Sorry, you need to enable JavaScript to visit this website.

ഇറാന്റെ പങ്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടു

റിയാദ് - എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ ഇറാന്റെ പങ്ക് വ്യക്തമാക്കുന്ന വീഡിയോ അമേരിക്കൻ സൈന്യം പുറത്തുവിട്ടു. ജപ്പാൻ എണ്ണക്കപ്പലിലിൽ നിന്ന് പൊട്ടിത്തെറിക്കാത്ത മൈൻ ഇറാൻ റെവല്യൂഷനറി ഗാർഡ് സൈനികർ നീക്കം ചെയ്യുന്നതിന്റെ വീഡിയോ ആണ് അമേരിക്കൻ സൈന്യം പുറത്തുവിട്ടത്. വ്യാഴാഴ്ച ഒമാൻ ഉൾക്കടലിൽ വെച്ച് ആക്രമണത്തിന് വിധേയമായ എണ്ണക്കപ്പലുകളിൽ ഒന്നിന്റെ വശത്തു നിന്നാണ് പൊട്ടിത്തെറിക്കാത്ത മൈൻ ഇറാൻ സൈനികർ നീക്കം ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് 4.10 ന് ഇറാൻ റെവല്യൂഷനറി ഗാർഡിനു കീഴിലെ ബോട്ട് കൊകുക കറേജസ് കപ്പലിനു സമീപം എത്തി പൊട്ടിത്തെറിക്കാത്ത മൈൻ നീക്കം ചെയ്യുകയായിരുന്നെന്ന് അമേരിക്കൻ സെൻട്രൽ കമാണ്ടന്റ് വക്താവ് ബിൽ ഉർബൻ പറഞ്ഞു. 
അതേസമയം, ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശ മന്ത്രാലയം പറഞ്ഞു. ആക്രമണങ്ങൾക്കിരയായ കപ്പലുകൾക്ക് സഹായം നൽകുന്നതിനും ജീവനക്കാരെ സാധ്യമായത്ര വേഗത്തിൽ രക്ഷിക്കുന്നതിനുമാണ് ഇറാൻ ശ്രമിച്ചതെന്ന്  വിദേശ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു. 
ജപ്പാൻ ഉടമസ്ഥതയിലുള്ള കൊകുക കറേജസ് കപ്പലിൽ രണ്ടാമത്തെ സ്‌ഫോടനമുണ്ടാകുന്നതിനു മുമ്പ് പറക്കുന്ന വസ്തു കണ്ടതായും സമീപത്ത് ഇറാൻ നാവിക സേനാ കപ്പൽ കണ്ടതായും കപ്പൽ ജീവനക്കാർ അറിയിച്ചതായി കൊകുക സാംഗ്യൊ ഷിപ്പിംഗ് കമ്പനി മേധാവി യുറ്റാക കറ്റാഡ പറഞ്ഞു. ലോകത്തെ അഞ്ചിലൊന്ന് എണ്ണയും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് പിന്നിട്ട ഉടനെയാണ് നോർവീജിയൻ കപ്പലായ ഫ്രന്റ് അൾട്ടയറിനും ജാപ്പനീസ് കപ്പലായ കൊകുക കറേജസിനും നേരെ ആക്രമണങ്ങളുണ്ടായത്. 
ഹുർമുസ് കടലിടുക്ക് അടക്കുമെന്ന് ഇറാൻ ആവർത്തിച്ച് ഭീഷണികൾ മുഴക്കിയിട്ടുണ്ട്. 2018 ജൂലൈയിൽ യെമൻ തീരത്ത് ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബൽമന്ദബ് കടലിടുക്കിൽ വെച്ച് സൗദി അറേബ്യയുടെ രണ്ടു എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണമുണ്ടായിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളാണെന്ന് സഖ്യസേന കുറ്റപ്പെടുത്തിയിരുന്നു. 
മേഖലയിൽ തീക്കൊളുത്തുന്നതിനാണ് ചില കക്ഷികൾ ശ്രമിക്കുന്നതെന്നും ഇക്കാര്യത്തെ കുറിച്ച് നാം ബോധവാന്മാരാകണമെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗൈത് യു.എൻ രക്ഷാ സമിതിയിൽ പറഞ്ഞു. 
മേഖലയിൽ സുരക്ഷാ ഭദ്രത നിലനിർത്തുന്നതിന്, ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ രക്ഷാ സമിതി നടപടികളെടുക്കണമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.  ഒരു മാസത്തിനിടെ മേഖലയിൽ എണ്ണ കപ്പലുകൾക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. 
കഴിഞ്ഞ മാസം യു.എ.ഇ തീരത്തു വെച്ച് നാലു എണ്ണ ടാങ്കറുകൾക്കു നേരെ മാഗ്നറ്റിക് മൈനുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് അമേരിക്കയും സൗദി അറേബ്യയും വ്യക്തമാക്കിയിരുന്നു.

 

Latest News