റിയാദ്- പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി അറാംകൊയുടെ അറ്റാദായത്തിൽ കഴിഞ്ഞ വർഷം 46.3 ശതമാനം വളർച്ച രേഖപ്പെടുത്തി. 2018 ൽ കമ്പനി 41,650 കോടി റിയാൽ (11,107 കോടി ഡോളർ) ലാഭം നേടി. 2017 ൽ കമ്പനിയുടെ അറ്റാദായം 28,460 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം ലാഭത്തിൽ 13,190 കോടി റിയാലിന്റെ വർധനവാണുണ്ടായത്. കമ്പനിയുടെ ആകെ വരുമാനത്തിൽ കഴിഞ്ഞ വർഷം 34.7 ശതമാനം വളർച്ച രേഖപ്പെടുത്തി. വരുമാനത്തിൽ 34,410 കോടി റിയാലിന്റെ വർധനവാണുണ്ടായത്. കഴിഞ്ഞ കൊല്ലം സൗദി അറാംകൊ ആകെ 1,33,480 കോടി റിയാൽ (35,594 കോടി ഡോളർ) വരുമാനം നേടി. 2017 ൽ കമ്പനിയുടെ ആകെ വരുമാനം 99,070 കോടി റിയാലായിരുന്നു.
ആഗോള വിപണിയിൽ എണ്ണവില വർധിച്ചതാണ് കഴിഞ്ഞ വർഷം കമ്പനിയുടെ വരുമാനം വലിയ തോതിൽ വർധിക്കുന്നതിന് സഹായകമായത്. കഴിഞ്ഞ കൊല്ലം ക്രൂഡ് ഓയിൽ വിലയിൽ 33 ശതമാനം വർധനവുണ്ടായി. 2018 ൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് ശരാശരി 70 ഡോളർ തോതിൽ ലഭിച്ചു. 2017 ൽ ശരാശരി എണ്ണ വില ബാരലിന് 52.7 ഡോളറായിരുന്നു.
സൗദി അറാംകൊയുടെ ആസ്തി മൂല്യത്തിൽ 22.1 ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ ആസ്തി മൂല്യം 1,34,620 കോടി റിയാലിൽ (35,900 കോടി ഡോളർ) എത്തി. 2017 ൽ കമ്പനിയുടെ ആസ്തി മൂല്യം 1,10,260 കോടി റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം കമ്പനിയുടെ പ്രവർത്തന ചെലവ് 14,303 കോടി ഡോളറാണ്. 2017 ൽ ഇത് 10,873 കോടി ഡോളറായിരുന്നു.
ആദ്യമായാണ് സൗദി അറാംകൊ സ്വതന്ത്രമായി ബാലൻസ് ഷീറ്റ് പരസ്യപ്പെടുത്തുന്നത്. ലോകത്ത് ഏറ്റവുമധികം ലാഭം നേടുന്ന കമ്പനിയാണ് സൗദി അറാംകൊ. അറാംകൊ കഴിഞ്ഞാൽ ഏറ്റവുമധികം ലാഭം നേടുന്ന ആപ്പിൾ കമ്പനിയുടെ ലാഭത്തിന്റെ ഇരട്ടിയോളം ലാഭം അറാംകൊ നേടുന്നുണ്ട്. കഴിഞ്ഞ വർഷം ആപ്പിൾ കമ്പനിയുടെ ലാഭം 5,940 കോടി റിയാലിരുന്നു. ലോകത്തെ ഏറ്റവും വലിയ അഞ്ച് എണ്ണക്കമ്പനികളായ എക്‌സൺ മൊബീൽ, ചെവ്‌റോൺ, ബ്രിട്ടീഷ് പെട്രോളിയം, ടോട്ടൽ, റോയൽ ഡെച്ച് ഷെൽ എന്നീ അഞ്ചു കമ്പനികളുടെ ആകെ ലാഭത്തേക്കാൾ കൂടുതലാണ് സൗദി അറാംകൊയുടെ അറ്റാദായം. അഞ്ചു കമ്പനികളുടെയും ആകെ ലാഭം 8,000 കോടി ഡോളറാണ്. ലോകത്ത് ഏറ്റവും കൂടുതൽ ലാഭം നേടുന്ന രണ്ടാമത്തെ എണ്ണക്കമ്പനി റോയൽ ഡെച്ച് ഷെൽ ആണ്. കമ്പനിയുടെ ലാഭം 2,340 കോടി ഡോളറാണ്. ഇതിന്റെ നാലിരട്ടിയിലേറെയാണ് സൗദി അറാംകൊയുടെ ലാഭം. ലോകത്ത് ഉൽപാദിപ്പിക്കുന്ന എണ്ണയുടെ എട്ടിൽ ഒന്ന് ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അറാംകൊയുടെ വിഹിതമാണ്.