ആധുനിക ഇന്ത്യയുടെ ശിൽപി എന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പലരും വിശേഷിപ്പിച്ചു കാണാറുണ്ട്. ഐ.ടി രംഗത്ത് ഇന്ത്യ കുതിച്ചത് രാജീവ് യുഗത്തിലാണ്. ഗൾഫിലെ ആദ്യകാല പ്രവാസികളിൽ പലരും വൻ തുക ടെലിഫോൺ കോളുകൾക്കായി മുടക്കിയവരാണ്. ഈ നൂറ്റാണ്ട് തുടങ്ങുമ്പോൾ ഇന്ത്യയിലേക്ക് ഒരു മിനിറ്റ് ഫോണിൽ സംസാരിക്കാൻ നൂറ് രൂപയിലേറെ ചെലവ് വേണ്ടി വന്നിരുന്നുവെന്ന കാര്യം ഓർക്കുമ്പോഴാണ് രാജീവിന്റെ ഭരണ നേട്ടം എന്താണെന്ന് എല്ലാവരും തിരിച്ചറിയുക. രാജീവ് ഗാന്ധി വധിക്കപ്പെട്ട ശേഷമാണ് നരസിംഹ റാവു പ്രധാനമന്ത്രിയായത്. റാവു മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗാണ് ഇന്ത്യയെന്ന സാമ്പത്തിക ശക്തിക്ക് അടിത്തറ പാകിയത്. ലോകം മാനിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ മൻമോഹൻ സിംഗ് നടപ്പാക്കിയ പരിഷ്‌കരണത്തിന്റെ ഫലമറിയാൻ കാൽ നൂറ്റാണ്ടെങ്കിലും കഴിയേണ്ടി വരുമെന്നാണ് പറഞ്ഞിരുന്നത്. ഇന്ത്യ കടക്കെണിയിലായിരുന്ന സന്ദർഭത്തിലാണ് സമ്പദ്ഘടന സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്ത് ഉദാരവൽക്കരണ പ്രക്രിയ തുടങ്ങിയത്. അതേ വരെ പിന്തുടർന്നിരുന്ന സോഷ്യലിസ്റ്റ് ക്രമത്തിൽ നിന്നുള്ള വ്യതിയാനം. സ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന നയം ഇന്ത്യയുടെ മുന്നേറ്റത്തിന് വഴിയൊരുക്കി. മാന്ദ്യത്തിന്റെ പിടിയിലമർന്ന് സമ്പന്ന രാജ്യങ്ങൾ പോലും പ്രതിസന്ധിയിലായപ്പോൾ ഇന്ത്യ പിടിച്ചു നിന്നത് മൻമോഹനമിക്‌സിന്റെ നേട്ടമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സിംഗിനെ വിമർശിക്കുന്നവർ പലപ്പോഴും പറയാറുള്ളത് അദ്ദേഹം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും വിജയിച്ചിട്ടില്ലെന്നാണ്. ഇത്രയും കാലം എം.പി സ്ഥാനത്ത് സിംഗ് തുടർന്നത് രാജ്യസഭയിലൂടെയാണ്. 1991 ൽ ധനമന്ത്രിയായ കാലത്ത് അന്നത്തെ അസം മുഖ്യമന്ത്രി ഹിതേശ്വർ സൈകിയയാണ് സിംഗിനെ സംസ്ഥാനത്തിന്റെ എം.പിയാകാൻ ക്ഷണിച്ചത്. തുടർച്ചയായി അഞ്ച് ടേം സിംഗ് അസമിൽ നിന്ന് രാജ്യസഭയിലെത്തി. അദ്ദേഹത്തിന്റെ കാലവാധി ജൂൺ 14 ന് അവസാനിക്കുന്നു. ഏറ്റവുമടുവിൽ അസമിൽ നിന്ന് 2013 ലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് കോൺഗ്രസിന് രാജ്യസഭാംഗത്തെ വിജയിപ്പിക്കാനാവശ്യമായ എം.എൽ.എമാരുണ്ടായിരുന്നു. ഇപ്പോൾ സംസ്ഥാന നിയമസഭയിൽ കോൺഗ്രസിന് 25 എം.എൽ.എമാരേ ഉള്ളൂ. 43 പ്രിഫറൻഷ്യൽ വോട്ടില്ലാതെ ഒരു എം.പിയെ വിജയിപ്പിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഹൈക്കമാന്റ് മറ്റു സാധ്യതകൾ തെരയുന്നത്. തമിഴ്‌നാട്ടിൽ നിന്ന് സഖ്യകക്ഷിയുടെ സഹായത്തോടെ വിജയിപ്പിക്കാനാണ് നീക്കം. കോൺഗ്രസിന്റെ ഭാവി പ്രധാനമന്ത്രി രാഹുൽ ഗാന്ധിക്ക് കേരളത്തിലെ വയനാട്ടിൽ നിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടാമെങ്കിൽ ഡോ. മൻമോഹൻ സിംഗ്
തമിഴ്‌നാട് അസംബ്ലി വഴി രാജ്യസഭയിലെത്തുന്നതിൽ അസ്വാഭാവികതയൊന്നുമില്ല.
