ജിദ്ദ- മസ്ജിദുൽ ഹറാമിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഖത്മുൽ ഖുർആൻ നടക്കുന്ന വേളയിൽ സ്‌ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടത് പുതിയ ആഭ്യന്തരമന്ത്രി ചുമതല ഏറ്റെടുത്ത് 48 മണിക്കൂർ പിന്നിടുന്നതിന് മുമ്പ്. എന്നാൽ കൃത്യമായ ചുവടുവെപ്പോടെ സുരക്ഷാവിഭാഗം ഭീകരരുടെ പദ്ധതി പരാജയപ്പെടുത്തിയത് ഭീകരതക്കെതിരെ സന്ധിയില്ലാസമരം നടത്തിയ മുഹമ്മദ് ബിൻ നായിഫ് രാജകുമാരന് പകരക്കാരനായി എത്തിയ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ തൊപ്പിയിലെ പൊൻതൂവലായി മാറി. മുൻഗാമിയോട് ചേർന്ന് പ്രവർത്തിച്ച അനുഭവ സമ്പത്ത് ഭീകരതക്ക് എതിരായുള്ള പോരാട്ടത്തിൽ സൗദി ആഭ്യന്തരമന്ത്രിക്ക് കരുത്താകും. മക്കയിൽ മസ്ജിദുൽ ഹറാമിന് സമീപം മർക്കസിയ്യ മേഖലയിലെ അജ്‌യാദ് അൽമസാഫി ഡിസ്ട്രിക്ടിലും ദക്ഷിണ മക്കയിലെ അൽഅസീലിയ്യ ഡിസ്ട്രിക്ടിലും ജിദ്ദയിലെ അൽഉലയ്യ ഡിസ്ട്രിക്ടിലുമായി നടന്ന എട്ട് മണിക്കൂർ നീണ്ട മൂന്ന് റെയ്ഡുകൾ പുതിയ ആഭ്യന്തര മന്ത്രിയുടെ സമീപനത്തിന്റെ നേർസാക്ഷ്യമായി. സൗദി അറേബ്യയുടെ സുരക്ഷിതത്വത്തിനും സുസ്ഥിരതക്കും എതിരായി ഉയരുന്ന ഭീഷണികളെ അടിച്ചമർത്താൻ യുവത്വത്തിന്റെ പ്രതീകമായ പുതിയ ആഭ്യന്തര മന്ത്രിക്ക് സാധിക്കുമെന്നതിന് തെളിവായി ഇത്.