കൊച്ചി- അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിചാരണ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവ്. കേസില്‍ സി.ബി.ഐ തയ്യാറാക്കിയ അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം ഗൂഢാലോചനയുടെ ഭാഗം സി.ബി.ഐ. അന്വേഷിച്ച് അനുബന്ധകുറ്റപത്രം തയ്യാറാക്കിയത്.
ഇത് എറണാകുളം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ആദ്യകുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതിയിലായതിനാല്‍ അനുബന്ധകുറ്റപത്രവും അവിടെ നല്‍കാന്‍ സി.ജെ.എം. കോടതി നിര്‍ദേശിച്ചു. എന്നാലിത് തലശ്ശേരി സെഷന്‍സ് കോടതി സ്വീകരിച്ചില്ല. സി.ബി.ഐ.യുടെ അനുബന്ധകുറ്റപത്രം സമര്‍പ്പിക്കേണ്ടത് എറണാകുളത്തെ സി.ജെ.എം. കോടതിയിലാണെന്ന് 2019 ഫെബ്രുവരി 19-ന് തലശ്ശേരി സെഷന്‍സ് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് തലശ്ശേരി സെഷന്‍സിലുള്ള പ്രധാന കുറ്റപത്രവും ഇപ്പോഴത്തെ അനുബന്ധകുറ്റപത്രവും ഒരുമിച്ച് എറണാകുളം സി.ബി.ഐ. കോടതിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ 32 -ാം പ്രതി പി. ജയരാജന്‍ 33 -ാം പ്രതി ടി.വി. രാജേഷ് എന്നിവരുടെ പേരിലെ ഗൂഢാലോചനക്കുറ്റം ക്രൈംബ്രാഞ്ച് ശരിയായി അന്വേഷിച്ചില്ലെന്നുകാണിച്ച് ഷുക്കൂറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഗൂഢാലോചനക്കുറ്റം സി.ബി.ഐ.അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. വിദ്യാര്‍ഥിയായിരുന്ന ഷുക്കൂര്‍ 2012 ഓഗസ്റ്റ് 23 -നാണ് കൊല്ലപ്പെട്ടത്.