രണ്ടു തവണ യു.പി.എ സർക്കാരിന് നേതൃത്വം നൽകിയ മൻമോഹൻ സിംഗിനെ സ്വന്തം വോട്ടിൽ രാജ്യസഭയിലെത്തിക്കാൻ കഴിയാത്ത ദുരവസ്ഥയാണ് കോൺഗ്രസിന്.
തമിഴ്‌നാട്ടിലെ സഖ്യകക്ഷിയായ ഡി.എം.കെയുടെ വോട്ടിന്റെ ബലത്തിൽ മൻമോഹനെ രാജ്യസഭയിലെത്തിക്കാനാണ് ഇപ്പോഴത്തെ നീക്കം. 2ജി സ്‌പെക്ട്രം അഴിമതിയിൽ മൻമോഹൻ സിംഗ് സർക്കാരിന് അന്ത്യം കുറിച്ച ഡി.എം.കെക്കാണ് മൻമോഹനെ രാജ്യസഭയിലെത്തിക്കാനുള്ള ചരിത്ര നിയോഗമെന്നതാണ് കൗതുകം.
തമിഴ്‌നാട്ടിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണം മൻമോഹൻ സിംഗിനായി വിട്ടുനൽകാൻ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മൻമോഹൻ സിംഗിനായി രാജ്യസഭ സീറ്റെന്ന ആവശ്യം കോൺഗ്രസ് തമിഴ്‌നാട് ഘടകമാണ് ആദ്യം ഉന്നയിച്ചത്. തമിഴ്‌നാട്ടിൽ ഒഴിവു വരുന്ന ആറ് സീറ്റുകളിൽ മൂന്നെണ്ണമാണ് ഡി.എം.കെ സഖ്യത്തിന് ലഭിക്കുക. ഒരു സീറ്റ് എം.ഡി.എം.കെയുടെ വൈക്കോയ്ക്ക് നൽകുമെന്ന് പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള രണ്ട് സീറ്റും ഡി.എം.കെ എടുക്കാനായിരുന്നു തീരുമാനം. എന്നാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാജ്യസഭയിലെത്തിക്കാൻ ഡി.എം.കെ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു.
2ജി സ്‌പെക്ട്രം അഴിമതിയാണ് മൻമോഹൻ സിംഗ് സർക്കാരിന്റെ പ്രതിഛായ തകർത്തത്.
2014 ൽ യു.പി.എയുടെ പതനത്തിനും പ്രധാനമന്ത്രി പദം നരേന്ദ്ര മോഡിക്ക് ലഭിക്കാനും ഇത് കാരണമായി. 2ജി സ്‌പെക്ട്രം അഴിമതിയിൽ ടെലികോം മന്ത്രി എ. രാജയെയും കരുണാനിധിയുടെ മകൾ കനിമൊഴിയെയും സി.ബി.ഐ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ചിരുന്നു. കനിമൊഴിയെ ജയിൽ മോചിതയാക്കാൻ കലൈഞ്ജർ കരുണാനിധി ദൽഹിയിലെത്തി മൻമോഹൻ സിംഗിനെയടക്കം കണ്ട് ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ടു.ജി സ്‌പെക്ട്രം കേസ് സൃഷ്ടിച്ച തലവേദനയിൽ നിന്ന് ഡി.എം.കെ നേതാക്കൾ മുക്തരായിട്ടില്ല. സി.ബി.ഐ പ്രത്യേക കോടതി പ്രതികളായ എ.രാജയും കനിമൊഴിയും ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെങ്കിലും സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റും നൽകിയ അപ്പീൽ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. തെളിവുകൾ മുന്നോട്ട് വെയ്ക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നത്. അമേരിക്കയിലെ വാട്ടർ ഗേറ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഴിമതി കേസായാണ് ടൈം മാഗസിൻ ടു ജി കേസിനെ വിശേഷിപ്പിച്ചിരുന്നത്. 122 ടു ജി സ്‌പെക്ട്രം ലൈസൻസുകൾ അനുവദിച്ചതിൽ 1.76 ലക്ഷം കോടിയുടെ ക്രമക്കേടാണ് സി.എ.ജി കണ്ടെത്തിയിരുന്നത്. 30,988 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കി എന്ന് സി.ബി.ഐ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
