കാസർകോട്- ജില്ലയിലെ എൻഡോസൾഫാൻ ഇരകളായി ജീവിക്കുന്ന അനേകം ദുരന്ത ചിത്രങ്ങളിൽ ഏറെ ദുരിതപൂർണമായ കാഴ്ചയാണ് ഇവരുടേത്. സുമിത്ര, അരുൺ കുമാർ, സൗമ്യ.
ഗൃഹനാഥൻ ഗണേഷ്‌റാവു മരിച്ചതോടെ ഈ കുടുംബവും തനിച്ചായി. ബെള്ളൂർ പഞ്ചായത്തിലെ കക്കെബെട്ടുവിൽ താമസിക്കുന്ന ഗണേഷ് റാവു ഉച്ചയുറക്കത്തിനിടെ ഹൃദയാഘാതമുണ്ടായാണ് മരിച്ചത്. ഇനി ആ വീട്ടിൽ പതിയെ ഇഴയുന്ന സൗമ്യയും അരുൺ കുമാറും അമ്മ സുമിത്രയും മാത്രം.
സങ്കടക്കടലിലും താങ്ങും തണലുമായി ഉണ്ടായിരുന്ന ഭർത്താവ് പോയതോടെ ഇനിയെന്ത് എന്ന ചോദ്യം മാത്രമാണ് സുമിത്രയുടെ മനസ്സിൽ. നടന്നു കയറാൻ നല്ലൊരു വഴി പോലുമില്ലാത്ത വീട്ടിലാണ് സംസാരിക്കാൻ കഴിയാതെ, ചെവികൾ കേൾക്കാതെ, ഇരുൾ മൂടുന്ന കണ്ണുകളുമായി കുട്ടികൾ കഴിയുന്നത്. കൈക്കും കാലുകൾക്കും ബലമില്ലാത്തതിനാൽ നിലത്ത് ഇഴഞ്ഞാണ് രണ്ടു പേരും വീട്ടിൽ സഞ്ചരിക്കുന്നത്. പ്ലാന്റേഷൻ കോർപ്പറേഷൻ പറങ്കി മാവുകളാൽ ചുറ്റപ്പെട്ട സ്ഥലത്താണ് ഇവരുടെ വീട്. പ്ലാന്റേഷൻ തോട്ടങ്ങളിൽ അനേക വർഷങ്ങളോളം ഹെലികോപ്റ്ററിൽ ചുറ്റി തളിച്ച എൻഡോസൾഫാൻ ഇവരുടെ വീടുകൾക്ക് മീതെയും പെയ്തിരുന്നു. ഇവരുടെ കിണറുകളിലും ആ വിഷം പെയ്തിറങ്ങിയിരുന്നു. ജനിക്കുമ്പോൾ രണ്ടു കുഞ്ഞുങ്ങളും സാധാരണപോലെ ആയിരുന്നു എന്നാണ് സുമിത്ര പറഞ്ഞത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ അസുഖങ്ങൾ കണ്ടുതുടങ്ങി. ഇപ്പോൾ രണ്ടു കുട്ടികളും മുറികളിൽ ഇഴഞ്ഞു നടക്കുന്ന കാഴ്ച ദയനീയമാണ്. കണ്ണ് കാണാത്തതിനാൽ അച്ഛനെയും അമ്മയെയും തിരിച്ചറിയുന്നത് മണം കൊണ്ടായിരുന്നു. സൗമ്യക്ക് ഏതാണ്ട് 22 വയസ് പ്രായം കാണും. അരുൺകുമാറിന് വയസ് 20 ആയി. സുമിത്രക്ക് പക്ഷെ ഇരുവരും ഇപ്പോഴും പിഞ്ചുകുട്ടികൾ തന്നെയാണ്. സംസാരിക്കാൻ സാധിക്കാത്തതിനാൽ വിശക്കുമ്പോൾ അടുക്കളയിൽ ഒരു പ്രത്യേക സ്ഥലത്ത് വന്നിരിക്കും. അപ്പോൾ അമ്മക്ക് അറിയാം വിശക്കുന്നു എന്ന്. ഒരു നിമിഷം പോലും ഒറ്റയ്ക്ക് വിട്ടു പോകാനാവാത്ത കുട്ടികൾ ആയതിനാൽ ഗണേഷ് റാവുവിനും സുമിത്രയ്ക്കും ആ വീട് വിട്ട് ഒരു നിമിഷം പോലും പുറത്തേക്ക് പോകാനോ തൊഴിൽ ചെയ്യുവാനോ സാധിച്ചിരുന്നില്ല. ആകെയുള്ള വരുമാനം വീട്ടിൽ വളർത്തുന്ന പശുക്കൾ മാത്രം. ആ വീടിന്റെ അതിരിനപ്പുറം സുമിത്ര സഞ്ചരിച്ചിട്ട് എത്രയോ വർഷങ്ങളായി. സൗമ്യയോടും അരുൺ കുമാറിനോടും ഒപ്പം വീട്ടിലെ മുറികളിൽ തന്നെയാണ് സുമിത്രയുടെയും ജീവിതവും ലോകവും.
