അരിസോണ - അമേരിക്കയിലെ അരിസോണ മരുഭൂമിയിൽ, അമ്മ വെള്ളമന്വേഷിച്ചു പോയതിനു പിന്നാലെ 6 വയസ്സുകാരി മകൾ ദാഹിച്ചു വലഞ്ഞു മരിച്ചു. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റ സംഘത്തിലുണ്ടായിരുന്ന ഗുർപ്രീത് കൗർ എന്ന കുട്ടിയാണ് മരിച്ചത്. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്ന മെക്സിക്കൻ അതിർത്തിയിലായിരുന്നു അഞ്ചംഗ സംഘം.
ഉഷ്ണക്കാറ്റിൽ വെന്തുരുകുന്ന അരിസോണയിൽ, 42 ഡിഗ്രി സെൽഷ്യസ് ആണ് താപനില. യു.എസിലേക്ക് അനധികൃതമായി കടത്താൻ സഹായിക്കുന്നവരുടെ കൂടെയായിരുന്നു ഗുർപ്രീതും അമ്മയും. അരിസോണയിലെ ഒറ്റപ്പെട്ട ഭാഗത്ത് നിന്ന് അടുത്തുള്ള പട്ടണത്തിലേക്ക് 50 കിലോമീറ്ററിലേറെ ദൂരമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീയുടെ പക്കൽ കുട്ടിയെ ഏൽപിച്ച ശേഷം വെള്ളമന്വേഷിച്ചിറങ്ങിയതായിരുന്നു ഗുർപ്രീതിന്റെ അമ്മ.
അനധികൃത കുടിയേറ്റം തടയുന്ന യു.എസ് ബോർഡർ പട്രോൾ ആണ് കുട്ടിയുടെ മൃതദേഹം മരുഭൂമിയുടെ ഉൾഭാഗത്തായി കണ്ടെത്തിയത്.22 മണിക്കൂറുകൾക്ക് ശേഷമാണ് വെള്ളമന്വേഷിച്ചു പോയ അമ്മയെ ബോർഡർ പെട്രോൾ കണ്ടെത്തുന്നത്.
ആയിരക്കണക്കിന് പേരാണ് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ദിവസേന മെക്സിക്കൻ അതിർത്തിയിലെത്തുന്നത്. അനധികൃത കുടിയേറ്റത്തിനിടെ ഈ വർഷം അരിസോണ മരുഭൂമിയിൽ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ഗുർപ്രീത്.