റിയാദ് - കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 126 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 321 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് രാജ്യത്ത് എത്തിയത്. 2017 ൽ ഇത് 142 കോടി ഡോളറായിരുന്നു.
11 വർഷത്തിനിടെ സൗദിയിൽ വിദേശ നിക്ഷേപത്തിലുണ്ടാകുന്ന ഏറ്റവും വലിയ വളർച്ചാ നിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഗൾഫ് രാജ്യങ്ങളുടെയും അറബ് രാജ്യങ്ങളുടെയും കൂട്ടത്തിലും വിദേശ നിക്ഷേപത്തിൽ ഏറ്റവും വലിയ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത് സൗദി അറേബ്യയിലാണ്.
വിദ്യാഭ്യാസം, ആരോഗ്യം, ലോജിസ്റ്റിക് സേവനം എന്നിവ അടക്കമുള്ള ഏതാനും മേഖലകളിൽ അടുത്തിടെ സൗദി അറേബ്യ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഇതാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വളർച്ച കൈവരിക്കുന്നതിന് സഹായകമായത്. വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് നിരവധി പരിഷ്‌കാരങ്ങൾ സൗദി അറേബ്യ വരുത്തിയിട്ടുണ്ട്. വിദേശ നിക്ഷേപകർക്കുള്ള ലൈസൻസ് നടപടികൾ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ വർഷം സൗദിയിൽ വിദേശ നിക്ഷേപത്തിൽ കൂടുതൽ വലിയ വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013 ൽ 886 കോടി ഡോളറിന്റെയും 2014 ൽ 801 കോടി ഡോളറിന്റെയും 2015 ൽ 814 കോടി ഡോളറിന്റെയും 2016 ൽ 745 കോടി ഡോളറിന്റെയും വിദേശ നിക്ഷേപങ്ങൾ സൗദിയിൽ എത്തിയിരുന്നു.
കഴിഞ്ഞ വർഷം ഖത്തറിൽ നിന്ന് വലിയ തോതിൽ വിദേശ നിക്ഷേപങ്ങൾ പുറത്തേക്കൊഴുകി. 220 കോടി ഡോളറിന്റെ കുറവാണ് ഖത്തറിൽ രേഖപ്പെടുത്തിയത്. 2017 ൽ ഖത്തറിൽ 98.6 കോടി ഡോളറിന്റെ വിദേശ നിക്ഷേപങ്ങൾ എത്തിയിരുന്നു.
ആറു ഗൾഫ് രാജ്യങ്ങളിൽ നാലു രാജ്യങ്ങളിലും കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തിൽ വളർച്ച രേഖപ്പെടുത്തി. ഗൾഫ് രാജ്യങ്ങളിൽ ആകെ എത്തിയ വിദേശ നിക്ഷേപത്തിൽ കാര്യമായ മാറ്റമില്ല. ഖത്തറിന്റെ മോശം പ്രകടനമാണ് ഇതിന് ഇടയാക്കിയത്. 2018 ൽ ഗൾഫ് രാജ്യങ്ങളിൽ ആകെ 1746 കോടി ഡോളറിന്റെ വിദേശ നിക്ഷേപങ്ങളാണ് എത്തിയത്. 2017 ൽ ഇത് 1,745 കോടി ഡോളറായിരുന്നു.
വിദേശ നിക്ഷേപത്തിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയ രണ്ടാമത്തെ ഗൾഫ് രാജ്യം ഒമാനാണ്. 420 കോടി ഡോളറിന്റെ നിക്ഷേപമെത്തിയ ഒമാനിൽ 43.6 ശതമാനം വളർച്ച രേഖപ്പെടുത്തി. വളർച്ചാ നിരക്കിൽ മൂന്നാം സ്ഥാനത്ത് ബഹ്‌റൈൻ ആണ്. ബഹ്‌റൈനിൽ കഴിഞ്ഞ വർഷം എത്തിയ വിദേശ നിക്ഷേപങ്ങളിൽ 6.2 ശതമാനം വളർച്ച രേഖപ്പെടുത്തി. 152 കോടി ഡോളറിന്റെ വിദേശ നിക്ഷേപങ്ങളാണ് ബഹ്‌റൈനിൽ എത്തിയത്. നാലാം സ്ഥാനത്തുള്ള യു.എ.ഇയിൽ വിദേശ നിക്ഷേപത്തിൽ 0.3 ശതമാനം വളർച്ച മാത്രമാണ് കഴിഞ്ഞ വർഷമുണ്ടായത്. യു.എ.ഇയിൽ ആകെ 1040 കോടി ഡോളറിന്റെ വിദേശ നിക്ഷേപങ്ങൾ കഴിഞ്ഞ വർഷം എത്തി. കഴിഞ്ഞ കൊല്ലം ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപങ്ങൾ എത്തിയത് യു.എ.ഇയിലാണ്.
കുവൈത്തിൽ വിദേശ നിക്ഷേപത്തിൽ 0.6 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം കുവൈത്തിൽ 34.6 കോടി ഡോളറിന്റെ വിദേശ നിക്ഷേപങ്ങളാണ് എത്തിയത്. 2017 ൽ ഇത് 34.8 കോടി ഡോളറായിരുന്നു.