സാല്‍വഡോര്‍ - ലോകകപ്പിലെ നിരാശക്കു ശേഷം തിരിച്ചുവരവിനൊരുങ്ങിയ അര്‍ജന്റീനക്കും ലിയണല്‍ മെസ്സിക്കും കോപ അമേരിക്ക ഫുട്‌ബോളില്‍ കനത്ത തിരിച്ചടി. കൊളംബിയയോട് അവര്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോറ്റു. മെസ്സിയും ഹമീസ് റോഡ്രിഗസും തമ്മിലുള്ള പോരാട്ടമായി വിലയിരുത്തപ്പെട്ട കളിയില്‍ ഹമീസാണ് കൊളംബിയയുടെ വിജയശില്‍പി.
രണ്ടാം പകുതിയില്‍ മൈതാനത്തിനു കുറുകെയുള്ള തകര്‍പ്പന്‍ ലോംഗ്‌റെയ്ഞ്ച് പാസോടെ റോജര്‍ മാര്‍ടിനേസിന്റെ ആദ്യ ഗോളിന് ഹമീസ് അവസരമൊരുക്കി. പകരക്കാരന്‍ ദുവാന്‍ സപാറ്റ അവസാന വേളയില്‍ രണ്ടാം ഗോള്‍ നേടി. അര്‍ജന്റീനയെ 12 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കൊളംബിയ തോല്‍പിക്കുന്നത്. 2007 ല്‍ ബ്രസീലിനോട് ഫൈനലില്‍ തോറ്റ ശേഷം കോപയില്‍ അര്‍ജന്റീനയുടെ ആദ്യ തോല്‍വിയാണ് ഇത്. 1979 ലാണ് അവസാനമായി അര്‍ജന്റീന കോപയില്‍ ആദ്യ മത്സരം തോറ്റത്.
അര്‍ജന്റീനയെ ത്രസിപ്പിക്കാന്‍ മെസ്സിക്കായില്ല. അരീന ഫോണ്ടെയില്‍ മെസ്സിയും ഹമീസും തീര്‍ത്തും നിറം മങ്ങി. എന്നാല്‍ എഴുപത്തൊന്നാം മിനിറ്റില്‍ ആദ്യ ഗോളിന് അവസരമൊരുക്കാന്‍ ഹമീസിനായി. അര്‍ജന്റീന സ്‌ട്രൈക്കര്‍ സെര്‍ജിയൊ അഗ്വിരൊ, കൊളംബിയന്‍ നായകന്‍ റഡാമല്‍ ഫാല്‍ക്കാവൊ തുടങ്ങിയ സൂപ്പര്‍ താരങ്ങളും നിശ്ശബ്ദരായിരുന്നു.
മറ്റൊരു കളിയില്‍ പെറുവിനെ പത്തു പേരുമായി വെനിസ്വേല സമനിലയില്‍ തളച്ചു.