ബിഷ്കെക് - തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തി കണക്കു പറയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടക്കുന്ന എസ്.സി.ഒ സമ്മിറ്റിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ചടങ്ങിൽ സന്നിഹിതനായിരുന്നു.
"ഭീകരതയുടെ അപകടം പരിഹരിക്കുന്നതിന്, മനുഷ്യസ്നേഹികളായ എല്ലാ അധികാര ശക്തികളും മുന്നോട്ടുവരണം. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനുമായി സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങൾ ഇതിന് കണക്കു പറയണം." മോദി പറഞ്ഞു.
<> ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി എസ്.സി.ഒ കൈമുതലാക്കിയ ആശയങ്ങളെ മോദി ഉയർത്തിക്കാട്ടി. എസ്.സി.ഒ റീജിയണൽ ആന്റി ടെററിസ്റ്റ് സ്ട്രക്ച്ചറിനു (RATS) കീഴിൽ എസ്.സി.ഒ രാജ്യങ്ങൾ ഒത്തുചേരണമെന്ന് ആവശ്യപ്പെടുകയും ഭീകരതക്കെതിരായി ആഗോള കൺവെൻഷൻ നടത്തേണ്ട ആവശ്യകതയെ കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു.
ബിഷ്കെക്കിൽ നടക്കുന്ന രണ്ടു ദിവസത്തെ സമ്മിറ്റിനായി പ്രധാനമന്ത്രി ഇന്നലെയാണ് കിർഗിസ്ഥാനിൽ എത്തിയത്.രണ്ടു വർഷമായി എസ്.സി.ഒ യിൽ സ്ഥിര അംഗമാണ് ഇന്ത്യ.