Sorry, you need to enable JavaScript to visit this website.

വളർച്ചാ നിരക്കിന്റെ കള്ളക്കണക്ക് പറയുന്നത്

ഊതിപ്പെരുപ്പിച്ചതാണ് ഇന്ത്യയുടെ വളർച്ചാനിരക്കെന്ന വെളിപ്പെടുത്തൽ ഒരസാധാരണ സ്ഥിതിവിശേഷത്തിനു മുമ്പിലാണ് രാജ്യത്തെ നിർത്തുന്നത്. അതിവേഗം വളരുന്ന സാമ്പത്തികാവസ്ഥയാണ് നമ്മുടേതെന്ന ഔദ്യോഗിക കണക്കിന്റെ അടിയാണ് വലിച്ചു പൊളിച്ചിരിക്കുന്നത്.
വളർച്ചാനിരക്ക് 7 ശതമാനത്തിനു പകരം 4.5 ശതമാനം മാത്രമാണെന്നും 2.5 ശതമാനം കണക്കിൽ വെള്ളം ചേർത്തിയതാണെന്നുമാണ് വെളിപ്പെടുത്തുന്നത്.  അതാകട്ടെ, മോഡി ഗവണ്മെന്റിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ തന്റെ ഗവേഷണ പ്രബന്ധത്തിലൂടെ. 
വളർച്ചാനിരക്ക് കണക്കാക്കുന്നതിന്റെ സാങ്കേതികത്വം സംബന്ധിച്ച വിശദാംശങ്ങൾ മാറ്റിവെച്ചാൽ തന്നെ സാമ്പത്തികവും വികസനപരവും അതിലേറെ രാഷ്ട്രീയവുമായ വലിയ പ്രത്യാഘാതങ്ങൾ ഈ പ്രശ്‌നത്തിലുണ്ട്.  പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ അരവിന്ദ് സുബ്രഹ്മണ്യം ഹാർവാഡ് സർവകലാശാലയിൽ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ജി.ഡി.പി സംബന്ധിച്ച ഗവേഷണ പ്രബന്ധത്തിന്. സുബ്രഹ്മണ്യം ചൂണ്ടിക്കാണിക്കുന്നതുപോലെ രാജ്യത്തിന്റെ കൊട്ടിഘോഷിച്ച വളർച്ച പുനഃസ്ഥാപിക്കപ്പെടേണ്ടത് ഈ ഗവണ്മെന്റിന്റെ അടിയന്തര ഉത്തരവാദിത്തമായി മാറുന്നു.  ഇല്ലെങ്കിൽ അടിത്തറയില്ലാതെ ആകാശത്ത് ഉയർത്തുന്ന വികസനമായിരിക്കും ഇന്ത്യയുടേത്. സ്ഥിതിവിവര കണക്കിന്റെ വിശ്വാസ്യത തന്നെ അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുബ്രഹ്മണ്യം ആവശ്യപ്പെടുന്നു. പദ്ധതി ആസൂത്രണവും നടപ്പാക്കലും കേന്ദ്ര പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാന പദ്ധതികളും വിശ്വസനീയമായി പുനരാസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.
രാജ്യത്തിനകത്തും ലോകത്തിനു മുമ്പിലും ചരിത്രത്തിലില്ലാത്ത വലിയൊരു വിശ്വാസ പ്രതിസന്ധിയാണ് ഭരണത്തിന്റെ രണ്ടാമൂഴത്തിലേക്കു കടക്കുന്ന മോഡി ഗവണ്മെന്റ് നേരിടുന്നത്. രാഷ്ട്രീയമായി മോഡിയേയോ ബി.ജെ.പിയേയോ എതിർക്കുന്നവരോ പ്രതിപക്ഷമോ ഉന്നയിച്ച ആരോപണമല്ല ഇന്ത്യയുടെ വളർച്ചാനിരക്കിന്റെ കണക്കിലെ മായം സംബന്ധിച്ച് വെളിപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രി മോഡി തന്നെ ഈ മാസം വരെ കാലാവധി നൽകിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യം. സ്ഥിതിവിവരക്കണക്കുകളിൽ മായം ചേർക്കുന്നതിനോട് പരസ്യമായി വിയോജിച്ച് കഴിഞ്ഞ ജൂണിൽ രാജിവെച്ച് ഒഴിയുകയായിരുന്നു അദ്ദേഹം. അതിനു ശേഷം സവിശേഷമായി പഠിച്ച് നടത്തിയ വിലയിരുത്തലിലാണ് ഈ വെളിപ്പെടുത്തൽ.   
