Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് ലോറിയും ബസും കൂട്ടിയിച്ച് റോഡിൽ കത്തിയമർന്നു

കൊല്ലം-  എം.സി.റോഡിൽ കൊട്ടാരക്കര വാളകം വയക്കലിൽ കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസും ടാർ മിക്‌സിംഗ് ലോറിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളും പൂർണ്ണമായി കത്തി നശിച്ചു. ബസ് ജീവനക്കാരും യാത്രക്കാരുമുൾപ്പെടെ ഇരുപതോളം പേർക്ക് പരിക്കേറ്റു. സാരമായി പൊള്ളലും പരിക്കും പറ്റിയ നാലു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതിൽ ബസ് െ്രെഡവർ പ്രകാശനും കണ്ടക്ടർ സജീവും ഉൾപ്പെടും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഒരാളെയും കൊട്ടാരക്കരയിലെയും വാളകത്തെയും സ്വകാര്യ ആശുപത്രികളിലായി പതിനഞ്ച് പേരെയുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് അപകടമുണ്ടായത്.കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് പോയ കിളിമാനൂർ ഡിപ്പോയിലെ ഫാസ്റ്റ്റ്റ് പാസഞ്ചർ ബസാണ് ടാർ മിക്‌സിംഗ് ലോറിയുമായി മുഖാമുഖം കൂട്ടിയിടിച്ചത്.

ഇടറോഡിൽ നിന്നും എം.സി.റോഡിൽ കയറി വരികയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൽ ടാർ മിക്‌സിംഗ് ലോറിയുടെ ഡീസൽ ടാങ്കു പൊട്ടിയതാണ് തീപിടുത്തത്തിനു കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ബസ് ജീവനക്കാരും ആദ്യം ഓടിയെത്തിയ നാട്ടുകാരും ചേർന്ന് യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കിയതു മൂലം വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ബസിൽ നിന്നും പുറത്തിറങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് അധികം പേർക്കും പരിക്ക് പറ്റിയത്.


വാഹനങ്ങളിൽ തീ ആളിപ്പടർന്നതോടെ ആർക്കും സമീപത്തേക്ക് അടുക്കാൻ കഴിഞ്ഞില്ല. കൊട്ടാരക്കരയിൽ നിന്നും കുണ്ടറയിൽ നിന്നും ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും വാഹനങ്ങൾ പൂർണ്ണമായി കത്തി നശിച്ചിരുന്നു. അപകടത്തെ തുടർന്ന് എം.സി.റോഡു വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
മന്ത്രിമാരായ കെ.രാജുവും ജെ. മേഴ്‌സിക്കുട്ടിയമ്മയും അപകടസ്ഥലം സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണമുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.  ഇതിനിടയിൽ പരിക്ക് പറ്റി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചവർക്ക് ചികിൽസ നിഷേധിച്ചതായും പരാതി ഉയർന്നു.

Latest News