രാംനാഥ് കോവിന്ദ് എൻ.ഡി.എ സ്ഥാനാർത്ഥിയായി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന്റെ തലേന്നു വൈകുന്നേരമെങ്കിലും കോൺഗ്രസും ഇടതുപക്ഷങ്ങളും ഉൾപ്പെട്ട പതിനേഴ് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ തങ്ങളുടെ സ്ഥാനാർത്ഥിയെ തീരുമാനിച്ചു - മീരാകുമാർ. എന്തുകൊണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി കണ്ടെത്തിയ ആർ.എസ്.എസ് സ്വത്വമുള്ള എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥിയേക്കാൾ ജയസാധ്യതയുണ്ടായിരുന്ന സ്ഥാനാർത്ഥി. ആദ്യം ജാതി തുറുപ്പിറക്കി കളിച്ച ബി.ജെ.പിയുടെ ചാണക്യ ബുദ്ധിക്കു മുമ്പിൽ മീരാകുമാർ രാഷ്ട്രീയത്തിന്റെ ബലിയാടായേക്കാമെങ്കിലും.
പ്രതിപക്ഷം കൂട്ടായോ കോൺഗ്രസ് സ്വന്തം നിർദ്ദേശമെന്ന നിലയ്‌ക്കോ മീരാകുമാറിന്റെ സ്ഥാനാർത്ഥിത്വം നേരത്തെ മുന്നോട്ടു വെച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. അപ്പോൾ ബി.ജെ.പി രാംനാഥ് കോവിന്ദിനെ സ്ഥാനാർത്ഥിയാക്കുമായിരുന്നില്ല. വാശിയേറിയ മത്സരത്തിൽ ജയിക്കാൻ ദളിത് കാർഡിനു പകരം മറ്റൊരു അടവ് സ്വീകരിക്കാൻ അവർ നിർബന്ധിതമാകുമായിരുന്നു. ഇപ്പോൾ പ്രതിപക്ഷത്ത് ഉണ്ടാക്കാൻ കഴിഞ്ഞ പിളർപ്പ് എൻ.ഡി.എ മുന്നണിയിൽ തന്നെ സംഭവിക്കുമായിരുന്നു.
ബാബു ജഗ്ജീവൻ റാമിന്റെ മകൾ, ഇവർ ആദ്യ തെരഞ്ഞെടുപ്പിൽ ലോക്‌സഭയിലെത്തിയത് തന്നെ ബിജ്‌നോർ മണ്ഡലത്തിൽനിന്ന് രാംവിലാസ് പസ്വാനെയും മായാവതിയെയും ഒന്നിച്ചു പരാജയപ്പെടുത്തിയായിരുന്നു. ലോക്‌സഭയിലെ ആദ്യ വനിതാ സ്പീക്കർ (ദളിത് എന്ന യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ല അത്), ഇന്ത്യൻ വിദേശകാര്യ സർവീസിൽ രാജ്യാന്തര തലത്തിൽ പ്രവർത്തിച്ച പരിചയം, ആ ജോലി രാജിവെച്ച് തുടർച്ചയായി ലോക്‌സഭയിലെത്തി മൻമോഹൻസിംഗ് മന്ത്രിസഭയിൽ സുപ്രധാന ചുമതലകൾ വഹിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറിയും പ്രവർത്തക സമിതി അംഗവുമായി.
ദളിത് വിഭാഗത്തോടുള്ള കോൺഗ്രസിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടിയിൽനിന്നു രാജിവെച്ച നയദൃഢത, ബിഹാർ വോട്ടു ബാങ്കിന്റെ പിന്തുണ - ഇതൊക്കെ മറ്റേത് ദളിത് സ്ഥാനാർത്ഥിയെയും വഴിമാറിനിൽക്കാൻ നിർബന്ധിക്കുന്ന മീരയുടെ അനുകൂല ഘടകങ്ങളായിരുന്നു.
പോയബുദ്ധി ആന പിടിച്ചാൽ കിട്ടില്ലെന്ന് ഒരു ചൊല്ലുണ്ട്. പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് നേതൃത്വത്തെ ബാധിച്ചിട്ടുള്ള രാഷ്ട്രീയ പ്രതികരണ ശേഷിക്കുറവ്, ആർ.എസ്.എസ് അടക്കിവാഴുന്ന കേന്ദ്രഭരണത്തിന്റെ വെല്ലുവിളിയും അപകടവും തിരിച്ചറിയാതെ സ്വന്തം താൽപര്യത്തിനു മാത്രം മുൻഗണന നൽകുന്ന പ്രതിപക്ഷ പാർട്ടികൾ. കൃത്യമായ തിരിച്ചറിവുണ്ടായിട്ടും സ്വാധീനവും മേൽകൈയും നഷ്ടപ്പെട്ട ഇടതുപക്ഷം.
