Sorry, you need to enable JavaScript to visit this website.

എണ്ണക്കപ്പലുകൾ ആക്രമിച്ചത് ഇറാൻ -ആദിൽ അൽജുബൈർ

റിയാദ് -ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ഇറാൻ ഒഴികെ എല്ലാ രാജ്യങ്ങളും യുദ്ധം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ  ഇറാനാണെന്ന് അമേരിക്കയുടെ നിഗമനം തന്നെയാണ് സൗദി അറേബ്യക്കുമുള്ളത്. ഇക്കാര്യത്തിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുടെ പ്രസ്താവനയോട് വിയോജിക്കേണ്ട കാര്യമില്ല. ഇത്തരം ആക്രമണങ്ങളുടെ ചരിത്രം ഇറാനുണ്ട്. 
ഇറാൻ ആണവ ശേഷി ആർജിച്ചാൽ മേഖലയിലെ മറ്റു രാജ്യങ്ങളും ആണവായുധങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കും. യുക്തിരഹിതമായാണ് ഇറാൻ പെരുമാറുന്നത്. 
വിപ്ലവത്തിൽ വിശ്വസിക്കുന്ന രാജ്യമാണോ അതല്ല, അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കുന്ന രാജ്യമാണോ തങ്ങളെന്ന കാര്യം ഇറാൻ തീരുമാനിക്കണം. 
സൗദി അറേബ്യക്ക് അമേരിക്ക ആയുധങ്ങൾ വിൽക്കുന്നില്ലെങ്കിൽ മേഖലയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ അമേരിക്ക നിർബന്ധിതമാകുമെന്ന് ആദിൽ അൽജുബൈർ പറഞ്ഞു.
ഒമാൻ ഉൾക്കടലിൽ എണ്ണ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് മൈക് പോംപിയോ നേരത്തെ പറഞ്ഞിരുന്നു.  ഇന്റലിജൻസ് വിവരങ്ങളും ആക്രമണങ്ങൾക്ക് ഉപയോഗിച്ച ആയുധങ്ങളുടെ ഇനങ്ങളും ആക്രമണ ശൈലിയും സമീപ കാലത്ത് കപ്പലുകൾക്കു നേരെയുണ്ടായ സമാന ആക്രമണങ്ങളും അവലംബിച്ചാണ് അമേരിക്ക ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. ഇത്തരത്തിൽ  സങ്കീർണമായ ആക്രമണം നടത്തുന്നതിനുള്ള പാടവം മേഖലയിൽ ഇറാന്റെ ഏജൻസികളായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്കില്ല. 
ഇറാന്റെ ഭീഷണികളിൽ നിന്ന് സ്വന്തം താൽപര്യങ്ങളും സഖ്യരാജ്യങ്ങളുടെയും താൽപര്യങ്ങളും ആഗോള വ്യാപാരവും സംരക്ഷിക്കുന്നതിന് അമേരിക്ക പ്രവർത്തിക്കും. 
ജപ്പാൻ പ്രധാനമന്ത്രിയുടെ ഇറാൻ സന്ദർശനത്തിനിടെ ജപ്പാൻ കപ്പലിനു നേരെ ആക്രമണം നടത്തിയ ഇറാൻ ജപ്പാൻ പ്രധാനമന്ത്രിയെ അവഹേളിക്കുകയാണ് ചെയ്തത്. ഹുർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം തടസ്സപ്പെടുത്തുന്നതിനാണ് ഇറാൻ ശ്രമിക്കുന്നതെന്നും പോംപിയോ പറഞ്ഞു. 
ഇറാനും ഇറാന്റെ ഏജൻസികളും മേഖലയിൽ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും താൽപര്യങ്ങൾക്കെതിരെ  ആക്രമണങ്ങൾ തുടരുകയാണ്. രണ്ടു ദിവസം മുമ്പ് അബഹ എയർപോർട്ട് ലക്ഷ്യമിട്ടും അതിനു മുമ്പ് സൗദിയിലെ എണ്ണ പൈപ്പ്‌ലൈൻ ലക്ഷ്യമിട്ടും ആക്രമണങ്ങളുണ്ടായി. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ് ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണം.
തങ്ങൾക്കു മേലുള്ള ഉപരോധം നീക്കിക്കിട്ടാൻ ഇറാൻ ആഗ്രഹിക്കുന്നു. എന്നാൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതം ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന് ഇറാന് യാതൊരുവിധ ന്യായീകരണങ്ങളുമില്ല. ഹുർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തിലും ആഗോള എണ്ണ വിപണിയിലെ വിലയിലും പ്രതികൂല സ്വാധീനം ചെലുത്തുന്നതിനാണ് ഇറാൻ ശ്രമിക്കുന്നതെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. 
എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്നാണ് ബ്രിട്ടൻ കരുതുന്നതെന്ന് ബ്രിട്ടീഷ് വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ അങ്ങേയറ്റത്തെ വിവേക രാഹിത്യമാണെന്നും ബ്രിട്ടീഷ് വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 

Latest News