കോട്ടയം- കേരള കോണ്‍ഗ്രസ് (എം) സമാന്തര സംസ്ഥാന കമ്മിറ്റി യോഗം ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്റ്റിയാണ് ജോസ് കെ. മാണിയുടെ പേര് നിര്‍ദേശിച്ചത്. നിര്‍ദേശത്തെ കമ്മിറ്റി ഒന്നാകെ പിന്താങ്ങി.
പാര്‍ട്ടി സെക്രട്ടറി കെ.ഐ. ആന്റണിയാണ് യോഗം വിളിച്ചു ചേര്‍ത്തിരുന്നത്. ഇത് ഫാന്‍സ് അസോസിയേഷന്‍ യോഗമാണെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും കമ്മിറ്റി യോഗത്തെപ്പറ്റി പി.ജെ. ജോസഫ് ഉള്‍പ്പെടെ എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു. അടച്ചിട്ട ഹാളിലായിരുന്നു യോഗം. മുതിര്‍ന്ന നേതാവ് സി.എഫ്.തോമസ് യോഗത്തില്‍ പങ്കെടുത്തില്ല. പി.ജെ.ജോസഫ് തൊടുപുഴയില്‍ തുടരുകയാണ്. വൈകിട്ടു തിരുവനന്തപുരത്തേക്കു പോകും. ഭരണഘടനാപരമായി അധികാരങ്ങള്‍ പി.ജെ. ജോസഫിനാണ്. തെരഞ്ഞെടുപ്പു നീട്ടി വെക്കുകയെന്ന തന്ത്രമാണ് ജോസഫ് വിഭാഗം സ്വീകരിച്ചിരുന്നത്.