പാലക്കാട്- സി.പി.എം ജില്ലാ ഘടകത്തിൽ ഒരിടവേളക്കു ശേഷം ചേരിപ്പോര് മുറുകുന്നു. നിർണ്ണായകമായ ജില്ലാ കമ്മിറ്റി യോഗത്തിനു മുന്നോടിയായി ഇരുപക്ഷവും ഗ്രൂപ്പ് യോഗങ്ങൾ ചേർന്നു. പഴയ ഗ്രൂപ്പ് സമവാക്യങ്ങൾക്കൊന്നും പ്രസക്തിയില്ലാതായ സാഹചര്യത്തിൽ പി.കെ.ശശി എം.എൽ.എയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമാണ് ബലപരീക്ഷണത്തിന് ശക്തി സംഭരിക്കുന്നത്. പ്രധാനമായും രണ്ടു വിഷയങ്ങളാണ് അടുത്ത സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കത്തിന് വഴിവെക്കുക. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ അപ്രതീക്ഷിത തോൽവിയുമായി ബന്ധപ്പെട്ട് ഷൊർണൂർ എം.എൽ.എ പി.കെ.ശശിയെ പ്രതിക്കൂട്ടിൽ കയറ്റിക്കൊണ്ടുള്ള കരുനീക്കമാണ് അദ്ദേഹത്തെ എതിർക്കുന്നവർ നടത്തുന്നത്. പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു പുറമേ ശശി ഉൾപ്പെട്ട വിവാദത്തിലും ജില്ലാ കമ്മിറ്റിയിൽ ചർച്ച നടക്കും. ലൈംഗിക പീഡനാരോപണവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന എം.എൽ.എയുടെ ശിക്ഷാ നടപടിയുടെ കാലാവധി അവസാനിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഏതു കമ്മിറ്റിയിലേക്കാണ് തിരിച്ചെടുക്കേണ്ടത് എന്ന കാര്യത്തിലും ജില്ലാ കമ്മിറ്റി തീരുമാനം എടുക്കും. ശശിക്കെതിരെ ശക്തമായി ആഞ്ഞടിക്കാനാണ് എം.ബി.രാജേഷിന്റേയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടേയും നീക്കം. അതിനെ ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞ ദിവസം മണ്ണാർക്കാട്ട് ചേർന്ന ഗ്രൂപ്പ് യോഗത്തിൽ ധാരണയായി.
മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽനിന്ന് ലഭിച്ച വമ്പൻ ലീഡാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫിന് അട്ടിമറി വിജയം സമ്മാനിച്ചത്. മുപ്പതിനായിരത്തോളം വോട്ടിന്റെ ലീഡാണ് ഇവിടെ വി.കെ.ശ്രീകണ്ഠന് ലഭിച്ചത്. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് തൊട്ടു പിറകേ തന്നെ എം.ബി.രാജേഷ് തുറന്നടിച്ചിരുന്നു. ഷൊർണൂർ എം.എൽ.എയുമായി അടുപ്പമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സ്വാശ്രയകോളജ് നടത്തിപ്പുകാരനാണ് ഗൂഢാലോചനക്ക് ചുക്കാൻ പിടിച്ചതെന്ന രാജേഷിന്റെ വെളിപ്പെടുത്തൽ ശശിക്കെതിരായ ഒളിയമ്പായാണ് വിലയിരുത്തപ്പെട്ടത്. ശശിക്കെതിരായ ലൈംഗിക പീഡന പരാതി ആസൂത്രണം ചെയ്ത് ഉയർത്തിക്കൊണ്ടു വന്നത് എം.ബി. രാജേഷിന്റെ നേതൃത്വത്തിലാണെന്ന് എം.എൽ.എയുമായി ബന്ധമുള്ളവർ നേരത്തേ ആരോപിച്ചിരുന്നു. പി.കെ.ശശി കാലുവാരിയതാണ് പാലക്കാട്ടെ തോൽവിക്ക് കാരണം എന്നാണ് രാജേഷുമായി അടുപ്പമുള്ളവർ പറയുന്നത്.
സി.പി.എം രാഷ്ട്രീയത്തിൽ കണ്ടുവരാറില്ലാത്ത പരസ്യമായ വിഴുപ്പലക്കലാണ് പാലക്കാട്ടെ തോൽവിയുമായി ബന്ധപ്പെട്ട് ജില്ലയിൽ നടക്കുന്നത്. താൻ മണ്ണാർക്കാട് കേന്ദ്രീകരിച്ചല്ല, തന്റെ മണ്ഡലമായ ഷൊർണൂരിലാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് എന്ന് ശശിയും മാധ്യമപ്രവർത്തകരോട് തുറന്നടിച്ചു. ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ സി.പി.എമ്മിന്റെ താഴേത്തട്ടിൽ വരെ ഉലച്ചിൽ ഉണ്ടാക്കിയിട്ടുണ്ട്. പിണറായി വിജയനെ അനുകൂലിച്ചിരുന്ന വിഭാഗത്തിൽ ഉണ്ടായ പിളർപ്പിന് ചുവടുപിടിച്ച് പഴയ വി.എസ് ചേരിയിലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ജില്ലയിൽ വി.എസ് പക്ഷത്തിന് നേതൃത്വം കൊടുത്തിരുന്ന മുൻഎം.എൽ.എ എം.ചന്ദ്രനും മുൻഎംപി എൻ.എൻ.കൃഷ്ണദാസും ഇപ്പോൾ ഇരുചേരികളിലാണ്. എം.ബി.രാജേഷിനൊപ്പം ചേർന്ന് തനിക്കെതിരേ ഗൂഢാലോചന നടത്തിയ നേതാക്കളുടെ പട്ടികയിലാണ് ചന്ദ്രനെ ശശി ഉൾപ്പെടുത്തിയിരിക്കുന്നത്. കൃഷ്ണദാസ് മറുപക്ഷത്താണ്. ജില്ലയുടെ സംഘടനാ ചുമതലയുള്ള സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ മന്ത്രി എ.കെ.ബാലനും ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനും ചേരിപ്പോരിൽ പരസ്യമായി പി.കെ.ശശിയുടെ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലാ കമ്മിറ്റിയോഗത്തിൽ എം.ബി.രാജേഷിനും കൂട്ടർക്കും ഏറെ വിയർക്കേണ്ടി വരും. യുവജന-വിദ്യാർത്ഥി വിഭാഗങ്ങളുടെ പിന്തുണ രാജേഷിനാണ്.
പാലക്കാട് ജില്ലയിലെ പാർട്ടിയിൽ ഉരുണ്ടു കൂടുന്ന സംഘർഷാവസ്ഥ ഗൗരവമേറിയതാണെന്ന് സി.പി.എം സംസ്ഥാന നേതൃത്വവും വിലയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോഴും വിഭാഗീയത നിലനിൽക്കുന്ന ജില്ലാ ഘടകങ്ങളിൽ ഒന്നായാണ് സി.പി.എം പാലക്കാടിനെ കാണുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇരുപക്ഷത്തിനും സ്വീകാര്യനായ ഒരു നേതാവിന്റെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി യോഗം ചേർന്നാൽ മതിയെന്ന നിർദ്ദേശം ഉണ്ടാവുമെന്നാണ് സൂചന. പാർട്ടി കേന്ദ്രകമ്മിറ്റിയംഗം കൂടിയായ കെ. രാധാകൃഷ്ണന് ഇതിന്റെ ചുമതല നൽകുമെന്ന് റിപ്പോർട്ടുണ്ട്.