ദമാം- സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച അപകടത്തില്‍ മലയാളി എന്‍ജിനീയര്‍ ഭാഗ്യത്തിനു രക്ഷപ്പെട്ടു. കിഴക്കന്‍ സൗദിയിലെ വ്യാവസായിക നഗരമായ ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ പ്രൊജക്റ്റ് എന്‍ജിനീയറായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി എ.എസ് ഷജീറിന്റെ സാംസങ് എസ് സിക്‌സ് എഡ്ജ് പ്ലസ് മൊബൈലാണ് പൊട്ടിത്തെറിച്ചത്.
അസാധാരണമായി മൊബൈല്‍ ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അല്‍പം അകലേക്ക് മാറ്റി വെച്ചതിനാലാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.
റൂമില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഫോണ്‍ ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത്. നെറ്റ് ഓണ്‍ ആയതിനാലാകുമെന്ന് കരുതി ഉടന്‍ നെറ്റ് ഓഫ് ചെയ്തു. ചൂട് കുറയാത്തതിനെ സ്വിച്ച് ഓഫ് ചെയ്തു സാധനം വാങ്ങാന്‍ കയറിയ കടയില്‍ തൊട്ടടുത്ത ടേബിളില്‍ വെച്ചു. അല്‍പ സമയത്തിനകം ഫോണിന് തീപ്പിടിക്കുകയായിരുന്നു. ഉടന്‍ ഫോണ്‍ എടുത്ത് പുറത്തേക്ക് എറിഞ്ഞു.
ഉറങ്ങുന്ന സമയത്തോ കാറിന്റെ ഡാഷ് ബോര്‍ഡിലോ ആയിരുന്നെങ്കില്‍ ജീവന്‍ തന്നെ അപകടത്തില്‍ ആകുമായിരുന്നുവെന്ന് ജുബൈല്‍ സമസ്ത ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹി കൂടിയായ ഷജീര്‍ പറഞ്ഞു.