Sorry, you need to enable JavaScript to visit this website.

മാസം കണ്ടിനിയോ,  ബിളി ബിളി കിട്ടിനിയ്യോ!

കെ. ഹംസക്കോയ ഫൈസി

കേരളക്കരയിൽ നിന്ന് 200 മുതൽ 400 വരെ കിലോമീറ്റർ പടിഞ്ഞാറ് അറബിക്കടലിൽ ചിന്നിച്ചിതറിക്കിടക്കുന്ന ലക്ഷദീപ് എന്ന പവിഴ ദ്വീപിലെ റമദാൻ വിശേഷങ്ങളും ഓർമകളും പങ്കുവെക്കുകയാണ് ലക്ഷദ്വീപ് ഹജ് കമ്മിറ്റി ചെയർമാൻ കെ. ഹംസക്കോയ ഫൈസി. മൂന്ന് വർഷത്തിലേറെയായി ഫൈസി ഹജ് കമ്മിറ്റി ചെയർമാനും അന്ത്രാത്ത് ദ്വീപിലെ പള്ളി ഖാദിയുമാണ്. ലക്ഷദ്വീപിൽ മുഴുവൻ മുസ്‌ലിംകളാണെങ്കിലും റമദാൻ നോമ്പും പെരുന്നാളും ആഘോഷിക്കാൻ ഓരോ ദ്വീപിലും മാസപ്പിറവി കാണണമെന്നാണ് ചട്ടം. അതു കൊണ്ട് തന്നെ പലപ്പോഴും പെരുന്നാളും നോമ്പും ആരംഭിക്കുന്നതിൽ ദ്വീപുകളിൽ ദിവസ വ്യത്യാസമുണ്ടാകും.
പത്ത് ദ്വീപുകളിലാണ് ജനവാസമുളളത്.കടമത്ത്, അമിനി ദ്വീപുകൾ പരസ്പരം കാണാനാകും. എന്നാലും 'കടമത്തിൽ മാസപ്പിറവി കണ്ടാൽ അമിനി ദ്വീപിൽ നോമ്പും പെരുന്നാളും ഉറപ്പിക്കില്ല. ഇതിനാൽ മാസപ്പിറവി ദൃശ്യമാകുന്നത് നോക്കി ഓരോ ദ്വീപിലേയും ജനങ്ങൾ കാത്തിരിക്കും. കടപ്പുറത്തേക്ക് കൂട്ടമായി പോകുന്ന കാഴ്ചയും രസകരമാണ്. കുട്ടികൾ മുതൽ വൃദ്ധർ വരെ ഇവരിൽ ഉൾപ്പെടും. കടലിലേക്ക് ചാഞ്ഞ് കിടക്കുന്ന തെങ്ങിൽ കയറിയാണ് ആകാശച്ചെരുവിൽ മാസപ്പിറവി ഉദയം ചെയ്തിട്ടുണ്ടോ എന്ന് വീക്ഷിക്കുക. മാസപ്പിറവി കണ്ടെന്ന് ബോധ്യമായാൽ മാസം കണ്ടിനിയോ...., ബിളി ബിളി കിട്ടിനിയ്യോ.... എന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് കുട്ടികളടക്കം ഓടും. വീടുകളിലെല്ലാം മാസപ്പിറവി ദർശിച്ചതിന്റെ വിവരം അറിയിക്കും.
    മുതിർന്നവരെപ്പോലെ കുട്ടികളും നോമ്പെടുക്കുന്നതിൽ മുടക്കമൊന്നും വരുത്തില്ല. ആദ്യകാലത്ത് അത്താഴത്തിന് വിശ്വാസികളെ വിളിച്ചുണർത്താൻ യുവാക്കളുടെ സംഘം തന്നെയുണ്ടായിരുന്നു. ഇവർ ചെണ്ട കൊട്ടി ശബ്ദമുണ്ടാക്കി വീട്ട് പരിസരങ്ങളിലൂടെ നടക്കും.
ഈ സംഘം അത്താഴ സമയം വരെ ഉറങ്ങാതെ കാത്തിരിക്കും. ഇന്ന് സമയം അറിയാൻ മാർഗങ്ങളേറെയുള്ളതിനാൽ ഇത്തരം സംഘങ്ങളില്ല. അത്താഴത്തിന് ചോറാണ് കൂടുതൽ പേരും കഴിക്കുന്നത്. ചായയും പലഹാരങ്ങളും കഴിക്കുന്നവരുമുണ്ട്. അഗത്തി ദ്വീപിൽ മധുരമുള്ള കഞ്ഞിയാണ് അത്താഴത്തിലെ പ്രധാന ഇനം. നോമ്പ് കാലത്ത് ക്ഷീണം ഇല്ലാതാക്കാനാണ് കഞ്ഞി ഉണ്ടാക്കി കഴിക്കുന്നത്.
