Sorry, you need to enable JavaScript to visit this website.

കൊച്ചി മെട്രോയ്ക്ക് രണ്ടു വയസ്, ആഗസ്റ്റിൽ വൈറ്റില വരെ എത്തും

കൊച്ചി- കൊച്ചി മെട്രോയുടെ കുതിപ്പിന് തിങ്കളാഴ്ച രണ്ടുവയസ്. 2.58 കോടി യാത്രക്കാരും 150.24 കോടി വരുമാനവും പുത്തൻ പദ്ധതികളുമടക്കം കൈമുതലാക്കിയാണ് അതിവേഗമുള്ള യാത്ര. ഓഗസ്റ്റ് 15ന് മുമ്പായി മഹാരാജാസ് സ്റ്റേഷനിൽ നിന്നും തൈക്കൂടം വരെ മെട്രോ ഓടിയെത്തും. ജൂലൈ പകുതിയോടെ ഇവിടെ വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് കൈമാറണമെന്നാണ് ഡി.എം.ആർ.സിക്ക് നിർദേശം നൽകിയിരിക്കുന്നത്. തുടർന്ന് മുഖ്യമന്ത്രിയടക്കമുള്ളവരുടെ സൗകര്യം അനുസരിച്ച് ഉദ്ഘാടനം തീരുമാനിക്കുമെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. 
ദിവസത്തിൽ 40,000 പേർ കുറഞ്ഞത് യാത്ര ചെയ്യുന്നു. ആഴ്ചാവസാനത്തിൽ കുറഞ്ഞ യാത്രക്കാരുടെ എണ്ണം 45,000 ആണ്. പ്രത്യേക ആനുകൂല്യങ്ങളുമായി അവതരിപ്പിച്ച മെട്രോ വൺ കാർഡ് ഉപയോഗിച്ച് 45,000 പേർ യാത്ര നടത്തുന്നു. ആകെ കാർഡ് ഉപയോക്താക്കളിൽ 26 ശതമാനം പേരും പ്രതിദിനം യാത്ര ചെയ്യുന്നവരെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒരു കാർഡ് ഉപയോഗിച്ച് ഒരു ദിവസത്തെ സമസ്ത സാമ്പത്തിക കാര്യങ്ങളും ചെയ്തുതീർക്കാമെന്ന നിലയിലേക്ക് കൊച്ചി വൺ കാർഡിന്റെ ഉപയോഗം വിപുലീകരിക്കപ്പെട്ടു. പേട്ടയിൽ നിന്നും തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷനിലേക്ക് നീട്ടുന്നതിനുള്ള അംഗീകാരവും ലഭിച്ചുകഴിഞ്ഞു. 
സംയോജിത പൊതുഗതാഗതമെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾക്കാണ് ഇതിനോടകം കൊച്ചി മെട്രോ തുടക്കം കുറിച്ചത്. നഗരത്തിലെ ബസ്, ഓട്ടോറിക്ഷ സർവീസുകൾക്കായി സൊസൈറ്റികൾ രൂപവത്കരിക്കുകയും കൊച്ചി വൺ സ്മാർട് കാർഡ് ബസുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ബസുകളിൽ ജി.പി.എസ് സ്ഥാപിക്കുകയും റൂട്ടുകളും ബസുകളുടെ സ്ഥാനവും അറിയുന്നതിന് ചലോ ആപ്പ് പുറത്തിറക്കുകയും ചെയ്തെത് വലിയ മുന്നേറ്റമായിരുന്നു. 
നിർമിത ബുദ്ധിയും സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി വിവരശേഖരണത്തിലൂടെ നഗരഗതാഗത സംവിധാനം മികവുറ്റതാക്കാനുള്ള ഗവേഷണ പരിപാടി നടപ്പാക്കി. മുട്ടം യാർഡിലെ നാല് ഹെക്ടർ ചതുപ്പ് നിലത്ത് സ്ഥാപിച്ച സോളാർ പ്ലാന്റിലൂടെ 2719 കിലോവാട്ട് അധിക വൈദ്യുതി ഉൽപാദനം കൊച്ചി മെട്രോക്ക് കൈവന്നു. ഇതോടെ മെട്രോയിലെ സൗരോർജത്തിന്റെ പ്രവർത്തനശേഷി രണ്ട് മടങ്ങായാണ് വർധിച്ചത്. 5389 കിലോവാട്ട് സോളാർ എനർജി ഉൽപാദനത്തിലേക്ക് ഉയർത്താനാണ് അടുത്ത പദ്ധതി. മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായി നിർമാണത്തിനുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. 
ജലമെട്രോ നിർമാണ പ്രവർത്തനങ്ങൾക്കായി നാല് പഞ്ചായത്തുകൾ ഇതിനോടകം കെ.എം.ആർ.എല്ലിന് ഭൂമി കൈമാറി. ടിക്കറ്റിതര വരുമാനത്തിലൂടെ കൊച്ചി മെട്രോ 50 കോടിയിലേറെ രൂപയാണ് ഇതിനോടകം നേടിയിട്ടുള്ളത്. മെട്രോ സ്റ്റേഷനുകൾക്ക് പേരിടുന്നത് മുതൽ പാർക്കിങ് ഫീസ്, പരസ്യ ചിത്രീകരണം, ഡോർമെറ്ററി, എ.ടി.എമ്മുകൾ, പരസ്യ ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെയാണ് നേട്ടം. തൂണുകളിലെ പരസ്യം വഴി വർഷം മാത്രം 5.7 കോടി രൂപ ലഭിക്കുന്നുണ്ട്. മെട്രോ പൊലിസ് സ്റ്റേഷന്റെ പ്രവർത്തനവും ആരംഭിച്ചു. ഒരു ദിവസം പോലും റെയിൽഗതാഗതം സ്തംഭിക്കാതെ ഇന്ത്യയിലെ ആദ്യ വളഞ്ഞ കാന്റിലിവർ പാലമെന്ന ഖ്യാദി നേടി സൗത്ത് റെയിൽവെക്ക് മുകളിലൂടെയുള്ള നിർമാണം പൂർത്തീകരിച്ചതും നേട്ടമാണ്. 


 

Latest News