4400 പേജുകളുള്ള കുറ്റപത്രവും 200 ൽ അധികം സാക്ഷിമൊഴികളും സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് പക്ഷേ ഒന്നും തെളിയിക്കാനായിരുന്നില്ല. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തുടങ്ങിയവയായിരുന്നു മുൻ ടെലികോം മന്ത്രി കൂടിയായ രാജക്കും കനിമൊഴിക്കുമെതിരെ ചുമത്തപ്പെട്ട കുറ്റം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും വിചാരണ നേരിടേണ്ടി വന്നിരുന്നു. ഒരു വർഷത്തോളമാണ് ഈ കേസിൽ രാജക്ക് ജയിലിൽ കിടക്കേണ്ടി വന്നിരുന്നത്. കരുണാനിധി സർക്കാരിന്റെ തകർച്ചയ്ക്കും നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്കും ഇത് കാരണമായി. തിരിച്ചു വരവിനൊരുങ്ങുന്ന ഡി.എം.കെ അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസ്, സി.പി.എം, ലീഗ് എന്നീ കക്ഷികൾക്കൊപ്പമാണ് നേരിട്ടത്. പൊതു തെരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിച്ചിരിക്കേ ചെന്നൈയിൽ ദേശീയ പ്രതിപക്ഷ നേതാക്കൾ ഒത്തുചേർന്നപ്പോൾ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ആദ്യം ഉയർത്തിക്കാട്ടിയത് ഡി.എം.കെയുടെ എം.കെ. സ്റ്റാലിനായിരുന്നു.
ദേശീയ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ~ഒന്നായിരുന്നു ഇത്തവണ തമിഴ്‌നാട്ടിലേത്. എ.ഐ.എ.ഡി.എം.കെയുടെ സഖ്യകക്ഷിയായ ബി.ജെ.പിയുടെ ദയനീയ പരാജയമാണ് സംസ്ഥാനത്ത് കണ്ടത്. ഇതിൽ ഒരു കക്ഷി കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണെങ്കിൽ മറ്റേത് സംസ്ഥാന ഭരണ കക്ഷിയാണ്. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ കന്യാകുമാരി ലോക്‌സഭാ സീറ്റിൽ തോൽക്കുകയായിരുന്നു. വെല്ലൂരിൽ തെരഞ്ഞെടുപ്പ് മാറ്റി വെക്കുകയായിരുന്നു. 38 സീറ്റുകളിൽ 37 ലും വിജയിച്ചത് ഡി.എം.കെ സഖ്യമാണ്.
മുൻ പ്രധാനമന്ത്രിയെ രാജ്യസഭയിലെത്തിക്കുന്ന വിഷയത്തിൽ ഡി.എം.കെക്ക് താൽപര്യക്കുറവുണ്ടാവാൻ സാധ്യതയില്ല. കോൺഗ്രസ് ഹൈക്കമാന്റ് ഇത്തരമൊരു ആവശ്യവുമായി സമീപിക്കുമ്പോൾ ഡി.എം.കെ തിരിച്ച് ഒരെണ്ണം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ നങ്കുനേരി നിയമസഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിയിൽ മത്സരിച്ച കോൺഗ്രസാണ് ഇവിടെ ജയിച്ചത്. അടപ്പൂരി നിൽക്കുന്ന കോൺഗ്രസ് ഏതായാലും തമിഴ്‌നാട്ടിലെ ഒരു അസംബ്ലി സീറ്റിന്റെ കാര്യത്തിൽ വാശി പിടിക്കേണ്ട കാര്യവുമില്ല.
തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യത്തിന് 110 എം.എൽ.എമാരുണ്ട്. ഡി.എം.കെക്ക് മാത്രം 101 എം.എൽ.എമാരും. മൂന്ന് എം.പിമാരെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തയക്കാൻ കഴിയുന്ന കക്ഷിയാണ് ഡി.എം.കെ. ഇതിന് 102 എം.എൽ.എമാരുടെ ആവശ്യമേയുള്ളൂ. പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ സമ്പദ്ഘടനയെ കരകയറ്റുകയെന്നതാണ് അടുത്ത ദൗത്യം. സാമ്പത്തിക വിദഗ്ധൻ ഡോ. മൻമോഹൻ സിംഗിനെ പോലൊരു പ്രതിഭയുടെ സാന്നിധ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയുടെ നിയമനിർമാണ സഭയ്ക്ക് അനിവാര്യമാണെന്നതിൽ തർക്കമില്ല.