ഷൊർണൂർ- നിയുക്ത എം.പി വി.കെ.ശ്രീകണ്ഠൻ നഗരസഭാ കൗൺസിലർ സ്ഥാനം രാജിവെച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് നടന്ന ഷൊർണൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ പങ്കെടുത്തതിനു ശേഷമാണ് അദ്ദേഹം നഗരസഭാ സെക്രട്ടറി പ്രമോദിന് രാജിക്കത്ത് സമർപ്പിച്ചത്. യു.ഡി.എഫിന്റെ കൗൺസിലർമാർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പത്തൊമ്പതു വർഷമായി ഷൊർണൂർ നഗരസഭാംഗമായി പ്രവർത്തിക്കുന്ന വി.കെ.ശ്രീകണ്ഠൻ നിലവിൽ 17-ാം വാർഡായ ഷൊർണൂർ ടൗണിനെയാണ് പ്രതിനിധീകരിക്കുന്നത്. നഗരസഭാംഗത്വം രാജിവെക്കുന്നത് സാങ്കേതികമായ ഒരു നടപടിയാണെന്നും ഷൊർണൂരിന്റെ മണ്ണിൽ കാലുറപ്പിച്ചു നിർത്തിക്കൊണ്ട് തന്നെ പൊതുപ്രവർത്തനം തുടരുമെന്നും നിയുക്ത എം.പി പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.