നെടുമ്പാശ്ശേരി- എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനം കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് ജൂലൈ ഒന്നിന് സര്‍വീസ് പുനരാരംഭിക്കും. നെടുമ്പാശ്ശേരിയില്‍നിന്ന് ദുബായിലേക്ക് ദിവസവും സര്‍വീസ് നടത്തിയിരുന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ഏതാനും ആഴ്ച്ച മുമ്പാണ് സര്‍വീസ് നിര്‍ത്തിയത്.
256 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനമാണ് എയര്‍ ഇന്ത്യ അപ്രതീക്ഷിതമായി പിന്‍വലിച്ചിരുന്നത്. പകരം 162 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എ 320 വിമാനമാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ദുബായ് റൂട്ടില്‍ ദിനംപ്രതി 94 സീറ്റിന്റെ കുറവാണ് ഉണ്ടായിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ പ്രവാസി സംഘടനകളുടെയും ശക്തമായ ഇടപെടലുകളെ തുടര്‍ന്നാണ് ഡ്രീംലൈനര്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ദല്‍ഹിയില്‍നിന്നെത്തി നെടുമ്പാശ്ശേരി വഴി ദുബായിലേക്ക് പോകുന്ന വിമാനം കേരളത്തിലേക്കുള്ള ഏക ഡ്രീംലൈനര്‍ സര്‍വീസായിരുന്നു. ഈ വിമാനം സര്‍വീസ് നിര്‍ത്തിയതോടെ ദുബായില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും വര്‍ധിച്ചിരുന്നു.