റിയാദ് - ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ കേസിൽ സൗദി പൗരനെയും രണ്ടു ലബനോനികളെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചു.
ഇവന്റ് മാനേജ്‌മെന്റ് മേഖലയിൽ ബിനാമി സ്ഥാപനം നടത്തിയ ലബനോൻകാരായ അബ്ബാസ് മുഹമ്മദ് ഈദി, റിയാദ് ബസ്സാം ശർകസ് എന്നിവർക്കും ഇതിന് ആവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരൻ അബ്ദുൽ അസീസ് മദ്‌സൂസ് ഖുലൈഫ് അൽഅനസിക്കുമാണ് ശിക്ഷ. ഇവർക്ക് കോടതി മൂന്നു ലക്ഷം റിയാൽ പിഴ ചുമത്തി.
ബിനാമി സ്ഥാപനം അടപ്പിക്കുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും കോടതി വിധിച്ചു.
ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽനിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
ശിക്ഷ പൂർത്തിയാക്കിയ ശേഷം ലബനോനികളെ സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ശിക്ഷകളും പ്രതികളുടെ ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും വിധിയുണ്ട്.
ഇവന്റ് മാനേജ്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ബിനാമിയാണെന്ന് സംശയിക്കുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് രഹസ്യം വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ സ്ഥാപനം ലബനോനികൾ സ്വന്തം നിലയിൽ നടത്തുന്നതാണെന്ന് തെളിയിക്കുന്ന നിരവധി രേഖകൾ കണ്ടെത്തിയിരുന്നു.