Sorry, you need to enable JavaScript to visit this website.

കൊച്ചി-മാലിദ്വീപ് ഫെറി സർവീസ് വരുന്നു

കൊച്ചിയെയും മാലിദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് ഫെറി സർവീസ് ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും മാലിദ്വീപും തമ്മിൽ കരാർ ഒപ്പിട്ടു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തെ തുടർന്നാണ് സംസ്ഥാനത്തിന്റെ ടൂറിസം രംഗത്ത് ഏറെ പ്രയോജനകരമായേക്കാവുന്ന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടത്. കൊച്ചിയിൽ നിന്ന് മാലിയിലേക്കും തിരിച്ചുമുള്ള പാസഞ്ചർ കം കാർഗോ സർവീസാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചിയിൽ നിന്ന് മാലിയിലേക്ക് 700 കി.മീറ്ററാണ് ദൂരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ ധാരണയായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നുവന്നു.
പ്രധാനമന്ത്രിയായി രണ്ടാം വട്ടം അധികാരമേറ്റതിനു ശേഷമുള്ള മോഡിയുടെ ആദ്യത്തെ വിദേശ യാത്രയായിരുന്നു മാലിദ്വീപിലേക്ക്. അയൽ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ആദ്യ നയമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇബ്രാഹിം സോലിയുടെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ 2018 ൽ മോഡി മാലിയിലെത്തിയിരുന്നു. തങ്ങളുടെ സ്വപ്‌ന പദ്ധതിയായ സിൽക്ക് റോഡ് പ്രോജക്ടിനെ യാഥാർത്ഥ്യമാക്കാൻ ചൈന ലക്ഷ്യമിടുന്ന പ്രധാന പാത കൂടിയാണ് മാലിദ്വീപ്.

 

Latest News