റിയാദ് - പൊതുമേഖലാ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.
അറാംകൊ ഓഹരികൾ ആഗോള വിപണികളിൽ വിൽപന നടത്തും. അനുയോജ്യമായ സാഹചര്യങ്ങൾക്കനുസരിച്ച് യോജിച്ച സമയത്ത് അറാംകൊ ഓഹരികൾ വിൽക്കുന്നതിനാണ് നീക്കം. ഐ.പി.ഒക്ക് ഏതെല്ലാം ഓഹരി വിപണികളാണ് തെരഞ്ഞെടുക്കുക എന്ന കാര്യം ഇപ്പോൾ പറയാറായിട്ടില്ല.
അറാംകൊ ഓഹരി വിൽപനക്കുള്ള നിരവധി നടപടികൾ ഇതിനകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഓഹരി വിപണികളുടെ സ്ഥിഗതികൾ, സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപറേഷനിൽ (സാബിക്) സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനുള്ള ഓഹരി സ്വന്തമാക്കുന്നതിനുള്ള സൗദി അറാംകൊ നടപടികളുടെ പൂർത്തീകരണം എന്നിവ അടക്കമുള്ള ഘടകങ്ങൾ പരിഗണിച്ചാണ് ഓഹരി വിൽപന സമയം തെരഞ്ഞെടുക്കുക. സാബിക് ഓഹരികൾ സ്വന്തമാക്കുന്നതിലൂടെ ഭീമൻ ഊർജ, പെട്രോകെമിക്കൽ കമ്പനിയായി സൗദി അറാംകൊ മാറും. പെട്രോൾ വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾക്കിടെയും ലാഭം വർധിപ്പിക്കുന്നതിനും വളർച്ച കൈവരിക്കുന്നതിനും ഇതിലൂടെ അറാംകൊക്ക് സാധിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
സൗദി അറാംകൊയുടെ അഞ്ചു ശതമാനം ഓഹരികൾ വിൽക്കുന്നതിനാണ് ശ്രമം. ഇത് ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും. ഓഹരി വിൽപനയിലൂടെ സമാഹരിക്കുന്ന പണം സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റും. ഇതിലൂടെ ലോകത്തെ ഏറ്റവും വലിയ സോവറീൻ ഫണ്ട് ആയി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മാറും. വിദേശത്തും സ്വദേശത്തും നിക്ഷേപ പദ്ധതികളിൽ മുതൽ മുടക്കി പ്രധാന വരുമാന സ്രോതസ്സായി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനെ മാറ്റുന്നതിനാണ് പദ്ധതി.