തിരുവനന്തപുരം- സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ)യിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നാലു പേരെ പ്രതി ചേർത്തു.
യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ആണ് ഒന്നാം പ്രതി. സംസ്ഥാന ഭാരവാഹികളാണ് മറ്റു മൂന്നു പ്രതികൾ. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കൽ എന്നിവയ്ക്കാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. യു.എൻ.എയുടെ ഫണ്ടിൽ നിന്ന് 3.5 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. യു.എൻ.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവനന്തപുരം വെടിവെച്ചാൻകോവിൽ സ്വദേശി സിബി മുകേഷാണ് പരാതിക്കാരൻ. യു.എൻ.എയുടെ ബാങ്ക് അക്കൗണ്ടുകൾ സഹിതമാണ് പരാതി നൽകിയത്. 2017 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലെത്തിയ മൂന്നരക്കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ജാസ്മിൻ ഷാ ഉൾപ്പെടെ മൂന്നു പേരാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. നഴ്‌സുമാരുടെ അംഗത്വ ഫീസായും കേരളത്തിലെ പ്രളയ ദുരന്ത സമയത്ത്് പിരിച്ച തുകയും വകമാറ്റി ചെലവഴിച്ചെന്നാണ് പരാതി. എന്നാൽ ക്രൈംബ്രാഞ്ച് തൃശൂർ യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് കണ്ടെത്താൻ കഴി ഞ്ഞിരുന്നില്ല. എന്നാൽ പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്താതെയാണ് റിപ്പോർട്ട് നൽകിയതെന്നും അതു തള്ളണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടതോടെയാണ് തിരുവനന്തപുരം യൂണിറ്റിന് കേസ് കൈമാറിയത്.
കോടികളുടെ ക്രമക്കേട് ആയതിനാൽ കേസെടുത്ത് ഓഡിറ്റ് നടത്തണമെന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശിപാർശ നൽകിയതോടെയാണ് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്. ക്യാഷ്ബുക്ക്, മിനിറ്റ്‌സ്, വൗച്ചർ എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നും ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു. അതിനിടെ, യു.എൻ.എയുടെ തൃശൂരിലെ ഓഫീസിൽ നിന്നും രേഖകൾ മോഷണം പോയെന്ന് കാണിച്ച് ഭാരവാഹികളും തൃശൂർ കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടന്നു വരികയാണ്.