നെടുമ്പാശ്ശേരി -കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയുടെ റീകാർപറ്റിങ് പ്രവർത്തനം നവംബറിൽ തുടങ്ങും. പത്തു വർഷം കൂടുമ്പോൾ ചെയ്തിരിക്കേണ്ട റൺവേ നവീകരണ ജോലികൾ തുടങ്ങുന്നതിനാൽ നവംബർ 20 മുതൽ നാലു മാസത്തേക്ക് പകൽ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
നവംബർ 20 മുതൽ 2020 മാർച്ച് 28 വരെ രാവിലെ 10 മുതൽ വൈകിട്ട് ആറു വരെയാകും നിർമാണ പ്രവർത്തനം നടക്കുക. എല്ലാ സർവീസുകളും വൈകിട്ട് ആറ് മുതൽ രാവിലെ 10 വരെ പുനഃക്രമീകരിക്കാൻ വിമാന കമ്പനികളോട് സിയാൽ ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രക്കാർ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ് ഇതുസംബന്ധിച്ച നിർദേശം. രാജ്യാന്തര സർവീസുകളിൽ ഭൂരിഭാഗവും നിലവിൽ തന്നെ വൈകിട്ട് ആറ് മുതൽ രാവിലെ 10 വരെയാണ്. 35 ആഭ്യന്തര സർവീസുകൾ പുതിയ സമയക്രമത്തിലേക്ക് മാറേണ്ടിവരും.
151 കോടി രൂപയാണ് റൺവേ റീകാർപറ്റിങ് ജോലികൾക്ക് ചെലവ് കണക്കാക്കുന്നത്. പ്രതിദിനം ശരാശരി 240 ടേക് ഓഫ്/ ലാൻഡിങ് കൊച്ചി വിമാനത്താവളത്തിൽ നടക്കുന്നുണ്ട്.
3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേയിൽ ഓരോ ഭാഗത്തും റീടാറിങ് നടത്തും. ടാറിങ് നടത്തിയ സ്ഥലം മണിക്കൂറുകൾക്കുള്ളിൽ ലാൻഡിങിന് സജ്ജമാക്കുകയും വേണം. നിലവിൽ കാറ്റഗറി വൺ റൺവേ ലൈറ്റിങ് സംവിധാനമാണ് കൊച്ചിയിലുള്ളത്. ഇത് കാറ്റഗറി ത്രീയിലേക്ക് ഉയർത്തും. റൺവേയിൽ 30 മീറ്റർ അകലത്തിലാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇത് 15 മീറ്ററാക്കും. 1500 ൽ അധികം പുതിയ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനവും നടത്തേണ്ടതുണ്ട്.