റിയാദ് - കവിത മോഷ്ടിച്ചതായി കുവൈത്തി കവിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസില്‍ രണ്ടു സൗദി പൗരന്മാരെ റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. വ്യാജ ആരോപണം ഉന്നയിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത സൗദി പൗരന്മാര്‍ക്കെതിരെ കുവൈത്തി കവി റിയാദ് കോടതിയില്‍ കേസ് നല്‍കുകയായിരുന്നു.
പൊതുഅവകാശ കേസില്‍ ഇരുവര്‍ക്കും 30 ദിവസം വീതം തടവും 5000 റിയാല്‍ വീതം പിഴയുമാണ് കോടതി വിധിച്ചത്. സ്വകാര്യ അവകാശ കേസില്‍ ഹരജിക്കാരന് നഷ്ടപരിഹാരമായി ഒന്നാം പ്രതി 15,000 റിയാലും രണ്ടാമന്‍ 10,000 റിയാലും നല്‍കണമെന്നും വിധിയുണ്ട്. കൂടാതെ ട്വിറ്റര്‍ അക്കൗണ്ട് വഴി ഇരുവരും കുവൈത്തി കവിയോട് ക്ഷമാപണം നടത്തണമെന്നും ക്ഷമാപണ സന്ദേശം ഏഴു ദിവസം ട്വിറ്റര്‍ അക്കൗണ്ടില്‍ നിലനിര്‍ത്തണമെന്നും കോടതി ഉത്തരവിട്ടു.