Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യൻ എണ്ണ ശേഖരം 297 ബില്യൺ ബാരലായി ഉയർന്നു 

റിയാദ് - സൗദി അറേബ്യയുടെ എണ്ണ ശേഖരത്തിൽ 12 ശതമാനത്തിന്റെ വർധന. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള വെനിസ്വേലയും സൗദി അറേബ്യയും തമ്മിലുള്ള അന്തരം കുറഞ്ഞു. 2018 അവസാനത്തെ കണക്കുകൾ പ്രകാരം സൗദി അറേബ്യയുടെ എണ്ണ ശേഖരം 297.7 ബില്യൺ ബാരലായി ഉയർന്നതായി ബ്രിട്ടീഷ് പെട്രോളിയം കണക്കാക്കുന്നു. ഒരു വർഷം മുമ്പ് സൗദി അറേബ്യയുടെ എണ്ണ ശേഖരം 266.2 ബില്യൺ ബാരലായിരുന്നു. സൗദിയുടെ എണ്ണ ശേഖരത്തിൽ 1989 നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ മാറ്റമാണിത്. 
എണ്ണ ശേഖരത്തിന്റെ അളവിൽ വെനിസ്വേലക്ക് തൊട്ടുപിന്നിലാണ് സൗദി അറേബ്യ. വെനിസ്വേലയുടെ എണ്ണ ശേഖരം 303 ബില്യൺ ബാരലാണ്. 168 ബില്യൺ ബാരൽ എണ്ണ ശേഖരവുമായി കാനഡ മൂന്നാം സ്ഥാനത്തും 156 ബില്യൺ ബാരൽ ശേഖരവുമായി ഇറാൻ നാലാമതും ആണ്. 
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം അമേരിക്കയുടെ എണ്ണ ശേഖരം 61.2 ബില്യൺ ബാരലാണ്. 2017 അവസാനത്തിൽ അമേരിക്കയുടെ എണ്ണ ശേഖരം 50 ബില്യൺ ബാരലായിരുന്നു. ലോകത്തെ മൊത്തം എണ്ണ ശേഖരത്തിൽ നേരിയ മാറ്റം മാത്രമാണുള്ളത്. ലോകത്തെ ആകെ എണ്ണ ശേഖരം 1,729.7 ബില്യൺ ബാരലാണെന്നാണ് കണക്കാക്കുന്നത്. നിലവിൽ ആഗോള തലത്തിലെ എണ്ണയാവശ്യത്തിന്റെ അതേ തോതിൽ ഉൽപാദനം തുടരുന്ന പക്ഷം 50 വർഷത്തേക്ക് ആവശ്യമായ എണ്ണ ശേഖരം ലോകത്തുണ്ട്. 
എണ്ണ, ഗ്യാസ്, നാച്വറൽ ഗ്യാസ് ലിക്വിഡ്‌സ് കരുതൽ ശേഖരങ്ങളുടെ കണക്ക് സൗദി അറേബ്യ വെവ്വേറെ പരസ്യപ്പെടുത്താൻ തുടങ്ങിയതാണ് സൗദി അറേബ്യയുടെ എണ്ണ ശേഖരത്തിൽ വലിയ വർധനവ് വരുത്തുന്നതിന് കാരണമെന്ന് ബി.പി ചീഫ് ഇക്കണോമിസ്റ്റ് സ്‌പെൻസർ ഡേയ്ൽ പറഞ്ഞു. വാതക ശേഖരത്തിന്റെ ഭാഗമായാണ് നേരത്തെ നാച്വറൽ ഗ്യാസ് ലിക്വിഡ്‌സ് പരാമർശിച്ചിരുന്നത്. ഇത് സൗദി അറേബ്യയുടെ ഗ്യാസ് ശേഖരം 208.1 ട്രില്യൺ ഘന അടിയായി കുറയാൻ ഇടയാക്കി. 2017 അവസാനത്തിലെ കണക്കുകൾ പ്രകാരം സൗദി അറേബ്യയുടെ ഗ്യാസ് ശേഖരം 283.8 ട്രില്യൺ ഘന അടിയായിരുന്നു.
 

Latest News