എ.കെ. ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാൽ കേരളത്തിലെ കോൺഗ്രസുകാർക്ക് ആവേശം തനിയെ വരുമെന്നാണ് പറയാറുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തോടെ സംശുദ്ധ രാഷ്ട്രീയ പ്രതിഛായയുള്ള എ.കെ. ആന്റണിക്കെതിരെ കോൺഗ്രസിൽ കലാപമാണ്. കോൺഗ്രസിലെ തലമുതിർന്ന നേതാക്കളുടെ പ്രതിനിധിയായി യുവ നേതൃത്വത്തിന് മുന്നിൽ വഴിയടച്ചതും വിജയ സാധ്യതകൾ തകർത്തതുമാണ് ആന്റണിക്ക് വിനയാകുന്നത്.
രാഹുൽ ഗാന്ധി താൽപര്യപ്പെട്ടിട്ടും ഷീല ദീക്ഷിതുമായി ചേർന്ന് ദൽഹിയിൽ ആം ആദ്മി സഖ്യം തകർത്തത് ആന്റണിയുടെ നീക്കങ്ങളായിരുന്നു. ആം ആദ്മി പാർട്ടിയുമായി സഖ്യം വേണമെന്നാണ് ദൽഹിയുടെ ചുമതലയുണ്ടായിരുന്ന പി.സി. ചാക്കോ നിലപാടെടുത്തിരുന്നത്. എന്നാൽ ആന്റണി ഇതിന് എതിരായിരുന്നു.
കെജ്‌രിവാളിൽ നിന്നേറ്റ പരാജയത്തിന്റെ പക മനസ്സിൽ സൂക്ഷിക്കുന്ന ഷീല ദീക്ഷിതാണ് ആന്റണിയെ കൂട്ടുപിടിച്ച് സഖ്യം തകർത്തത്. ഷീലാ ദീക്ഷിതിന് പകരക്കാരനായെത്തിയ അജയ് മാക്കനും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ദൽഹിയിൽ ആം ആദ്മി സഖ്യം വേണമെന്ന നിലപാടിലായിരുന്നു.
ദൽഹിയിലും ഹരിയാനയിലും ആം ആദ്മിയുമായി സഖ്യം ചേർന്നാൽ നേട്ടമുണ്ടാക്കാമെന്ന പി.സി ചാക്കോയുടെ നിർദേശത്തെ ഷീല ദീക്ഷിത് വെട്ടിയത് എ.കെ. ആന്റണിയെ മുൻനിർത്തിയാണ്. ദൽഹിയിൽ തനിച്ചു മത്സരിച്ചാൽ നേട്ടമുണ്ടാകുമെന്നായിരുന്നു ആന്റണിയുടെ ഉപദേശം.
ഈ ഉപദേശം കേട്ട കോൺഗ്രസിന് ദൽഹിയിൽ ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല. ബി.ജെ.പി ഏഴു സീറ്റും വിജയിച്ചപ്പോൾ ആം ആദ്മിയും സംപൂജ്യ പരാജയമായിരുന്നു. കോൺഗ്രസ് ആം ആദ്മിയുമായി സഖ്യമായിരുന്നെങ്കിൽ പകുതി സീറ്റുകളിലെങ്കിലും ജയിക്കാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതായത്.
ഹിന്ദി ഹൃദയ ഭൂമിയായ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് നേരിട്ട ദയനീയ പരാജയത്തിലും ആന്റണിയെയാണ് കോൺഗ്രസിലെ യുവതുർക്കികൾ കുറ്റപ്പെടുത്തുന്നത്. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെയും രാജസ്ഥാനിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച പി.സി.സി പ്രസിഡന്റ് സചിൻ പൈലറ്റിനെയും മുഖ്യമന്ത്രിമാരാക്കണമെന്നതായിരുന്നു പൊതു വികാരം. എന്നാൽ തല മുതിർന്ന നേതാക്കളായ കമൽനാഥിനെ മധ്യപ്രദേശിലും അശോക് ഗെഹ്‌ലോട്ടിനെ രാജസ്ഥാനിലും മുഖ്യമന്ത്രിമാരാക്കണമെന്ന ഉപദേശമാണ് ആന്റണി രാഹുൽഗാന്ധിക്കു നൽകിയത്. ഇതിനു പുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കമൽനാഥിന്റെയും അശോക് ഗെഹ്‌ലോട്ടിന്റെയും പി. ചിദംബരത്തിന്റെയും മക്കൾക്ക് സീറ്റുറപ്പിക്കുന്നതിലും എ.കെ ആന്റണിയുടെ ഇടപെടലുണ്ടായി.
