പെരിന്തൽമണ്ണ- ജിദ്ദയിൽനിന്ന് അവധിക്ക് നാട്ടിൽ പോയ യുവാവ് വാക്കുതർക്കത്തിനിടെ കുത്തേറ്റു മരിച്ചു.
ഒപ്പമുണ്ടായിരുന്നയാൾ കുത്തേറ്റു ഗുരുതര നിലയിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണയ്ക്കടുത്തു പട്ടിക്കാട് കല്ലുവെട്ടി വീട്ടിൽ മുഹമ്മദ് ഇസ്ഹാഖ് (37) ആണ് മരിച്ചത്. പട്ടിക്കാട് ചേരിയത്ത് ജസീം(27) ആണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുള്ളത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ നഗരത്തിലെ പട്ടാമ്പി റോഡിലെ സബ്രീന ബാറിന് സമീപത്താണ് സംഭവം. കുത്തേറ്റു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇസ്ഹാഖ് ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് മരിച്ചത്. ഹോട്ടലിനകത്ത് കസേര നീക്കിയിട്ടതുമായി ബന്ധപ്പെട്ടു മറ്റൊരു സംഘവുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷാവസ്ഥയുണ്ടായതോടെ ഇവരെ എല്ലാവരെയും ഹോട്ടലിൽനിന്ന്പുറത്താക്കി. തുടർന്നു റോഡിൽ വച്ചാണ് ഇസ്ഹാക്കിനു കത്തിക്കുത്തേറ്റത്. ഇസ്ഹാഖിനു കഴുത്തിലും വയറിലും ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഗുരുതര നിലയിൽ ഇരുവരെയും പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു പെരിന്തൽമണ്ണ ജൂബിലി സ്വദേശികളുൾപ്പെടെ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. പെരിന്തൽമണ്ണ സി.ഐ എം.പി. രാജേഷിൻറെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനു ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. വൈകീട്ട് ഖബറടക്കി. ജിദ്ദയിൽ നിന്നു നാട്ടിലെത്തി മടങ്ങാനിരിക്കെയാണ് ഇസ്ഹാഖ് കൊല്ലപ്പെട്ടത്. ഭാര്യ: ഹസ്‌നത്ത്. മക്കൾ: ജിഹ ഫാത്തിമ, ആയിഷ ജൽവ, ജിൽബ, മുഹമ്മദ് അയാൻ. മാതാവ്: ഐഷാബി.