  ദ്വീപിൽ നോമ്പ് തുറക്കുന്ന സമയത്ത് ഓരോരുത്തർക്കും ഇളനീർ നിർബന്ധമാണ്.അതിനാൽ പള്ളിയിലേക്ക് പോകുമ്പോൾ ഇളനീരുമായിട്ടാണ് ഓരോരുത്തരും പോവുക.ദ്വീപിൽ തെങ്ങ് കൂടുതലായുളളതിനാൽ ഇളനീരിന് ക്ഷാമവുമില്ല. കാരക്ക കൊണ്ട് നോമ്പ് തുറന്ന ഉടൻ ഇളനീർ വെള്ളം കുടിക്കുന്നത് ഇന്നും ശീലമാണ്. പഴയ കാലത്ത് ഇളനീർ പറിക്കാൻ ആളുകൾ മൽസരിക്കുമായിരുന്നു.
ഇന്ന് തേങ്ങയും,ഇളനീരും പറിക്കാൻ തൊഴിലാളികളെ ലഭിക്കാൻ പ്രയാസമാണ്.പഴവർഗങ്ങളുടെ ലഭ്യത താരതമ്യേന ദ്വീപിൽ കുറവാണ്. കൊച്ചിയിൽ നിന്നും മറ്റും എത്തിക്കണം. അടുത്ത കാലത്തായാണ് നോമ്പിന് പഴവർഗങ്ങൾ ഇവിടെ ലഭ്യമായി തുടങ്ങിയത്.
വീടുകളിൽ ഒറോട്ടി എന്ന വിഭവമാണ് തീന്മേശയിലെ പ്രധാന ഇനം. ഇതിലേക്ക് ബീഫ് നിർബ്ബന്ധമായും ഉണ്ടാകും.അല്ലെങ്കിൽ ചൂരക്കറി (സൂത മൽസ്യം). കേരളത്തിലെ മുസ്‌ലിം ജീവിത രീതിയും പാരമ്പര്യവും തന്നെയാണ് ദ്വീപുകളിൽ കാണുന്നത്. സുന്നി വിഭാഗക്കാരും ത്വരീഖത്തുകളിൽ വിശ്വസിക്കുന്നവരുമുണ്ട്. കൂടുതൽ പേരും സർക്കാർ ജോലികളിൽ പ്രവേശിക്കാനാണ് ശ്രമിക്കാറുളളത്. റമദാനിൽ രാത്രികാല വയള് (മതപ്രഭാഷണം) പരമ്പരകൾ ഇന്നും ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. സ്ത്രീകൾക്ക് പ്രത്യേക സ്ഥലം തന്നെ പ്രഭാഷണം ശ്രവിക്കാനായി ഒരുക്കിയിട്ടുണ്ടാവും. 
കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരെല്ലാം ഇവിടെ പ്രഭാഷണം നടത്താനെത്താറുണ്ട്. റമദാൻ ഒന്നു മുതൽ ആരംഭിക്കുന്ന മതപ്രഭാഷണ പരമ്പരകൾ റമദാൻ ഇരുപത്തേഴോടെ സമാപിക്കും.    
റമദാനിൽ പുതിയാപ്ല സൽക്കാരങ്ങളും സജീവമാണ്. പുതിയാപ്ലയെ ആദ്യ പത്തിൽ തന്നെ സൽക്കരിക്കാനാണ് അമ്മായി അമ്മമാർ ശ്രമിക്കുക. പുതിയാപ്ലയോടൊപ്പം ഇന്നും വലിയ പരിവാരങ്ങളും നോമ്പ് സൽക്കാരത്തിനെത്തും. ചെലവ് ഏറിയതോടെ സൽക്കാരത്തിലെ ആർഭാടം കുറച്ചിട്ടുണ്ട്. വിപുലമായ രീതിയിലുള്ള നോമ്പ് സൽക്കാരങ്ങളും ദ്വീപുകളിൽ വളരെ കുറവാണ്.

(ലക്ഷദ്വീപ് ഹജ് കമ്മിറ്റി ചെയർമാനാണ് കെ. ഹംസക്കോയ ഫൈസി)
 

Latest News