വിഷയത്തിന്റെ രാഷ്ട്രീയ വശത്തിലേക്കു കടക്കാതെ തികച്ചും അക്കാദമികമായി നടത്തിയ പഠനത്തിലാണ് ഇന്ത്യ ചൈനയേക്കാൾ മുമ്പിൽ വളരുന്നു എന്ന മായക്കാഴ്ച തുറന്നുകാട്ടിയത്. ലോക ബാങ്കും ഐ.എം.എഫും മോഡിയുടെ ഭരണത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുന്നേറുന്നുവെന്ന് പിന്തുണയ്ക്കുന്നതിനിടയിൽ. നിർണായക പൊതു തെരഞ്ഞെടുപ്പിനു ശേഷം മാത്രമാണ് പ്രബന്ധത്തിലൂടെ അരവിന്ദ് വളർച്ചാനിരക്കിലെ ഈ അതിമതിപ്പ് വെളിപ്പെടുത്തിയത്.  


വ്യാവസായികോൽപാദനം, കയറ്റുമതി തുടങ്ങി 17 നിർണായക സാമ്പത്തിക വളർച്ചാ സൂചികകൾ പരിശോധിച്ചാണ് ഔദ്യോഗിക വളർച്ചാനിരക്ക് തെറ്റാണെന്നും പെരുപ്പിച്ചു കൂട്ടിയതാണെന്നും വ്യക്തമാക്കുന്നത്.  വളർച്ചാനിരക്ക് കണ്ടെത്താനുള്ള സങ്കീർണ സാങ്കേതിക രീതിയിൽ മാറ്റം വരുത്തിയതാണെന്ന സ്ഥിതിവിവരണ കണക്ക് സംബന്ധിച്ച ബ്യൂറോയുടെ വിശദീകരണവും സുബ്രഹ്മണ്യം ചോദ്യം ചെയ്തു.  വളർച്ചാനിരക്കു കണ്ടെത്താൻ പുതുതായി സ്വീകരിച്ച കണക്കു നിർണയ സമ്പ്രദായം ഒരു പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. വാല്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു  ആദ്യത്തെ വളർച്ചാനിരക്കു നിർണയം. അത് വിലയുടെ അടിസ്ഥാനത്തിലേക്ക് മാറ്റിയതോടെയാണ് മായക്കൂട്ട് സാധ്യമായത്.
സർക്കാരിന്റെ ഔദ്യോഗിക അവകാശവാദങ്ങളും വളർച്ച സംബന്ധിച്ച ജനങ്ങളുടെ അനുഭവങ്ങളും തമ്മിലുള്ള വൻ അന്തരം ജനങ്ങൾക്കു ബോധ്യപ്പെട്ടതാണ്.  വിവിധ ഉൽപാദന മേഖലകളിൽ ജനങ്ങൾ കൂടുതൽ കൂടുതൽ സമര രംഗത്തിറങ്ങുമ്പോൾ പ്രത്യേകിച്ചും.  പക്ഷേ, വളർച്ചാനിരക്കിന്റെയും അതു സൃഷ്ടിച്ച ഭരണ നേട്ടത്തിന്റെയും അതിശക്തമായ പ്രചാരണ കൊടുങ്കാറ്റിൽ മോഡി വീണ്ടും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുന്നതിൽ വിജയിച്ചു. പ്രതിപക്ഷത്തിനാകട്ടെ, ഇതൊന്നും ഫലപ്രദമായ രീതിയിൽ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാനും കഴിഞ്ഞില്ല. മോഡിയുടെ തിരിച്ചുവരവിനു പിറകെയാണ് രാജ്യം തന്നെ  വഞ്ചിക്കപ്പെട്ടിരിക്കയാണെന്ന വസ്തുത അരവിന്ദ് സുബ്രഹ്മണ്യം വെളിപ്പെടുത്തിയത്.  
