റിയാദ്- സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കുന്നതിന് ശ്രമിക്കുന്നവർ തങ്ങളുടെ പക്കലുള്ള തെളിവുകൾ സൗദി കോടതിക്ക് സമർപ്പിക്കുകയും മുതലെടുപ്പ് ശ്രമം അവസാനിപ്പിക്കുകയും വേണമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സൗദി അറേബ്യയുടെ ചരിത്രത്തിൽ ഇത്തരം ഒരു കുറ്റകൃത്യം മുമ്പുണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങൾ സൗദി സംസ്‌കാരത്തിന്റെ ഭാഗവുമല്ല. സൗദി അറേബ്യ മുറുകെ പിടിക്കുന്ന അടിസ്ഥാന തത്വങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമാണിത്.
ജമാൽ ഖശോഗി വധം അങ്ങേയറ്റം വേദനാജനകമായ കുറ്റകൃത്യമാണ്. ഈ സംഭവത്തിൽ പൂർണ തോതിൽ നീതി നടപ്പാക്കുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനുമാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. കേസിൽ ആവശ്യമായ നടപടികൾ സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കുള്ള എല്ലാവരെയും വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിന് നടപടികളെടുത്തിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കുന്നതിന് മതിയായ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. നിലപാടുകൾ എന്തു തന്നെയായാലും മുഴുവൻ സൗദി പൗരന്മാരുടെയും ജീവൻ സംരക്ഷിക്കുന്നതിനുള്ള അതീവ താൽപര്യമാണ് ഈ നടപടികൾക്ക് പ്രേരകം.
നിയമ സംവിധാനം നിലവിലുള്ള രാജ്യമാണ് സൗദി അറേബ്യ. ഇതേപോലെ വേദനാജനകമായ രീതിയിൽ സൗദി പൗരന്റെ ജീവൻ അപായപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും കിരീടാവകാശി പറഞ്ഞു.