ഗവണ്മെന്റിനെ രാഷ്ട്രീയമായി ഫലപ്രദമായി നേരിടാനുള്ള കഴിവുകേട്. മോഡി ഭരണം നാലാം വർഷത്തിലേക്ക് കടന്നിട്ടും പ്രതിപക്ഷം ഈ വിഷമ വൃത്തത്തിൽ കറങ്ങുന്നതാണ് തെളിഞ്ഞുകാണുന്നത്.
ദേശീയ രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പോടെ ചരിത്രപരമായിതന്നെ മറ്റൊരു വഴിത്തിരിവിലാണ്. ഹിന്ദു രാഷ്ട്രവാദത്തെയും സവർണ മേധാവിത്വത്തെയും പ്രതിനിധീകരിക്കുന്ന ഒരു ആർ.എസ്.എസുകാരൻ രാഷ്ട്രപതിയാകുന്നു. അതോടെ ആർ.എസ്.എസ് തത്വശാസ്ത്രത്തിന്റെ വിശ്വസ്ത വക്താവ് ഇന്ത്യൻ ഭരണഘടനയുടെ കൂടി സൂക്ഷിപ്പുകാരനും വക്താവുമാകുന്നു. മറ്റൊരാൾ പ്രധാനമന്ത്രിയായി മൂന്നു വർഷം തികഞ്ഞതിനു പിറകെ.
ഇതിനകം നടന്ന എല്ലാ രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽനിന്നും വ്യത്യസ്തമായി രാഷ്ട്രീയം വിട്ട് ജാതിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. എസ് രാധാകൃഷ്ണൻ, വി.വി ഗിരി, ഡോ. സക്കീർ ഹുസൈൻ, ഫക്രുദ്ദീൻ അലി അഹമ്മദ്, എൻ. സഞ്ജീവറെഡ്ഢി, ഗ്യാനി സെയിൽസിങ്, ആർ വെങ്കിട്ടരാമൻ, ശങ്കർ ദയാൽ ശർമ്മ, കെ.ആർ നാരായണൻ, എ.പി.ജെ അബ്ദുൾ കലാം, പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജി എന്നിവരെല്ലാം സ്ഥാനാർത്ഥികളായി മത്സരിച്ചു ജയിച്ചത് ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സ്ഥാനാർത്ഥി എന്ന പരിഗണനയിലല്ല. രാഷ്ട്രീയമായിരുന്നു തെരഞ്ഞെടുപ്പിലെ നിർണായക ശക്തി.
മോഡി ഗവണ്മെന്റ് നടപ്പാക്കുന്ന സംഘ് പരിവാർ നയവും രാഷ്ട്രീയവും നേരിടാനുള്ള പ്രതിപക്ഷത്തിന്റെ രാഷ്ട്രീയമാണ് ഇത്തവണയും തെരഞ്ഞെടുപ്പിന് ആധാരമാകേണ്ടിയിരുന്നത്. എല്ലാ ജാതി-മത വിഭാഗങ്ങളിൽനിന്നും ആ രാഷ്ട്രീയത്തിനു കിട്ടുന്ന ദേശവ്യാപകമായ പിന്തുണയുണ്ടായിരുന്നു. ആ വിജയ സാധ്യതയെയാണ് ജാതി ഘടകം എടുത്തെറിഞ്ഞ് ബി.ജെ.പി ഓർക്കാപ്പുറത്ത് തകർത്തത്. മതസൗഹാർദ്ദത്തിന്റെ പ്രതീകമെന്ന നിലയ്ക്ക് മഹാത്മാ ഗാന്ധിയുടെ പൗത്രനും മുൻ പശ്ചിമ ബംഗാൾ ഗവർണറുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെന്ന ശക്തനായ സ്ഥാനാർത്ഥിക്ക് പെട്ടെന്നു വഴിമാറേണ്ടിവന്നു.
