ദുബായ് - സ്‌കൂൾ ബസിൽ ഉറങ്ങിപ്പോയ 6 വയസുകാരനെ ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാളിയായ മുഹമ്മദ് ഫർഹാൻ ഫൈസൽ ആണ് മരിച്ചത്. ദുബായ് അൽഖൂസ് ഇസ്‌ലാമിക് സെന്ററിലെ വിദ്യാർത്ഥിയാണ് ഫർഹാൻ.
രാവിലെ കരാമയിലെ വീട്ടിൽ നിന്ന് സ്‌കൂളിലേക്കുള്ള യാത്രയിൽ ഫർഹാൻ ബസ്സിൽ ഉറങ്ങിപോയതായി മറ്റു കുട്ടികൾ പറയുന്നു. 8 മണിക്ക് സ്‌കൂളിലെത്തിയ ബസ്സിൽ നിന്ന് എല്ലാവരും ക്‌ളാസിലേക്ക് പോയപ്പോൾ ഫർഹാൻ ബസിനുള്ളിൽ തന്നെയായിരുന്നു എന്നാണ് നിഗമനം. മരണകാരണം എന്താണെന്ന് വെളിവായിട്ടില്ല. 3 മണിക്ക് കുട്ടികളെ വീട്ടിൽ വിടുന്നതിനായി ഡ്രൈവർ ബസ്സ് എടുക്കുമ്പോഴാണ് ഫർഹാനെ മരിച്ച നിലയിൽ കാണുന്നത്.
ബസിനുള്ളിൽ ശ്വാസം മുട്ടി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. 2014 ലും സമാനമായ കേസ് യു.എ.ഇ യിൽ റിപ്പോർട്ട് ചെയ്തിരുന്നു. അബുദാബി അൽ വുറൂജ് അക്കാദമിയിലെ കെ.ജി വിദ്യാർത്ഥിയെ ബസ്സിനുള്ളിൽ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പ്രിൻസിപ്പൽ, ബസ് ഡ്രൈവർ, സൂപ്പർവൈസർ എന്നിവരെ ജയിലിലടച്ചു. ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം നൽകണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്.