Sorry, you need to enable JavaScript to visit this website.

സൗദി തുറമുഖങ്ങളും ജലാതിർത്തിയും  സംരക്ഷിക്കും -ഖാലിദ് അൽഫാലിഹ്‌

ഖാലിദ് അൽഫാലിഹ്

റിയാദ് - സൗദി തുറമുഖങ്ങളും ജലാതിർത്തിയും സംരക്ഷിക്കുന്നതിന് അനുയോജ്യമായ നടപടികൾ സൗദി അറേബ്യ സ്വീകരിക്കുമെന്ന് ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. അന്താരാഷ്ട്ര സമുദ്ര ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആഗോള സമൂഹം ഉത്തരവാദിത്തം വഹിക്കണം.  ഒമാൻ ഉൾക്കടലിൽ എണ്ണ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ കടുത്ത ആശങ്കയോടെയാണ് സൗദി അറേബ്യ കാണുന്നത്. ഇതിൽ ഒരു കപ്പൽ ജുബൈലിൽ നിന്ന് മെഥനോൾ വഹിച്ച് പോവുകയായിരുന്നു. 
ഈ ഭീകരാക്രമണങ്ങളെ സൗദി അറേബ്യ അപലപിക്കുന്നു. കഴിഞ്ഞ മാസവും സമാനമായ ആക്രമണങ്ങളുണ്ടായിരുന്നു. യു.എ.ഇ തീരത്തു വെച്ച് സൗദി കപ്പലുകൾ ലക്ഷ്യമിട്ട് കഴിഞ്ഞ മാസം ആക്രമണങ്ങൾ നടത്തി. 
ശത്രുതാപരമായ ഇത്തരം ഭീകരാക്രമണങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഊർജ, വ്യവസായ മന്ത്രാലയവും സൗദി അറാംകൊയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആഗോള വിപണിക്ക് വിശ്വാസയോഗ്യമായ എണ്ണ വിതരണം ഉറപ്പു വരുത്തുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ കപ്പൽ ഗതാഗതത്തിനും എണ്ണ സുരക്ഷക്കും പരിസ്ഥിതി സുരക്ഷക്കും ഭീഷണി സൃഷ്ടിക്കുന്ന ശത്രുതാപരമായ മുഴുവൻ പ്രവർത്തനങ്ങളെയും ഭീകര പ്രവർത്തനങ്ങളെയും സൗദി അറേബ്യ അപലപിക്കുന്നു. 
ഇത്തരം ആക്രമണങ്ങൾ ആഗോള ഊർജ വിപണിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന കാര്യവും ലോക സമ്പദ്‌വ്യവസ്ഥക്ക് ഭീഷണി സൃഷ്ടിക്കുമെന്ന കാര്യവും കണക്കിലെടുത്ത് മേഖലയിലെ സമുദ്ര പാതകളിൽ സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പു വരുത്തുന്നതിന് അന്താരാഷ്ട്ര സമൂഹം കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് എൻജിനീയർ ഖാലിദ് അൽഫാലിഹ് ആവശ്യപ്പെട്ടു.  
 

Latest News