കമൽനാഥിന്റെ മകൻ നകുൽനാഥ് മാത്രമാണ് കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിൽ നിന്നും വിജയിച്ചത്. 29 സീറ്റിൽ 28 ഇടത്തും കോൺഗ്രസ് പരാജയപ്പെട്ടു. രാജസ്ഥാനിൽ കോൺഗ്രസിനെ തകർത്ത് മുഴുവൻ സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. അശോക് ഗെഹ്‌ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്‌ലോട്ട് ജോധ്പൂർ മണ്ഡലത്തിലാണ് പരാജയപ്പെട്ടത്. കോൺഗ്രസിന്റെ കുത്തക മണ്ഡലമായ ജോധ്പൂരിൽ 3 ലക്ഷത്തോളം വോട്ടുകൾക്കാണ് വൈഭവ് പരാജയപ്പെട്ടത്. രാജസ്ഥാനിൽ 25 സീറ്റിലും ബി.ജെ.പി മിന്നുന്ന വിജയമാണ് നേടിയത്.
ആന്ധ്രയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡിയുമായി സഖ്യ ചർച്ച നടത്തി ഏതാനും സീറ്റുകൾ ഉറപ്പിച്ചിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി അറിയാതെ ചന്ദ്രബാബു നായിഡുവുമായി ഹൈക്കമാന്റ് ധാരണയിലെത്തുകയായിരുന്നു. ഇതിന് പിന്നിലും ആന്റണിയായിരുന്നു. ഇതോടെയാണ് ജഗൻ കോൺഗ്രസ് സഖ്യത്തിൽ നിന്നും പിൻമാറിയത്. ആന്ധ്രയിൽ ഒരു സീറ്റും നേടാനാവാത്ത സമ്പൂർണ പരാജയമായാണ് കോൺഗ്രസിപ്പോൾ മാറിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ മുഖവിലയ്‌ക്കെടുത്തിരുന്നുവെങ്കിൽ ആന്ധ്രയിലെങ്കിലും കോൺഗ്രസിന് നേട്ടം ഉണ്ടാക്കാൻ കഴിയുമായിരുന്നു.
മോഡിക്കെതിരെ റഫാൽ അഴിമതി ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉയർത്തിയ ചൗക്കീദാർ ചോർ ഹെ എന്ന മുദ്രാവാക്യം ഏറ്റെടുക്കാനോ മോഡിക്കെതിരെ ആക്രമണം കടുപ്പിക്കാനോ മുൻ പ്രതിരോധ മന്ത്രി കൂടിയായിരുന്ന എ.കെ ആന്റണി തയാറായിരുന്നില്ല.
ആരുടെയും കാലു പിടിക്കാതെ രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാമായിരുന്ന സാഹചര്യമാണ് ആന്റണി തുലച്ചത്. ബംഗാളിൽ മമത ബാനർജിയുമായി കോൺഗ്രസ് നടത്തിയ സഖ്യ ചർച്ചയിൽ 11 സീറ്റ് വരെ നൽകാൻ മമത തയാറായിരുന്നു. എന്നാൽ ആന്റണി അടക്കമുള്ളവരുടെ ഇടപെടലിൽ സി.പി.എമ്മുമായി ധാരണക്കാണ് ശ്രമിച്ചിരുന്നത്. സി.പി.എം സഖ്യമാവട്ടെ നടപ്പായതുമില്ല. ഇതോടെ ബംഗാളിലും കോൺഗ്രസ് തകർച്ച പൂർണമായി.
കോൺഗ്രസിന്റെ പരാജയം വിലയിരുത്താൻ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ 'എന്റെ സഹോദരൻ കോൺഗ്രസിനു വേണ്ടി രാജ്യം മുഴുവൻ ഓടി നടക്കുമ്പോൾ നിങ്ങളൊക്കെ എവിടെയായിരുന്നെന്ന് 'കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചത് എ.കെ. ആന്റണി അടക്കമുള്ളവരുടെ മുഖത്തുനോക്കിയാണ്.
മുതിർന്ന നേതാക്കൾ പാർട്ടിയെ വിജയിപ്പിക്കാനല്ല ചിലരുടെ മക്കൾക്ക് സീറ്റുറപ്പിക്കാനാണ് ശ്രമിച്ചതെന്ന് തുറന്നടിച്ച രാഹുൽ ഗാന്ധി ലക്ഷ്യമിട്ടതും ആന്റണിയടക്കമുള്ളവരെയാണ്. എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെക്കുകയാണെന്ന് രാഹുൽ അറിയിച്ചപ്പോഴും എ.കെ ആന്റണിയടക്കമുള്ള നേതാക്കൾക്ക് വാക്കുകളുണ്ടായിരുന്നില്ല.
