Sorry, you need to enable JavaScript to visit this website.

കണക്കു ചോദിക്കുമെന്ന് രക്ഷാസമിതിയെ സൗദി അറേബ്യ അറിയിച്ചു 

അബ്ദുല്ല അൽമുഅല്ലിമി

ന്യൂയോർക്ക് - ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ അബഹ അന്താരാഷ്ട്ര എയർപോർട്ടിനു നേരെ നടത്തിയതു പോലുള്ള ഭീകരാക്രമണങ്ങൾ തടയുന്നതിന് സൗദി അറേബ്യയും സഖ്യസേനയും തക്കതായ നടപടികൾ സ്വീകരിക്കുമെന്ന് യു.എൻ രക്ഷാ സമിതിക്ക് നൽകിയ കത്തിൽ സൗദി അറേബ്യ വ്യക്തമാക്കി. ആക്രമണത്തിന്റെ ആസൂത്രണത്തിലും നടപ്പാക്കിയതിലും പങ്കുള്ളവരോട് കണക്കു ചോദിക്കുമെന്ന് കത്തിൽ പറഞ്ഞു. 
യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുല്ല അൽമുഅല്ലിമിയാണ് രക്ഷാ സമിതിക്ക് കത്ത് കൈമാറിയത്. ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ മിസൈൽ ഉപയോഗിച്ച് ഈ 12 നാണ് അബഹ എയർപോർട്ടിലെ ആഗമന ടെർമിനലിനു നേരെ ആക്രമണം നടത്തിയത്. 
ദക്ഷിണ, പശ്ചിമ സൗദിയിലെ അസീർ പ്രവിശ്യയിലെ അബഹ എയർപോർട്ട് വഴി ദിവസേന ആയിരക്കണക്കിന് സാധാരണക്കാർ കടന്നുപോകുന്നു. ആക്രമണത്തിൽ വിവിധ രാജ്യക്കാരായ 26 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന് ക്രൂയിസ് ഇനത്തിൽ പെട്ട മിസൈൽ ആണ് ഉപയോഗിച്ചതെന്നും ഹൂത്തികൾ അവകാശപ്പെട്ടിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ആയുധത്തിന്റെ ഇനം നിർണയിക്കുന്നതിന് സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകൾ ശ്രമം തുടരുകയാണ്. ഏറ്റവും നവീനമായ സാങ്കേതിക വിദ്യയിലുള്ള പുതിയ ആയുധങ്ങൾ ഹൂത്തികൾക്ക് ലഭിച്ചതായും അതിർത്തി കടന്നുള്ള ഭീകരതക്കുള്ള പിന്തുണയും രക്ഷാ സമിതി പ്രമേയങ്ങൾ ലംഘിക്കുന്നതും ഇറാൻ തുടരുന്നതായും ഈ ആക്രമണം വ്യക്തമാക്കുന്നു. 
ഇത്തരം ഭീകരാക്രമണങ്ങളിൽ മൗനം പാലിക്കാൻ കഴിയില്ല. സാധാരണക്കാരുടെയും സിവിലിയൻ കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഇത്തരം ആക്രമണങ്ങൾ തടയുന്നതിന് അടിയന്തര നടപടികൾ സൗദി അറേബ്യയും യെമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണക്കുന്ന സഖ്യസേനയും സ്വീകരിക്കും.  

 

 

Latest News