സുപ്രധാന ചുവടുവെപ്പെന്ന് ധനമന്ത്രി
റിയാദ് - വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്കുള്ള ആശ്രിത ലെവി അടുത്ത മാസം മുതൽ തന്നെ നടപ്പാക്കിത്തുടങ്ങുമെന്ന് ധനമന്ത്രി ഡോ. മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. കമ്മിയും മിച്ചവുമില്ലാത്ത സന്തുലിത ബജറ്റ് എന്ന ലക്ഷ്യം നേടുന്ന ദിശയിലുള്ള പ്രധാന ചുവടുവെപ്പാണ് വിദേശികൾക്കുള്ള ലെവി. 2020 ഓടെ വരവും ചെലവും സന്തുലിതമാക്കി മാറ്റുകയെന്ന ലക്ഷ്യം നേടുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രി പറഞ്ഞു.
അടുത്ത മാസാദ്യം മുതൽ ആശ്രിത വിസയിലുള്ളവർക്ക് 100 റിയാൽ വീതമാണ് പ്രതിമാസം ലെവിയായി അടയ്‌ക്കേണ്ടത്. 2018 ജൂലൈ മുതൽ ഇത് 200 റിയാലായും 2019 ജൂലൈ മുതൽ 300 റിയാലായും 2020 ജൂലൈ മുതൽ 400 റിയാലായും വർധിക്കും.
ഇതോടൊപ്പം സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പൊതുവരുമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവിയും ഉയർത്തുന്നുണ്ട്. നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 200 റിയാൽ വീതമാണ് ലെവി അടയ്‌ക്കേണ്ടത്. ഇതനുസരിച്ച് 50 ശതമാനവും അതിൽ കൂടുതലും സൗദിവൽക്കരണം പാലിച്ച സ്വകാര്യ സ്ഥാപനങ്ങൾ വിദേശ തൊഴിലാളികൾക്ക് ലെവി അടയ്‌ക്കേണ്ടതില്ല. അടുത്ത ജനുവരി ഒന്നു മുതൽ സ്വകാര്യ മേഖലയിലെ മുഴുവൻ വിദേശ തൊഴിലാളികൾക്കും ലെവി ബാധകമാക്കുന്നതിനാണ് തീരുമാനം. 2018 ജനുവരി ഒന്നു മുതൽ സൗദി ജീവനക്കാരേക്കാൾ കൂടുതലുള്ള വിദേശ തൊഴിലാളികൾക്ക് പ്രതിമാസം 400 റിയാലും 2019 ജനുവരി ഒന്നു മുതൽ 600 റിയാലും 2020 ജനുവരി ഒന്നു മുതൽ 800 റിയാലും ലെവി അടയ്‌ക്കേണ്ടിവരും. സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്ക് 2018 ൽ പ്രതിമാസം 300 റിയാലും 2019 ൽ പ്രതിമാസം 500 റിയാലും 2020 ജനുവരി ഒന്നു മുതൽ പ്രതിമാസം 700 റിയാലുമാണ് ലെവി നൽകേണ്ടത്.
ആശ്രിത ലെവി ഈടാക്കുന്നതിനെ കുറിച്ച് തങ്ങൾക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വൃത്തങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സർക്കാർ ജീവനക്കാരുടെ വെട്ടിക്കുറക്കുകയും റദ്ദാക്കുകയും ചെയ്ത മുഴുവൻ അലവൻസുകളും മുൻകാല പ്രാബല്യത്തോടെ പുനഃസ്ഥാപിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ആശ്രിത ലെവിയും വിദേശ തൊഴിലാളികൾക്കുള്ള ലെവി ഉയർത്തുന്നതും ഗവൺമെന്റ് ഉപേക്ഷിക്കുന്നതിന് സാധ്യതയുണ്ടെന്ന പ്രതീക്ഷ ചിലർ വെച്ചുപുലർത്തിയിരുന്നു. ധനമന്ത്രിയുടെ പുതിയ പ്രസ്താവന ഈ പ്രതീക്ഷ അസ്ഥാനത്താക്കി.
ആശ്രിത ലെവി നടപ്പാകുന്നത് കുടുംബ സമേതം സൗദി അറേബ്യയിൽ താമസിക്കുന്ന വിദേശികൾക്ക് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളമാകും ഇത് വലിയ വെല്ലുവിളി. രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് പ്രതിമാസം 300 റിയാൽ ലെവിയാകും. വർഷത്തിൽ ഇത് 3600 റിയാലാണ്. ഓരോ വർഷവും 100 റിയാൽ വീതം വർധിച്ച് 2020 ആകുമ്പോൾ പ്രതിവർഷം 14,400 റിയാലാകും. ചെറിയ വരുമാനമുള്ള കുടുംബത്തിന് ഇത് താങ്ങാനാകില്ല.
മാത്രമല്ല, സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് കമ്പനികൾ നൽകേണ്ട ലെവിയും വർധിക്കുകയാണ്. 2020 ആകുമ്പോഴേക്കും ഇത് പ്രതിമാസം ഒരാൾക്ക് 800 റിയാൽ വരെയാകും. വിദേശ തൊഴിലാളികളെ കുറക്കാൻ ഇത് കമ്പനികൾക്ക് മേൽ വലിയ സമ്മർദമുണ്ടാക്കും. ഇതുമൂലം വലിയ തോതിൽ തൊഴിൽ നഷ്ടപ്പെടാനിടയുണ്ട്.
ആശ്രിത ലെവി തീരുമാനം വന്നതോടെ തന്നെ വിദേശി കുടുംബങ്ങൾ മടങ്ങിപ്പോക്കിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സ്‌കൂൾ അക്കാദമിക വർഷം പൂർത്തിയായതോടെ മടങ്ങിപ്പോയ കുടുംബങ്ങളുടെ എണ്ണം ഏറെ വർധിച്ചിരുന്നു. അടുത്ത വർഷത്തോടെ ഈ പ്രവണത ശക്തമാകുമെന്നുറപ്പാണ്. അടുത്ത കൊല്ലം ലെവി 200 റിയാലാകുന്നതോടെ നല്ലൊരു ശതമാനം കുടുംബങ്ങളും മടങ്ങിപ്പോകാനാണ് സാധ്യത.
മികച്ച തൊഴിൽ സാധ്യതകൾ തേടി ഗൾഫ് രാജ്യങ്ങൾ വിശിഷ്യാ സൗദി അറേബ്യ ലക്ഷ്യമിടുന്ന ഇന്ത്യയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കും ഈ തീരുമാനം വലിയ തിരിച്ചടിയാണ്. സൗദി സമ്പദ്‌വ്യവസ്ഥക്കും സൗദിവൽക്കരണത്തിനും പുതിയ തീരുമാനം ഗുണകരമാണെങ്കിലും വിദേശി സമൂഹത്തിന്റെ ജീവിതം പ്രയാസകരമാകുമെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു.