Sorry, you need to enable JavaScript to visit this website.

ഉപതെരഞ്ഞെടുപ്പിലും ശബരിമല  പ്രചാരണ വിഷയമാക്കും- പി.എസ്.ശ്രീധരൻപിള്ള

കൊച്ചി- നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. 
ജൂലൈ ആറു മുതൽ ജനുവരി 31 വരെ അംഗത്വ കാമ്പയിൻ നടത്തും. സംസ്ഥാനത്തു പാർട്ടി അംഗങ്ങളുടെ എണ്ണം 15 ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ശബരിമലയിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായില്ല. കോൺഗ്രസ് വർഗീയത പ്രചരിപ്പിച്ചാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ശബരിമല വിഷയത്തിൽ ബി.ജെ.പി നേരിട്ട് കോടതിയിൽ പോകില്ലെന്നും വിശ്വാസികളുടെ സമരത്തിന് പിന്തുണ നൽകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. 
കേരളത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പു റിപ്പോർട്ടിൽ ബി.ജെ.പിയുടെ വളർച്ച സമ്മതിക്കുന്നുണ്ട്. ബംഗാളിൽ സി.പി.എമ്മിന്റെ വളർച്ച പടവലങ്ങ പോലെയാണ്. കേരളത്തിലും ഈ സ്ഥിതി വരും. കോൺഗ്രസിനെ പ്രതിരോധിക്കാൻ സി.പി.എമ്മുകാർ ബി.ജെ.പിയിലേക്കു വരുന്നതാണു നല്ലതെന്നും ശ്രീധരൻപിള്ള പറഞ്ഞു. 
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് സംസ്ഥാന നേതാക്കളെ ചുമതലപ്പെടുത്തി. വട്ടിയൂർക്കാവിൽ എം.ടി രമേശിനും കോന്നിയിൽ എ.എൻ രാധാകൃഷ്ണനുമാണ് ചുമതല. അരൂരിൽ കെ.സുരേന്ദ്രനും പാലായിൽ ശോഭാ സുരേന്ദ്രനും എറണാകുളത്ത് സി.കെ പദ്മനാഭനും മഞ്ചേശ്വരത്ത് പി.കെ കൃഷ്ണദാസിനുമാണ് ചുമതല. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കുന്നതും അബ്ദുല്ലക്കുട്ടിയെ പാർട്ടിയിലെടുക്കുന്നതും സംബന്ധിച്ച് ചർച്ച നടക്കുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


 

Latest News