2014 ൽ പ്രണബ് മുഖർജിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നപ്പോൾ പ്രണബിനെ പാരവെച്ച് മൻമോഹനെ പ്രധാനമന്ത്രിയാക്കിയതിനു പിന്നിലും എ.കെ ആന്റണി അടക്കമുള്ളവരുടെ ഇടപെടലായിരുന്നു. ഇന്ദിരക്കും രാജീവിനുമൊപ്പം പ്രവർത്തിച്ച ക്രൈസിസ് മാനേജർ പ്രണബ് മുഖർജിയെ രാഷ്ട്രപതിയാക്കി ഭീഷണി ഒഴിവാക്കിയതിലും ആന്റണിയുടെ ഇടപെടലാണ് നിർണായകമായിരുന്നത്.
2004 ൽ കേരളത്തിൽ കോൺഗ്രസ് മുഴുവൻ സീറ്റിലും പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ആന്റണി ദേശീയ രാഷ്ട്രീയത്തിലേക്കു പോയത്. സോണിയയുടെ വിശ്വസ്തനായി യു.പി.എ സർക്കാരിൽ പ്രതിരോധ മന്ത്രിയായി രണ്ടാമനാകാനും ആന്റണിക്ക് കഴിഞ്ഞു. ആദർശ രാഷ്ട്രീയക്കാരൻ എന്ന പ്രതിഛായയുള്ള ആന്റണി ബി.ജെ.പിയെയും നരേന്ദ്ര മോഡിയെയും കടന്നാക്രമിക്കാൻ പക്ഷേ ഒരിക്കലും ശ്രമിച്ചിരുന്നില്ല. എതിർരാഷ്ട്രീയക്കാരിലും സമ്മതൻ എന്ന പ്രതിഛായയാണ് ആന്റണി ദൽഹിയിൽ സ്വന്തമാക്കിയത്.
കോൺഗ്രസിന് ഭൂരിപക്ഷമില്ലാത്ത തൂക്കുപാർലമെന്റുണ്ടായാൽ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ പ്രധാനമന്ത്രി സ്ഥാനത്തേക്കും ഉയർന്നുകേട്ട പേരുകളിലൊന്ന് ആന്റണിയുടേതായിരുന്നു. കെ. കരുണാകരനെതിരെ ഗ്രൂപ്പ് യുദ്ധം നയിച്ച് കരുണാകരന്റെ മക്കൾ രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്ത ആന്റണിയുടെ മുഖംമൂടിയും ഇപ്പോൾ അഴിഞ്ഞു വിണിട്ടുണ്ട്.
മകൻ അനിൽ ആന്റണിയെ കേരളത്തിലെ കോൺഗ്രസിന്റെ ഐ.ടി ചുമതലയിലാണ് അദ്ദേഹമിപ്പോൾ അവരോധിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മകന് സീറ്റുറപ്പിക്കാനുള്ള ആന്റണിയുടെ നീക്കമായും ഇതിനെ കോൺഗ്രസ് നേതാക്കൾ കാണുന്നുണ്ട്. ആന്റണിയുടെ വിശ്വസ്തനായ മുല്ലപ്പള്ളി രാമചന്ദ്രനാണ് അനിൽ ആന്റണിയുടെ ഗോഡ്ഫാദർ.
ആന്റണിയുടെ ഈ അവസരവാദ രാഷ്ട്രീയത്തിനെതിരെ വലിയ പ്രതിഷേധമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. കേരളത്തിലെ യുവതുർക്കികൾക്ക് മാത്രമല്ല ഉത്തരേന്ത്യയിലെ യുവ തുർക്കികൾക്കും ഇപ്പോൾ ആന്റണി അവരുടെ കണ്ണിലെ കരടാണ്. തോൽവിയുടെ പശ്ചാത്തലത്തിൽ രോഷത്തിൽ നിൽക്കുന്ന രാഹുൽ ഗാന്ധിയും ആന്റണിയെ ഇനി കൈവിടാനാണ് സാധ്യത. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രബലർ പിടിമുറക്കിയതിനാൽ കേരളത്തിലും ഒരു സാധ്യത ഇല്ലാതായിരിക്കുകയാണ് ആന്റണിക്ക്.