റിയാദ് - അസീർ പ്രവിശ്യയിൽ പെട്ട ഖമീസ് മുഷൈത്തിൽ ഡ്രോൺ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹൂത്തികൾ തിങ്കളാഴ്ച രാത്രിയാണ് ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കി രണ്ടു ഡ്രോണുകൾ അയച്ചത്. ലക്ഷ്യ സ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി സൗദി സൈന്യം ഡ്രോണുകൾ തകർത്തതായി സഖ്യസേനാ വക്താവ് പറഞ്ഞു.
സ്റ്റോക്ക്‌ഹോം വെടിനിർത്തൽ കരാർ ഹൂത്തികൾ 5000 ലേറെ തവണ ലംഘിച്ചിട്ടുണ്ട്. സൗദി അറേബ്യക്കു നേരെ 226 ബാലിസ്റ്റിക് മിസൈലുകൾ ഹൂത്തികൾ തൊടുത്തുവിട്ടു. ഗൾഫ്, അറബ് മടിത്തട്ടിലേക്ക് യെമനെ തിരിച്ചെത്തിക്കുന്നതിന് സഖ്യസേന പ്രവർത്തനം തുടരും.
യു.എൻ രക്ഷാസമിതി 2216 ാം നമ്പർ പ്രമേയത്തിനും ഗൾഫ് സമാധാന പദ്ധതിക്കും യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും അനുസൃതമായി ഹൂത്തി അട്ടിമറി അവസാനിപ്പിക്കുന്നതിനും നിയമാനുസൃത ഭരണകൂടത്തെ പുനഃസ്ഥാപിക്കുന്നതിനും യു.എന്നുമായും രക്ഷാസമിതി അംഗങ്ങളുമായും യെമൻ ഗവൺമെന്റുമായും യെമനിൽ രാഷ്ട്രീയ പ്രക്രിയക്ക് പ്രവർത്തിക്കുന്ന രാജ്യങ്ങളുമായും സഖ്യസേന സഹകരിക്കുന്നു.
യെമനിലെ വിവിധ കക്ഷികൾക്കിടയിൽ അനുരഞ്ജനവും യോജിപ്പുമുണ്ടാക്കുന്നതിന് അനുയോജ്യമായ രാഷ്ട്രീയ പരിതഃസ്ഥിതി ഒരുക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും സഖ്യസേന പിന്തുണക്കും.
കഴിഞ്ഞ വർഷം യെമനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് സഖ്യസേനയിൽ അംഗങ്ങളായ രാജ്യങ്ങൾ 150 കോടി ഡോളർ നൽകിയിട്ടുണ്ട്. ഈ വർഷം യെമനിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിന് സൗദി അറേബ്യയും യു.എ.ഇയും കുവൈത്തും നിർലോഭ സഹായം നൽകിയിട്ടുണ്ട്.
സൈനിക നടപടി ആരംഭിച്ച ശേഷം ഇതുവരെ യെമനിൽ റിലീഫ് വസ്തുക്കളും നിത്യോപയോഗ വസ്തുക്കളും എത്തിക്കുന്നതിന് 47,324 ലൈസൻസുകൾ സഖ്യസേന നൽകിയിട്ടുണ്ട്. റിലീഫ് സംഘടനകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് മെയ് 27 മുതൽ ജൂൺ രണ്ടു വരെയുള്ള ദിവസങ്ങളിൽ 211 ലൈസൻസുകൾ അനുവദിച്ചു. കഴിഞ്ഞയാഴ്ച റിലീഫ് സംഘടനകൾക്ക് 54 ലൈസൻസുകൾ അനുവദിച്ചു.
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അൽഹുദൈദ തുറമുഖം വഴി എണ്ണയും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള വസ്തുക്കൾ എത്തിക്കുന്നതിന് ലൈസൻസുകൾ നൽകുന്നുണ്ട്. മെയ് 27 മുതൽ ജൂൺ 10 വരെയുള്ള കാലത്ത് സഖ്യസേനാ ആക്രമണങ്ങളിൽ 620 ഹൂത്തികൾ കൊല്ലപ്പെട്ടു. ഈ ദിവസങ്ങളിൽ ഹൂത്തികളുടെ 342 യുദ്ധോപകരണങ്ങളും തകർത്തതായി കേണൽ തുർക്കി അൽമാലികി പറഞ്ഞു.