പയ്യന്നൂര്‍- വിവിധ മതക്കാരായ ചുമട്ടുതൊഴിലാളികള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനും ഇഫ്താറില്‍ പങ്കെടുക്കാനും അവസരമൊരുക്കി പയ്യന്നൂരിലെ മസ്ജിദുറഹ്്മ ഭാരവാഹികള്‍ വേറിട്ട അനുഭവം സൃഷ്ടിച്ചു.
പയ്യന്നൂരിലെ 80 -ലേറെ ചുമട്ടുതൊഴിലാളികള്‍ക്ക് ജമാഅത്തെ ഇസ്്‌ലാമി പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്. നിര്‍ഭയത്വത്തിന്റേയും ശാന്തിയുടേയും കേന്ദ്രങ്ങളാണ് പള്ളികളെന്നും പാരസ്പര്യത്തിന്റെ പുതുവസന്തം സൃഷ്ടിക്കുന്നതാണ് ഇത്തരം സംഗമങ്ങളെന്നും റമദാന്‍ സന്ദേശം നല്‍കിയ ജമാല്‍ കടന്നപ്പള്ളി പറഞ്ഞു. ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. എം.പ്രദീപ് കുമാര്‍, ബാലന്‍ പാടിച്ചാല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ടി.കെ. മുഹമ്മദ് റഫീഖ് സ്വാഗതവും ശിഹാബ് അരവഞ്ചാല്‍ നന്ദിയും പറഞ്ഞു.
ആദ്യമായാണ് പള്ളിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിച്ചതെന്ന് ഇഫ്താറില്‍ പങ്കെടുത്ത മറ്റു മതക്കാരായ ചുമട്ടുതൊഴിലാളികള്‍ പറഞ്ഞു. മനുഷ്യരെ അകറ്റാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം കൂട്ടായ്മകള്‍ വര്‍ധിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
ജമാല്‍ കടന്നപ്പള്ളി റമദാന്‍ സന്ദേശം നല്‍കുന്നു.