റിയാദ് - സൗദി അറേബ്യ വിടുന്നവരും വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവരും തങ്ങളുടെ പക്കലുള്ള 60,000 റിയാലും അതിൽ കൂടുതലുമുള്ള പണത്തെ കുറിച്ച് സൗദി കസ്റ്റംസിനു മുന്നിൽ മുൻകൂട്ടി വെളിപ്പെടുത്താത്ത പക്ഷം പിഴ ചുമത്തുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിൽ നിന്ന് പുറത്തുപോകുന്നവരും വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവരും പണവും സ്വർണവും ട്രാവലേഴ്‌സ് ചെക്കുകളും അടക്കം 60,000 റിയാലും അതിൽ കൂടുതലുമുള്ള പണത്തെ കുറിച്ച് പ്രത്യേക ഫോറം പൂരിപ്പിച്ച് കസ്റ്റംസിനു മുന്നിൽ മുൻകൂട്ടി വെളിപ്പെടുത്തൽ നിർബന്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് ആദ്യ തവണ തങ്ങളുടെ കൈവശമുള്ള പണത്തിന്റെ 25 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്തും. രണ്ടാമതും നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് തങ്ങളുടെ കൈവശമുള്ള പണത്തിന്റെയും സ്വർണത്തിന്റെയും ട്രാവലേഴ്‌സ് ചെക്കുകളുടെയും മൂല്യത്തിന്റെ 50 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്തുമെന്നും കസ്റ്റംസ് വ്യക്തമാക്കി. പണം വെളുപ്പിക്കൽ ചെറുക്കുന്നതിനും ഭീകരതക്കും വിധ്വംസക പ്രവർത്തനങ്ങൾക്കും പണം ലഭിക്കുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ വിടുന്നവരും വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവരും തങ്ങളുടെ പക്കലുള്ള 60,000 റിയാലും അതിൽ കൂടുതലുമുള്ള പണത്തെ കുറിച്ച് സൗദി കസ്റ്റംസിനു മുന്നിൽ മുൻകൂട്ടി വെളിപ്പെടുത്തണമെന്ന വ്യവസ്ഥ നിർബന്ധമാക്കിയിരിക്കുന്നത്.