ക്വലാലംപുർ - സാക്കിർ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടു തരാതിരിക്കാനുള്ള എല്ലാ അവകാശങ്ങളും തങ്ങൾക്കുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്. ന്യായമായ വിചാരണ ഇന്ത്യയിൽ ലഭ്യമാകില്ല എന്ന് സാക്കിർ നായിക്ക് ഭയപ്പെടുന്നതിനാലാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവാദ മത പ്രസംഗത്തെ തുടർന്ന് 2016 ലാണ് സാക്കിർ നായിക്ക് ഇന്ത്യ വിടുന്നത്. കുറേക്കാലം ഗൾഫിൽ തങ്ങിയ നായിക്ക്, പിന്നീട് മലേഷ്യയിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് മലേഷ്യൻ ഗവണ്മെന്റ് സ്ഥിര താമസ വിസ അനുവദിച്ചു.
" തനിക്ക് ശരിയായതും ന്യായമായതുമായ വിചാരണ ഇന്ത്യയിൽ ലഭിക്കില്ലെന്നാണ് സാക്കിർ കരുതുന്നത്" പ്രധാനമന്ത്രി മഹാതിർ മലേഷ്യൻ മാധ്യമങ്ങളോട് പറഞ്ഞു. ഓസ്‌ട്രേലിയയിൽ ചേക്കേറിയ മലേഷ്യൻ കുറ്റവാളി സൈറുൽ അസ്ഹർ ഉമറിന്റെ അവസ്ഥയോടാണ് മഹാതിർ ഈ സാഹചര്യത്തെ താരതമ്യം ചെയ്തത്. മംഗോളിയൻ മോഡലിനെ കൊന്ന കുറ്റത്തിന് അസ്ഹറിനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ് മലേഷ്യ. എന്നാൽ അസ്ഹറിനെ വിട്ടു തരാൻ ഓസ്‌ട്രേലിയ വിസമ്മതിച്ചിരിക്കുകയാണ്.