Sorry, you need to enable JavaScript to visit this website.

ഷംസീറിനെതിരെ നസീർ മൊഴി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി, നൽകിയെന്ന് നസീർ

തിരുവനന്തപുരം- വടകരയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച സി.ഒ.ടി നസീറിന് നേരെയുണ്ടായ വധശ്രമം ഒറ്റപ്പെട്ട സംഭവമാണെന്നും ഇതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.എൻ ഷംസീറിനെതിരെ നസീർ മൊഴി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വടകരയിൽ അടുത്തകാലത്തൊന്നും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടില്ലന്നും നിയമസഭയെ എന്തും വിളിച്ചുപറയാനുള്ള വേദിയാക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
അതേസമയം, തലശേരി സ്റ്റേഡിയം നിർമ്മാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ നസീറിനെ ഓഫീസിൽ വിളിച്ചുവരുത്തി കാൽ തല്ലിയൊടിക്കുമെന്ന് ഷംസീർ ഭീഷണിപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാൽ ഷംസീറിനെ അന്വേഷണ പരിധിയിൽനിന്ന് ഒഴിവാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന് ഭരണപക്ഷം പ്രതിരോധിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തി. തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി. ഷംസീറിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്ന നിലപാടിൽ നസീർ ഉറച്ചുനിൽക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ അക്രമണം നടത്തിയാൽ അതിന്റെ ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും ചുമലിൽ വെക്കാൻ കഴിയുമെന്ന ചിന്തയിലാണ് ആ ദിവസം തെരഞ്ഞെടുത്തതെന്നും നസീർ ആരോപിച്ചു. പി.ജയരാജന് ഈ അക്രമത്തിൽ പങ്കില്ലെന്നും നസീർ കൂട്ടിച്ചേർത്തു.
 

Latest News