Sorry, you need to enable JavaScript to visit this website.

മേഖലക്ക് ഭീഷണി സൃഷ്ടിക്കുന്നത്  ഇറാൻ - തുർക്കി അൽഫൈസൽ

റിയാദ് - മേഖലാ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നത് ഇറാനാണെന്ന് സൗദി മുൻ ഇന്റലിജൻസ് മേധാവി തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. യെമൻ, ഇറാഖ്, ബഹ്‌റൈൻ, സിറിയ, ലെബനോൻ അടക്കമുള്ള അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഒരു ലജ്ജയുമില്ലാതെ ഇറാൻ നിയമ വിരുദ്ധമായി ഇടപെടുകയാണ്. 
ഇറാൻ രൂപീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന മിലീഷ്യകളുടെയും ഇറാൻ സൈന്യത്തിന്റെയും അറബ് രാജ്യങ്ങളിലെ സാന്നിധ്യത്തിന് യാതൊരുവിധ ന്യായീകരണവുമില്ല. സൗദി അറേബ്യയും അറബ് ലോകവും പലതവണ ഇറാനു നേരെ ചർച്ചയുടെ കരങ്ങൾ നീട്ടിയിട്ടുണ്ട്. എന്നാൽ ചർച്ചകൾ നിഷ്ഫലമാക്കുന്ന പ്രവർത്തനങ്ങളാണ് ഇറാൻ നടത്തുന്നത്. 
ഗൾഫ് പ്രതിസന്ധി ഇറാനുമായുള്ള സംഘർഷത്തെ ബാധിച്ചിട്ടില്ലെന്നു മാത്രമല്ല ഇത് അനുകൂല ഫലം നൽകുകയാണ് ചെയ്തത്. യാഥാർഥ്യങ്ങൾ വെളിച്ചത്തുകൊണ്ടുവരികയാണ് ഖത്തർ പ്രതിസന്ധി ചെയ്തത്. ഇരു ഭാഗത്തും നിലയുറപ്പിച്ചുള്ള ഇരട്ടത്താപ്പാണ് ഖത്തർ നേരത്തെ കാണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ തീർത്തും വ്യക്തമായിരിക്കുന്നു. ഇപ്പോൾ ഖത്തർ ഇറാനൊപ്പമാണ്. മറ്റു ഗൾഫ് രാജ്യങ്ങളെല്ലാം ഗൾഫ് സഹകരണ കൗൺസിലിനൊപ്പം ഒരുമിച്ചുനിൽക്കുന്നു. 
യു.എന്നിൽ പ്രാതിനിധ്യമുള്ള, നിയമാനുസൃത ഭരണകൂടം പുനഃസ്ഥാപിക്കപ്പെടുകയാണ് യെമൻ സംഘർഷത്തിനുള്ള പോംവഴി. സൻആയിൽ ഭരണം കൈയാളുന്നതിന് ലോകത്തിന്റെ മുഴുവൻ പിന്തുണ നിയമാനുസൃത ഭരണകൂടത്തിനാണുള്ളത്. 
ഹൂത്തികളും അവരെ പിന്തുണക്കുന്നവരുമാണ് നിയമാനുസൃത ഭരണകൂടത്തിന്റെ പുനഃസ്ഥാപനത്തിന് വിലങ്ങുതടിയാകുന്നത്. ആയുധങ്ങൾ ഉപയോഗിച്ചും യുദ്ധം തുടരുന്നതിന് വാശിപിടിച്ചും യെമനിൽ സ്ഥിതിഗതികൾ ഇവർ അട്ടിമറിക്കുകയാണ്. യെമൻ സംഘർഷവുമായി ബന്ധപ്പെട്ട് യു.എൻ സ്വീകരിക്കുന്ന നടപടികളെ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും പൂർണ തോതിൽ പിന്തുണക്കുന്നു. യെമനിൽ സമാധാനവും രാഷ്ട്രീയ പരിഹാരവുമുണ്ടാക്കുന്നതിന് സൗദി അറേബ്യ മുൻനിരയിലുണ്ട്. 
ലിബിയയിലെ തീവ്രവാദ മിലീഷ്യകളെ ഖത്തറും തുർക്കിയും പിന്തുണക്കുന്നു. ഖത്തർ നേരത്തെ അൽഖാഇദയുമായും ഇറാനുമായും നേരിട്ട് ബന്ധപ്പെട്ടിരുന്നു. സൗദി അറേബ്യയെയും മറ്റു രാജ്യങ്ങളെയും ലക്ഷ്യമിടുന്നതിൽ ഇറാനും ഖത്തറിനും മറ്റു തീവ്രവാദ ഗ്രൂപ്പുകൾക്കും പങ്കുണ്ട്. 
തന്റെ കുടുംബത്തിൽ ഒരു വിഭാഗം ഇറാനിൽ അഭയം തേടിയശേഷം ഇറാനെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തരുതെന്ന് അൽഖാഇദ നേതാവ് ഉസാമ ബിൻ ലാദിൻ തന്റെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നതിൽ ഇറാനും അൽഖാഇദക്കുമിടയിൽ യോജിപ്പുണ്ടായിരുന്നു. 2001 ൽ അമേരിക്കയുടെ അഫ്ഗാൻ ആക്രമണത്തിനു ശേഷം അൽഖാഇദക്ക് ഇറാൻ വലിയ തോതിൽ പിന്തുണ നൽകി. 
അൽഖാഇദയുമായി ഖത്തറിന് നേരിട്ട് ബന്ധമുണ്ടായിരുന്നു. സാമ്പത്തിക സഹായവും ലോജിസ്റ്റിക് പിന്തുണയും ഖത്തർ അൽഖാഇദക്ക് നൽകി. അൽഖാഇദ നേതാക്കൾക്ക് ഖത്തർ അഭയവും നൽകി. അറബ് രാജ്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളുമായും ഖത്തർ ആശയ വിനിമയം നടത്തിയിരുന്നു. ബഹ്‌റൈൻ ഗവൺമെന്റിനെ എതിർക്കുന്ന ആക്ടിവിസ്റ്റുകൾ പോലുള്ളവർക്ക് ഖത്തർ പിന്തുണ നൽകുന്നുണ്ട്. സിറിയയിൽ അൽനസ്‌റ ഫ്രന്റിനെയും യെമനിൽ ഹൂത്തികളെയും ഖത്തർ പിന്തുണച്ചു. ബഹ്‌റൈൻ, യെമൻ, ഉത്തരാഫ്രിക്കൻ രാജ്യങ്ങൾ എന്നീ രാജ്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളും സംഘടനകളുമായും ഖത്തർ ആശയ വിനിമയം നടത്തുന്നത് സൗദി അറേബ്യ കണ്ടെത്തിയിരുന്നു. 
സിറിയയിലെ സർക്കാർ വിരുദ്ധ ജനകീയ വിപ്ലവം മുതലെടുത്ത് ബശാർ അൽഅസദ് ഭരണകൂടത്തെ സഹായിക്കുകയെന്ന ന്യായീകരണം ഉയർത്തിയാണ് സിറിയയിൽ ഇറാൻ ഇടപെട്ടത്. ഇറാഖിൽ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിന് ഇറാഖിനെതിരായ അമേരിക്കൻ യുദ്ധം ഇറാൻ മുതലെടുത്തു. ഫ്രാൻസിൽ ഇറാൻ പ്രതിപക്ഷത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്ത തനിക്ക് ഇറാൻ വിദേശ മന്ത്രിയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. സൗദി അറേബ്യ ഇന്നു വരെ മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. 

 

Latest News