2014 ൽ മോഡി ഭരണം തുടങ്ങിയതു തന്നെ സർക്കാരിൽനിന്നു സ്വതന്ത്രമായി വേറിട്ടു പ്രവർത്തിച്ചിരുന്ന ആസൂത്രണ കമ്മീഷൻ ഒരു പ്രസംഗത്തിനിടയിൽ പിരിച്ചുവിട്ടുകൊണ്ടാണ്.  തുടർന്നു രൂപീകരിച്ച നീതി ആയോഗ് നിലവിലുണ്ടായിരുന്ന റിസർവ് ബാങ്ക്, ധനമന്ത്രാലയം തുടങ്ങി സാമ്പത്തിക ഭരണത്തിന്റെ എല്ലാ നാഡീവ്യൂഹങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിനുള്ളിൽ (പി.എം.ഒ) കേന്ദ്രീകരിച്ചുകൊണ്ടാണ്. എല്ലാ മന്ത്രാലയങ്ങളും സ്ഥിതിവിവര ഡിപ്പാർട്ടുമെന്റ് അടക്കമുള്ള സംവിധാനങ്ങളുമെല്ലാം പി.എം.ഒയുടെ മൂക്കുകയർ നിയന്ത്രണത്തിലാക്കിയാണ്.  ഭരണഘടനയനുസരിച്ചുള്ള പാർലമെന്ററി ഭരണ സംവിധാനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് ഒരു വ്യക്തിയിൽ എല്ലാ തീരുമാനങ്ങളും കേന്ദ്രീകരിക്കുന്ന പ്രസിഡൻഷ്യൽ ഭരണ രീതിയാണ് ഇപ്പോൾ പ്രയോഗിക്കുന്നത്. 
അതിന്റെ ഫലം ഭരണഘടനാനുസൃത സ്ഥാപനങ്ങളെല്ലാം കീഴ്‌വഴക്കം തകർത്ത് പ്രധാനമന്ത്രി എന്ന ഒരു വ്യക്തിയാൽ നയിക്കപ്പെടുന്നു എന്നതാണ്.  രാജ്യത്തിന്റെ സുരക്ഷ എന്റെ കർത്തവ്യമെന്ന് ആ വ്യക്തി ഏറ്റെടുക്കുന്നതോടെ പ്രധാനമന്ത്രിയോടു മാത്രം വിധേയത്വമുള്ള പ്രതിരോധ മന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും സർക്കാരിനകത്തെ സർക്കാരിനെ നയിക്കുന്നു.  ഇതായിരുന്നു ഒന്നാം മോഡി ഗവണ്മെന്റ് നടപ്പിലാക്കിയ ശൈലിയെങ്കിൽ രണ്ടാം ഗവണ്മെന്റ് അതിന്റെ പ്രവർത്തന അജണ്ട നടപ്പാക്കാൻ പാർട്ടി അധ്യക്ഷനെക്കൂടി ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ഭരണ നേതൃത്വത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ജനാധിപത്യത്തിനകത്ത് ഇത്തരമൊരു ഏകാധിപത്യ വാഴ്ചയാണ് രണ്ടാം മോഡി ഗവണ്മെന്റിനെ നിയന്ത്രിക്കുന്നത്. സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ സർക്കാർ നയങ്ങളും പി.എം.ഒയിൽനിന്ന് രൂപപ്പെടുകയും നടപ്പാലാക്കപ്പെടുകയും ചെയ്യുന്നു. പാർലമെന്റ് പ്രധാനമന്ത്രിയുടെ പ്രകടനപരതയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ഒരു അരങ്ങ് മാത്രമാണ്.  
അമേരിക്കയിൽ ട്രംപ് എന്ന പോലെ ഇന്ത്യയിൽ മോഡിയും ജനാധിപത്യത്തിലെ പുതിയ കാല പ്രതിഭാസമായ സർവാധിപതിയാണ്. പറയുന്നതും ചെയ്യുന്നതും വസ്തുതയും സത്യവുമായി പുലബന്ധം പോലും ഇല്ലാത്ത കാര്യങ്ങൾ. നോട്ടു റദ്ദാക്കൽ തൊട്ട് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങൾ വരെ അടിസ്ഥാനമില്ലാത്തവയും വ്യാജവുമായിരുന്നു. അതെത്ര മാത്രം അവിശ്വസനീയവും ആപൽക്കരവുമായി മാറിയിട്ടുണ്ടെന്നതാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ അവിശ്വസനീയമെന്നു തോന്നാവുന്ന വെളിപ്പെടുത്തൽ.  