മരിച്ചാൽ പരാശ്രയമില്ലാതെ ജീവിക്കാൻ സാധിക്കാത്ത കുട്ടികളെയും കൂടെ കൊണ്ടുപോകുമെന്ന് ഒരമ്മ പറയുകയാണ്. അവരുടെ നിസ്സഹായതയ്ക്ക് മുന്നിൽ പലരും തളർന്നു പോകുന്നു.
സർക്കാർ സ്‌പോൺസേർഡ് കീടനാശിനി ദുരന്തത്തിൽ ജീവിതം പോയ ഞങ്ങളുടെ കുഞ്ഞുങ്ങളെ എവിടെയാണ് നിർത്തേണ്ടത്. എവിടെയാണ് അവരെ ഉപേക്ഷിക്കേണ്ടത്. ജീവിതത്തിലേക്കോ അതോ മരണത്തിലേക്കോ ....' ഇത് സുമിത്രയുടെ മാത്രം ചോദ്യമല്ല. എൻഡോസൾഫാൻ ഇരകളായ നൂറു കണക്കിന് കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ ചോദ്യമാണ്. ആരാണ് മറുപടി നൽകുക. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സർക്കാർ നൽകേണ്ട ആനുകൂല്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. കാസർകോട് മെഡിക്കൽ കോളേജ് എന്നത് ഇപ്പോഴും നടപ്പായിട്ടില്ല. എൻഡോസൾഫാൻ ദുരിത ബാധിതരായ കുഞ്ഞുങ്ങളും അമ്മമാരും ഇപ്പോഴും തങ്ങളുടെ ആനുകൂല്യങ്ങൾക്കായി തിരുവനന്തപുരത്ത് പോയി സമരം ചെയ്യേണ്ടി വരുന്നു എന്ന ഗതികേടിലാണ്. ഒട്ടും പരസഹായമില്ലാതെ ജീവിക്കേണ്ട കുഞ്ഞുങ്ങൾക്കായി ഒരു റീ ഹാബിലിറ്റേഷൻ സെന്റർ എന്ന ആശയം ഇതുവരെയും നടപ്പായിട്ടില്ല. ഓരോരുത്തരായി മരിച്ചു കൊണ്ടിരിക്കുകയാണ്. അഭിലാഷ്, ശീലാവതി , ദാ ഇപ്പോൾ സൗമ്യയുടേയും അരുൺ കുമാറിന്റെയും അച്ഛൻ ഗണേഷ് റാവുവും. ഈ കുട്ടികളെ ഏതെങ്കിലും സന്നദ്ധ സ്ഥാപനങ്ങളോ സർക്കാരോ ഏറ്റെടുക്കുമോ..? ഈ കുഞ്ഞുങ്ങളുടെ പുനരധിവാസം സാധ്യമാക്കാൻ സർക്കാരിന്റെ ശ്രദ്ധയുണ്ടാകുമോ ..?