തിരുവനന്തപുരം- കേരളാ കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക് നീങ്ങുന്നതിനിടെ സമവായ ശ്രമങ്ങള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ഊര്‍ജിതമാക്കി. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ആ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമെന്ന നിലയില്‍ കണ്ടാണ് കോണ്‍ഗ്രസും ലീഗും ഇതുവരെ നേരിട്ട് ഇടപെടാതിരുന്നത്. മധ്യസ്ഥന്മാര്‍ മുഖേനയുള്ള സമവായശ്രമത്തിന് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പിന്തുണയുണ്ടായിരുന്നു.
പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങിയിരിക്കെയാണ് കോണ്‍ഗ്രസും ലീഗും വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എന്നിവര്‍ ജോസ് കെ. മാണിയുമായും പി.ജെ ജോസഫുമായും ചര്‍ച്ച നടത്തി.
പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുന്ന രീതിയിലേക്ക് പോകരുതെന്ന് ഇരുവിഭാഗത്തോടും അഭ്യര്‍ഥിച്ചു. സംസ്ഥാന കമ്മറ്റി വിളിക്കുകയെന്ന തീരുമാനത്തില്‍ മുന്നോട്ടു പോകാനാണ് ജോസ് കെ. മാണി ഉറച്ചുനില്‍ക്കുകയാണ്. മറ്റൊരു മാര്‍ഗമില്ലെന്നാണ് അദ്ദേഹം കോണ്‍ഗ്രസ് -ലീഗ് നേതാക്കളെ അറിയിച്ചിരിക്കുന്നത്.
ജോസ് കെ.മാണിയുടേത് നിയമപരമായ നീക്കമല്ലെന്നും നേരിടുമെന്നുമാണ് ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. കൂറുമാറ്റ നിരോധന നിയമപ്രകാരം നേരിടുമെന്നും ജോസഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.