റിയാദ്- അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഗമന ടെര്‍മിനലില്‍ ഹൂത്തി മിസൈല്‍ പതിച്ച് ഇന്ത്യന്‍ വനിതയടക്കം 26 പേര്‍ക്ക് പരിക്ക്. സ്വദേശികളും വിദേശികളുമായ സിവിലിയന്മാര്‍ക്കാണ് പരിക്കേറ്റിട്ടുള്ളതെന്നും എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലിക്കി അറിയിച്ചു. 18 പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ടെര്‍മിനലിനും കേടുപാടുകളുണ്ട്.
രണ്ട് സ്വദേശി കുട്ടികളും മൂന്ന് വനിതളും (ഇന്ത്യന്‍, യമനി, സൗദി) പരിക്കേറ്റവരില്‍ പെടും. ഭീകരാക്രമണം നടത്തിയ മിസൈല്‍ ഏത് ഇനത്തില്‍ പെട്ടതാണെന്ന് സുരക്ഷ സേന പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്‍ അനുകൂല ഹൂതികള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും സൗദിക്ക് നേരെ ക്ലൂയിസ് മിസൈല്‍ ആക്രമണമാണ് നടത്തിയതെന്ന് അവര്‍ വാര്‍ത്താമാധ്യമങ്ങളെ അറിയിച്ചിട്ടുണ്ടെന്നും സഖ്യസേനവക്താവ് അറിയിച്ചു.
അതേസമയം വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാണെന്ന് അബഹ വിമാനതാവള അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ അസീര്‍ ആശുപത്രിയില്‍നിന്ന് മാറ്റിയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.