കോഴിക്കോട്- മുൻ എം.പി എ സമ്പത്തിന്റെ വാഹനത്തിന് മുന്നിൽ എക്‌സ്.എം.പി എന്ന ബോർഡ് വെച്ചുവെന്ന ആരോപണത്തിൽ വാദപ്രതിവാദം കനക്കുന്നു. ബോർഡ് വെച്ചിട്ടില്ലെന്ന് എ. സമ്പത്ത് വിശദീകരിച്ചുവെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ആവശ്യപ്പെട്ടു. അതേസമയം, സാമാന്യയുക്തിക്ക് നിരക്കാത്ത വാദമാണെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കെ.എസ് ശബരീനാഥ് എം.എൽ.എ ആവശ്യപ്പെട്ടു.
പി.കെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
'Ex MP' എന്ന ബോർഡ് വെച്ചൊരു കാറിന്റെ ചിത്രമാണ് ഇന്ന് സോഷ്യൽമീഡിയ ഏറ്റവുമധികം ചർച്ച ചെയ്തത്. അന്വേഷണത്തിനൊടുവിൽ എ. സമ്പത്തിന്റേതാണ് കാറെന്നും കണ്ടു പിടിക്കുകയുണ്ടായി. എന്നാൽ ചിത്രം വ്യാജമാണെന്നാണ് സൈബർ സഖാക്കൾ വാദിക്കുന്നത്. സമ്പത്തിന്റെ ഡ്രൈവർ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത് കഴിഞ്ഞ മൂന്നു ദിവസമായി വളയം പിടിച്ചപ്പോൾ ഇങ്ങിനെ ഒരു ബോർഡ് കണ്ടിട്ടില്ലെന്നാണ്. മൂന്ന് ദിവസമായി യാത്ര ചെയ്ത സ്ഥലങ്ങളുടെ പേരും അദ്ദേഹം പറയുന്നുണ്ട്. അതേ സമയം സമ്പത്തിന്റെ വീട്ടിലെത്തിയ ചാനലുകളിലെ റിപ്പോർട്ടർമാരോട് അദ്ദേഹം സംസാരിക്കാൻ തയ്യാറായതുമില്ല. ആകെ സംസാരിച്ചത് ഏഷ്യാനെറ്റ് ഓൺലൈൻ ന്യൂസിനോട് ഫോണിലും!!
ഇനി കാര്യത്തിലേക്ക് കടക്കാം. ഈ കാർ നിർത്തിയിട്ടിരിക്കുന്നത് തിരുവനന്തപുരം എയർപോർട്ടിന്റെ മുമ്പിലാണ്. ഡ്രൈവർ ഫെയിസ്ബുക്ക് പോസ്റ്റിൽ ഇങ്ങിനെ ഒരു എയർപോർട്ടിന്റെ കാര്യം പറയുന്നേ ഇല്ല. ഇനി സമ്പത്ത് പറയുന്നത് നോക്കൂ. ഞാൻ ഇങ്ങിനെ ഒരു കാറിൽ യാത്ര ചെയ്തിട്ടില്ല. ചിത്രം ചിലപ്പോൾ വ്യാജമായിരിക്കാം. നോട്ട് ദ പോയന്റ് 'ചിലപ്പോൾ''. അങ്ങേർക്ക് പോലും ഇത് വ്യാജമാണോ എന്നുറപ്പില്ല.
ഇത്രയും ചർച്ചയായ സ്ഥിതിക്ക് ശ്രീ.സമ്പത്ത് ചില ചോദ്യങ്ങൾക്ക് വിശദീകരണം നൽകേണ്ടതുണ്ട്.
1) ചിത്രത്തിൽ കാണുന്ന കാർ അദ്ദേഹത്തിന്റേതാണോ?
2) ഈ ചിത്രത്തിൽ കാണുന്ന എയർപോർട്ടിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ കാർ നിർത്തിയ സമയത്ത് Ex MP എന്ന ബോർഡ് ഘടിപ്പിച്ചില്ല എന്ന് ഉറപ്പിച്ച് പറയാൻ പറ്റുമോ?
3) അങ്ങിനെയെങ്കിൽ എയർപോർട്ട് മാനേജറുമായി സംസാരിച്ച് CCTV ദൃശ്യം പുറത്ത് വിടാൻ അദ്ദേഹം ആവശ്യപ്പെടുമോ?
നേരത്തെ പോസ്റ്റിയ ചിത്രം വ്യാജമാണെന്ന് തെളിയിച്ചാൽ പോസ്റ്റ് പിൻവലിക്കാനും നിരുപാധികം മാപ്പു പറയാനും തയ്യാർ.
ശബരിനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ആറ്റിങ്ങൽ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതൽ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോൾ അറിയുന്നു.
ഞാനടക്കമുള്ള രാഷ്ട്രീയപ്രവർത്തകർ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്.നമുക്ക് വിഷയങ്ങൾ പൊളിറ്റിക്കലായി ചർച്ച ചെയ്യാം, അതിൽ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ല.
Responsible driving എന്നതുപോലെ Responsible social media എന്നൊരു ക്യാമ്പയിൻ തുടങ്ങുന്നത് നല്ലതായിരിക്കും.