചരിത്രത്തിന്റെയും പുരോഗതിയുടെയും അപ്പുറം നിൽക്കുന്ന ഭൂവിഭാഗമായി ആഫ്രിക്കയെ കാണുന്നതാണ് പാശ്ചാത്യ ചിന്താപദ്ധതി.
നമ്മുടെ ചില മഹാചിന്തകർ മുതൽ കുട്ടികൾക്ക് കളിക്കാനും കളിയാക്കാനുമുള്ള ഡിസ്‌നി മാതൃകകൾ വരെ ആ ചിന്താധാരയിൽ ഉൾപ്പെട്ടിരിക്കുന്നതു കാണാം.'
അറിയപ്പെടാത്ത ആഫ്രിക്കയുടെ വിശേഷങ്ങൾ വിവരിക്കുന്നതാണ് ഈ ഗ്രന്ഥ സഞ്ചയം. ആധുനിക ഗ്രന്ഥ സഞ്ചയം. ആധുനിക ചരിത്രാപഗ്രഥനം മുതൽ നരവംശ ശാസ്ത്ര വർണനകളും ഖണ്ഡന വിമർശനങ്ങളും അതിൽ വായിച്ചെടുക്കാം.
ഉദാഹരണമായി, ഉലകം ചുറ്റും സഞ്ചാരിയായിരുന്ന കൊളംബസ് കടലിലിറങ്ങുന്നതിന്റെ ഒന്നര നൂറ്റാണ്ടു മുമ്പ് ഇരുനൂറു കപ്പലുമായി പര്യവേക്ഷണം തുടങ്ങിയ മാലിക്കാരൻ അബൂബക്കർ രണ്ടാമൻ എന്ന ആഫ്രിക്കൻ രാഷ്ട്രീയ നാവികന്റെ കഥ. അബൂബക്കറെപ്പറ്റിയുള്ള വിവരം കുറിച്ചിട്ടതോ, നിറം പിടിപ്പിച്ച വ്യക്തിത്വമുള്ള മൻസ മൂസ എന്ന പിൻഗാമിയും.
അറുപതിനായിരം ആൾക്കാരും സ്വർണ ശൂലമേന്തിയ അഞ്ഞൂറ് അടിമകളുമായി മാലി മുതൽ മക്ക വരെ മൻസ മൂസ കൊണ്ടാടിയ തീർഥാടനം ചരിത്ര പ്രസിദ്ധമായിരുന്നു.
പതിനെണ്ണായിരം ടൺ പൊന്ന് കൈവശം വെച്ചുകൊണ്ടായിരുന്നു യാത്ര. രാജകൊട്ടാരങ്ങളിലും പള്ളികളിലും അതൊക്കെ വിതരണം ചെയ്യപ്പെട്ടു. ഈജിപ്തിലെ മാംലുക് രാജാവിന് ഹിരണ്മയദാനം ചെയ്തതിന്റെ ഒരു രേഖയും കണ്ടെടുത്തതായി പറയുന്നു.
ആഫ്രിക്കയിലെ അടിമക്കച്ചവടത്തിന്റെ മറുപുറം വരച്ച രാജ്യമാണ് കോംഗോ. ചരിത്രത്തിൽ വേറിട്ടു നിൽക്കുന്ന കോംഗോയെപ്പറ്റി ഒരു വരി കൂടി എഴുതിച്ചേർക്കുമായിരുന്നു കെ. പാനൂർ തന്റെ കേരളത്തിലെ ആഫ്രിക്കയിൽ. ഏറെക്കാലം അടിമക്കച്ചവടം എതിർത്തുപോന്നിരുന്നു കോംഗോ. പോർട്ടുഗൽ മുതലായ സാമ്രാജ്യ വീരന്മാരുമായി ഉദാര നയതന്ത്ര ബന്ധം കോഗോവിന് അവകാശപ്പെട്ടതായിരുന്നു. ആ വഴി വന്നതാകാം കോഗോവിലെ ക്രൈസ്തവാധീശത്വം.
കോഗോവിന്റെ സമീപകാല സ്മരണ സായുധ സമരത്തിന്റേതാണ്. ചോര ചിന്തിയ ജനപഥങ്ങളുടെ നാടാണ്, അതല്ലാതെ മറ്റൊന്നുമല്ല, ഇന്നു നമുക്ക് കോംഗോ.
അതാണ് ചരിത്രത്തിന്റെ വഴി. കാലം കടന്നുപോകുമ്പോൾ ചിലപ്പോൾ വഴി വേറിട്ടും മറ്റു ചിലപ്പോൾ അടഞ്ഞും പോകുന്നു.
അങ്ങനെ, ഹോവാർഡ് ഫ്രെഞ്ച് പറഞ്ഞ പോലെ, ചരിത്രത്തിനും അഭ്യുദയത്തിനുമപ്പുറം വഴിയടഞ്ഞുനിൽക്കുന്ന ആഫ്രിക്കൻ പഠനത്തിന് അടയാള വിളക്കുകളാകുന്നു ഈ പുസ്തകക്കൂട്ടം.