മനുസ്മൃതിയുടെയും സവർണ മേധാവിത്വത്തിന്റെയും സൃഷ്ടിയായ ജാതിവ്യവസ്ഥയ്ക്കു കീഴിൽ അടിമകളായും അസ്പൃശ്യരായും ജീവിക്കേണ്ടിവന്നവരാണ് ദളിത് വിഭാഗം. അതിൽനിന്നുള്ള ഒരു വ്യക്തിയെ സ്ഥാനാർത്ഥിയായി ബി.ജെ.പി ഉയർത്തിക്കാണിച്ചിരിക്കുന്നു. വർണാശ്രമങ്ങളിലും ഫ്യൂഡലിസത്തിന്റെ അവശിഷ്ടമായ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മതപരവും ജാതീയവുമായ അസഹിഷ്ണുത ഇപ്പോഴും അവർ പുലർത്തുന്നുണ്ടെങ്കിലും.
നരേന്ദ്ര മോഡി ഗവണ്മെന്റ് അധികാരത്തിൽ വന്നശേഷം ആദ്യം അതിക്രമങ്ങൾ തുടങ്ങിയത് ദളിത് വിഭാഗങ്ങൾക്കു നേരെയായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്കെതിരെ. രോഹിത് വെമുല ഹൈദരാബാദ് സർവ്വകലാശാലയിൽ ആത്മഹത്യ ചെയ്യേണ്ടിവന്നതും ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നടത്തിയ പോലീസ് അതിക്രമങ്ങളുടെ പ്രതീകമായി കനയ്യ കുമാർ ദേശീയ ശ്രദ്ധയിൽ വന്നതും മറ്റും ഇതിന്റെ ഭാഗമായിരുന്നു. ബുദ്ധിജീവികൾക്കും മുസ്‌ലിം സമുദായത്തിനും എതിരെ ആ അസഹിഷ്ണുത പടർന്നുകയറിയതോടെ സവർണ ഫാസിസത്തിനെതിരായ എതിർപ്പിന്റെയും പോരാട്ടത്തിന്റെയും അന്തരീക്ഷം രാജ്യത്താകെ രൂപപ്പെട്ടു.
ആ രാഷ്ട്രീയത്തെ മോഡി ഗവണ്മെന്റിനെതിരെ ഫലപ്രദമായി ഉപയോഗിക്കാനും അവരുടെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താനും കൈവന്ന അവസരമായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പ്. അതിനുള്ള രാഷ്ട്രീയ സമര മുഖം തുറക്കാൻ പ്രതിപക്ഷം വൈകിപ്പിച്ചു. അത് മുതലെടുത്ത ബി.ജെ.പി ഹിന്ദുത്വ തീവ്ര രാഷ്ട്രീയത്തെ ദളിത് രാഷ്ട്രീയം കൊണ്ട് പൊതിഞ്ഞ് തെരഞ്ഞെടുപ്പ് നേരിടാൻ നിർബന്ധിതമായി. ഇതിനിടയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പോലും ബി.ജെ.പി പയറ്റിയ ഇത്തരം തന്ത്രങ്ങളെ നേരിടുന്നതിലും പ്രതിപക്ഷം പരാജയപ്പെട്ടിരുന്നു.
ഭരണഘടനയുടെ മുഖ്യ ശിൽപി ഡോ. അംബേദ്ക്കർ മുമ്പു പറഞ്ഞത് ഇവിടെ ഓർത്തുപോകുന്നു: ഇന്ത്യ റിപ്പബ്ലിക്കാവുന്നതോടെ മൂല്യപരമായ അസന്തുലിതാവസ്ഥയും അതിന്റെ വൈരുധ്യവും രാഷ്ട്രീയത്തിൽ ഉണ്ടാകില്ല, സാമൂഹിക - സാമ്പത്തിക ജീവിതത്തിൽ അത് നിലനിൽക്കുമെങ്കിലും. ഒരാൾക്ക് ഒരു വോട്ടിന് ഒരേ മൂല്യം എന്ന സ്ഥിതി രാഷ്ട്രീയത്തിൽ പുലരും എന്ന്.
മറിച്ചാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ദളിതനെ മുന്നിൽനിർത്തി സ്വന്തം രാഷ്ട്രീയ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാൻ ബി.ജെ.പി ശ്രമിക്കുകയാണ്. തത്വാധിഷ്ഠിതമായി തെരഞ്ഞെടുപ്പിനെ നേരിട്ടു എന്ന് പ്രതിപക്ഷത്തിന് അവകാശപ്പെടാമെങ്കിലും ജാതിയെ അവർക്കും ഉയർത്തിപ്പിടിക്കേണ്ടി വന്നിരിക്കുന്നു. ജാതീയത, മതവർഗീയത എന്നിവ തരാതരം ഉപയോഗിച്ച് അധികാരം വിപുലീകരിക്കുന്ന സംഘ് പരിവാറിന് എന്തു തത്വാധിഷ്ഠിത രാഷ്ട്രീയം!
