- ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ ഗുണം ഇന്ത്യൻ ഹാജിമാർക്കും
ജിദ്ദ - വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഹജ് തീർഥാടകരുടെ ലഗേജുകൾ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ നിന്ന് മക്കയിലെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുന്നതിനുള്ള ധാരണാപത്രത്തിൽ ഹജ്, ഉംറ മന്ത്രാലയവും സൗദി കസ്റ്റംസും ഒപ്പുവെച്ചു. ജിദ്ദ വിമാനത്താവളത്തിലെ ഹജ് ടെർമിനലിൽ നിന്ന് കസ്റ്റംസ് പരിശോധന പൂർത്തിയാക്കി തീർഥാടകരുടെ ലഗേജുകൾ മക്കയിലെ താമസസ്ഥലങ്ങളിൽ എത്തിച്ചു നൽകുന്നതിനാണ് പദ്ധതി. എയർപോർട്ടിൽ തീർഥാടകർ കാത്തുനിൽക്കേണ്ട സമയം കുറക്കുന്നതിനും വിമാനത്താവളത്തിൽ ഹാജിമാരുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഹജ്, ഉംറ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ജിദ്ദ ഹജ്, ഉംറ മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ മർവാൻ അൽസുലൈമാനിയും സൗദി കസ്റ്റംസിനെ പ്രതിനിധീകരിച്ച് ജിദ്ദ എയർപോർട്ട് കസ്റ്റംസ് മേധാവി മിശ്അൽ അൽസുബൈദിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ആദ്യ ഘട്ടത്തിൽ ഇന്ത്യ, തുർക്കി, മൊറോക്കൊ, അൾജീരിയ, തുനീഷ്യ, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈൻ എന്നീ എട്ടു രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുക.
ഏറ്റവും മികച്ച സുരക്ഷ ഉറപ്പുവരുത്തി തീർഥാടകർക്ക് ആശ്വാസം നൽകുന്നതിന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ജിദ്ദ എയർപോർട്ടിൽ നിന്ന് കസ്റ്റംസ് പരിശോധന പൂർത്തിയാക്കി ലഗേജുകൾ ബസുകളിൽ കയറ്റുന്നതു വരെ തീർഥാടകർ കാത്തുനിൽക്കേണ്ട സാഹചര്യം പുതിയ പദ്ധതി ഇല്ലാതാക്കും. കസ്റ്റംസ് നടപടികൾ വേഗത്തിലാക്കുന്നതിനും ഇത് സഹായിക്കും. ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ഹജ്, ഉംറ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
ആഭ്യന്തര ഹജ് തീർഥാടകരുടെ ലഗേജുകൾ വീടുകളിൽ നിന്ന് ശേഖരിച്ച് പുണ്യസ്ഥലങ്ങളിൽ എത്തിക്കുകയും ഹജ് പൂർത്തിയായ ശേഷം പുണ്യസ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന ലഗേജുകൾ വീണ്ടും താമസസ്ഥലങ്ങളിൽ എത്തിക്കുകയും ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നതിനും നീക്കമുണ്ട്. ആഭ്യന്തര ഹജ് സർവീസ് കമ്പനി കോ-ഓർഡിനേഷൻ കൗൺസിൽ ആണ് 'ലഗേജില്ലാത്ത ഹജ്' എന്ന് പേരിട്ട പുതിയ പദ്ധതി നടപ്പാക്കുന്നത്. സൗദി പോസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ രണ്ടോ മൂന്നോ ആഭ്യന്തര സർവീസ് കമ്പനികളിൽ പദ്ധതി നടപ്പാക്കും. ഇതിനു ശേഷം പദ്ധതിയുടെ ഗുണവശങ്ങളും ദോഷവശങ്ങളും പഠിച്ച് പദ്ധതി വ്യാപകമാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
'ലഗേജില്ലാത്ത ഹജ്' പദ്ധതിയെന്ന ആശയം സൗദി പോസ്റ്റ് ആണ് ആഭ്യന്തര ഹജ് സർവീസ് കമ്പനി കോ-ഓർഡിനേഷൻ കൗൺസിലിനു മുന്നിൽ സമർപ്പിച്ചത്. വിവിധ പ്രവിശ്യകളിൽ ഹജ് തീർഥാടകരുടെ താമസസ്ഥലങ്ങളിൽ നിന്ന് ലഗേജുകൾ സ്വീകരിച്ച് മക്കയിൽ ഹാജിമാരുടെ തമ്പുകളിൽ ലഗേജ് എത്തിക്കുകയും ഹജ് പൂർത്തിയായ ശേഷം തമ്പുകളിൽ നിന്ന് ലഗേജുകൾ സ്വീകരിച്ച് തീർഥാടകരുടെ വീടുകളിൽ തിരിച്ചെത്തിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
തീർഥാടന യാത്രയിൽ ലഗേജുകൾ കൈവശം വെക്കുന്നത് ഹാജിമാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ശ്രമിച്ചാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തത്.
ഹജിന് പുറപ്പെടുന്നതിനു മുമ്പായി വീട്ടിൽനിന്ന് ലഗേജ് കൈമാറണമെന്ന് ആഗ്രഹിക്കുന്ന തീർഥാടകർ 100 റിയാൽ ഫീസ് നൽകേണ്ടിവരും. ദേശീയ അഡ്രസ് സേവനത്തിൽ രജിസ്റ്റർ ചെയ്ത വിലാസം അനുസരിച്ച തീർഥാടകരുടെ താമസസ്ഥലങ്ങളിൽനിന്ന് സൗദി പോസ്റ്റ് ജീവനനക്കാർ ലഗേജുകൾ ശേഖരിക്കുകയാണ് ചെയ്യുക. ഇങ്ങിനെ സ്വീകരിക്കുന്ന ലഗേജുകൾ പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ തമ്പുകളിൽ സൗദി പോസ്റ്റ് എത്തിച്ചുനൽകും. തങ്ങളുടെ പ്രവിശ്യകളിലെ സൗദി പോസ്റ്റ് ഓഫീസുകളിൽ തീർഥാടകർ ലഗേജ് എത്തിച്ചുനൽകുന്ന പക്ഷം ലഗേജുകൾ മിനായിലെ തമ്പിൽ എത്തിക്കുന്നതിന് സൗദി പോസ്റ്റിന് 70 റിയാലാണ് ഫീസ് നൽകേണ്ടിവരികയെന്നാണ് വിവരം.