കൊച്ചി- കാസർക്കോട് ജില്ലയിലെ പെരിയയിൽ രണ്ടു കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ജാമ്യാപേക്ഷ കൈകാര്യം ചെയ്തതിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് കോടതി വിമർശിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു വിമർശനം.
ജാമ്യാപേക്ഷ കേൾക്കുന്നത് നീട്ടിവെയ്ക്കണമെന്ന ആവശ്യം തള്ളിയ കോടതി ഡി.ജി.പി ഇന്ന് മൂന്നു മണിക്ക് ഹാജരാകണമെന്നും ആവശ്യപ്പെട്ടു.
കേസ് വിവരങ്ങൾ ഡി.ജി.പി ഓഫീസ് പ്രോസിക്യൂട്ടർമാർക്ക് യഥാസമയം കൈമാറുന്നില്ലെന്നും കോടതി വിമർശിച്ചു. ഡി.ജി.പി ഓഫീസിലെ ചിലർക്ക് രഹസ്യ അജണ്ടയുണ്ടോയെന്ന് കോടതി ചോദിച്ചു.
പോലീസ് റിപ്പോർട്ടുകൾ യഥാസമയം കോടതിയിൽ ഹാജരാക്കേണ്ട ഡി.ജി.പി ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നു. ഡി.ജി.പിയുടെ ഓഫീസ് ഈ നില തുടർന്നാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
കേസിലെ രണ്ട്, ഒൻപത്, പത്ത് പ്രതികളുടെ ജാമ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഫെബ്രുവരി പതിനേഴിനാണ് കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സി.പി.ഐ.എം മുൻ ലോക്കൽ കമ്മിറ്റിയംഗം എ. പിതാംബരനാണ് കേസിലെ ഒന്നാം പ്രതി.