ആർ.എസ്.എസ് പ്രതിനിധി സ്ഥാനാർത്ഥിയായി വന്നതോടെ ബി.ജെ.പിക്ക് കടുത്ത ഉൾപ്പാർട്ടി ഭിന്നതകളെ തല്ക്കാലത്തേക്കെങ്കിലും യോജിപ്പിന്റെ അവസരമാക്കാൻ കഴിഞ്ഞു. പാർലമെന്റ് അനക്‌സിൽ വരണാധികാരിയായ ലോക്‌സഭാ സെക്രട്ടറി ജനറലിനു മുമ്പിൽ സ്ഥാനാർത്ഥി രാംനാഥ് പത്രിക സമർപ്പിക്കാൻ ചെന്നത് പ്രധാനമന്ത്രി മോഡിയുടെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെയും മാത്രമല്ല എൽ.കെ അദ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും സുഷമാ സ്വരാജിന്റെയും കൂടി അകമ്പടിയോടെയാണ്. ഈ മൂന്നു നേതാക്കളുടെയും പേരുകൾ രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പിയിൽനിന്ന് ഉയർന്നുവന്നിരുന്നതാണ്. പ്രതിപക്ഷത്തുനിന്ന് ബി.ജെ.പി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പത്രികാ സമർപ്പണ വേളയിൽ കണ്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവരെ നോമിനേഷൻ സമർപ്പണത്തിന് എൻ.ഡി.എയ്ക്കു പുറത്തുനിന്ന് സാക്ഷിയാകാൻ എത്തിക്കാൻ ബി.ജെ.പിക്കു കഴിഞ്ഞു.
രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മീരാകുമാറിന്റെ സ്ഥാനാർത്ഥിത്വത്തെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിന്തുണച്ചു. ഈ തീരുമാനത്തോടെ സി.പി.എമ്മിലും ഒരു വൈരുധ്യം രൂപപ്പെട്ടു. ജൂലൈ 17 ന് കേരളം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പങ്കെടുക്കുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി മീരാകുമാറിന് മുഖ്യമന്ത്രി പിണറായി വിജയനടക്കം സി.പി.എം എം.എൽ.എമാർ വോട്ടു ചെയ്യേണ്ടിവരും.
പോളിറ്റ് ബ്യൂറോ രണ്ടു തവണ യോഗംചേർന്നിട്ടും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാളിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എമാരുടെ വോട്ടു കൂടി വാങ്ങി രാജ്യസഭാംഗമാകേണ്ടതില്ലെന്ന് ആവർത്തിച്ചു തീരുമാനിച്ചതാണ്. ഇത് പാർട്ടി തീരുമാനത്തിന് എതിരാണെന്ന വാദിച്ച് ബംഗാൾ സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശം തള്ളുകയും ചെയ്തു. അതിൽ നിർണായക പങ്കുവഹിച്ചത് കേരളത്തിൽനിന്നുള്ള പി.ബി അംഗങ്ങളാണ്. ഇപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മുഖ്യമന്ത്രി പിണറായി വിജയനടക്കം വോട്ടു ചെയ്യേണ്ടിവരുന്നു.
സി.പി.എം ജനറൽ സെക്രട്ടറി രാജ്യസഭയിലേക്കോ ലോക്‌സഭയിലേക്കോ മത്സരിക്കണമോയെന്ന പ്രശ്‌നമിരിക്കട്ടെ. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് സി.പി.എമ്മിന് വോട്ടു ചെയ്യാമെങ്കിൽ സി.പി.എം സ്ഥാനാർത്ഥിക്ക് കോൺഗ്രസിന് വോട്ടു ചെയ്തുകൂടെ? കോൺഗ്രസ് സ്വയം സന്നദ്ധമാകുമ്പോൾ അത് തിരസ്‌കരിക്കേണ്ടതുണ്ടോ? സി.പി.എം നേതൃത്വത്തിന് ഇതും ഇനി വിശദീകരിക്കേണ്ടി വരും.