അമേരിക്കയിൽ പക്ഷേ പ്രസിഡന്റ് ട്രംപിന്റെ ഓരോ പ്രസ്താവനയും തീരുമാനങ്ങളും സൂക്ഷ്മദർശിനിയിലെന്നോണം നിരീക്ഷിച്ചു തുറന്നുകാട്ടാൻ അവിടെ മാധ്യമങ്ങൾ ജാഗരൂകരാണ്. തങ്ങളുടെ പ്രസിഡന്റ് നുണയാണ് പറയുന്നതെന്നതിന്റെ കണക്കുകൾ ഓരോ ദിവസവും അവർ പ്രസിദ്ധീകരിക്കുന്നു. തൊഴിലിന്റെ, കുടിയേറ്റത്തിന്റെ, വിദേശ നയത്തിന്റെ കാര്യത്തിലെല്ലാമുള്ള ട്രംപിന്റെ നുണകൾ പച്ചയോടെ വെളിപ്പെടുത്തുന്നു. ഈയിടെ പ്രസിദ്ധീകരിച്ച ട്രംപ് നുണകളെ സംബന്ധിച്ച് 448 പുറങ്ങളുള്ള മുള്ളർ റിപ്പോർട്ട് ലോക ചരിത്രത്തിലെ തന്നെ അത്ഭുത കൃത്യമാണ്. 
ജനാധിപത്യത്തിന്റെ പേരിൽ, രാജ്യ സുരക്ഷയുടെ പേരിൽ വാ തോരാതെ സംസാരിക്കുന്ന മോഡിയെ ട്രംപിനെയെന്ന പോലെ തുറന്നു കാട്ടാൻ ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങൾക്ക് സാധ്യമല്ല. അവരുടെ ഉടമകൾ കോർപറേറ്റുകളാണെന്നതു തന്നെ. അമേരിക്കക്കും മറ്റു സാമ്രാജ്യത്വ രാജ്യങ്ങൾക്കുമൊപ്പം ഇന്ത്യയെക്കൂടി മോഡി ചേർത്തുനിർത്തിയിരിക്കുന്നു.  ഇന്ത്യയുടെ പ്രഖ്യാപിത വിദേശ നയവും ഭരണഘടനയോടും ജനങ്ങളോടുമുള്ള ബാധ്യതയും മറന്നുകൊണ്ടാണ് പുതിയ ഗവണ്മെന്റ് മുന്നോട്ടു പോകുന്നത്. കോർപറേറ്റുകൾക്കും ചങ്ങാത്ത മുതലാളിത്തത്തിനും രാജ്യത്തിന്റെ സാമ്പത്തിക - ഭരണ മേഖലയിൽ യഥേഷ്ടം മേഞ്ഞുനടക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നു. 
തിരുവനന്തപുരം വിമാനത്താവളമടക്കം അഞ്ച്  എ.എ വൺ വിമാനത്താവളങ്ങൾ അദാനിക്ക്  നൽകുന്നത്  ചെറിയൊരു ഉദാഹരണം.  പൊതുമേഖലാ സ്ഥാപനങ്ങൾ മൊത്തം വിറ്റുതീർക്കാൻ പോകുന്നു. രണ്ടാം മോഡി ഗവണ്മെന്റിന്റെ പ്രധാന സാമ്പത്തിക - രാഷ്ട്രീയ അജണ്ട സ്വകാര്യ മേഖലയെ രാജ്യഭാരം തന്നെ ഏൽപിക്കുകയാണ്. ഇനിയും വരാനിരിക്കുന്ന ഭരണ മാറ്റത്തിന്റെ ഭാഗമായി വേണം വളർച്ചാനിരക്കിലെ ഞെട്ടിക്കുന്ന ഈ കള്ളക്കണക്കെന്നു കണ്ടാൽ മതി.  

Latest News