മക്ക- വിശുദ്ധ ഹറം ലക്ഷ്യമിട്ട് തയാറാക്കിയ ഭീകരരുടെ ഗൂഢാലോചനയാണ് വെള്ളിയാഴ്ച തകര്‍ത്തതെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. മൂന്ന് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭീകരര്‍ ഗൂഢാലോചന നടത്തിയതെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. രണ്ട് സ്ഥലം മക്കയിലും ഒന്ന് ജിദ്ദയിലുമായിരുന്നു.
വിശുദ്ധ ഹറമിന്റെ പരിധിയില്‍ വരുന്ന അസിലാഹിലും അജ് യാദ് അല്‍ മസാഫിയിലുമായിരുന്നു രണ്ട് കേന്ദ്രങ്ങള്‍.
ചാവേര്‍ തങ്ങിയിരുന്ന മൂന്ന് നില വീടായിരുന്നു ഇതിലൊന്ന്. ഇവിടെ സുരക്ഷാ ഭടന്മാര്‍ വളഞ്ഞപ്പോഴാണ് അവര്‍ക്കു നേരെ നിറിയൊഴിച്ചത്. കീഴടങ്ങാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നിറയൊഴിച്ച ഇയാള്‍ ഒടുവില്‍ നടത്തിയ സ്‌ഫോടനമാണ് മരണത്തില്‍ കലാശിച്ചത്. കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ആറ് വിദേശികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് സുരക്ഷാ ഭടന്മാര്‍ക്ക് നിസ്സാര പരിക്കുണ്ട്.
ഭീകര സംഘത്തില്‍ പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. അന്വേഷണം തുടരുകയാണ്. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ചാവേറിനെ തിരിച്ചറിയാനുള്ള ശ്രമവും തുടരുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.വിശുദ്ധ ഹറമിന്റെ സുരക്ഷ തകര്‍ക്കാനായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.