ജിദ്ദ- ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ ഫീ കൗണ്ടറുകളിലെത്തുന്ന രക്ഷിതാക്കൾക്ക് ദുരിത കാലം. കഴിഞ്ഞ ദിവസം പതിവിൽ കവിഞ്ഞ തിരക്കാണ് ഇന്ത്യൻ സ്‌കൂൾ ബോയ്‌സ്, ഗേൾസ് സെക്ഷനുകളിലെ ഫീ കൗണ്ടറുകളിൽ അനുഭവപ്പെട്ടത്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ രക്ഷിതാക്കൾക്ക് ധാരാളം സമയം ഫീസ് അടക്കാനായി ചെലവഴിക്കേണ്ടി വന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ജോലിയ്ക്കിടയിൽ നിന്ന് ഇറങ്ങി അൽപസമയത്തിനുള്ളിൽ കാര്യം നിർവഹിച്ച് തിരിച്ചെത്താമെന്ന് കരുതിയവരാണ് പെരുവഴിയിലായത്. സാധാരണ ഗതിയിൽ മൂന്ന് പേർ വരെയുണ്ടാകാറുള്ള ഫീ കൗണ്ടറിൽ ഒരാളെയാണ് കാണാൻ കഴിഞ്ഞതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.
പൊതുജനങ്ങളിൽനിന്ന് ഫീ ശേഖരിക്കുന്ന മൂന്ന് കൗണ്ടറുകൾക്ക് പുറമേ സ്‌കൂൾ വിദ്യാർഥികളിൽ നിന്ന് സ്വീകരിക്കാൻ പിൻഭാഗത്ത് മറ്റൊരു കൗണ്ടറും പ്രവർത്തിക്കാറുണ്ടായിരുന്നു. ഫീസ് അടക്കാനെത്തിയവരുടെ ബാഹുല്യത്തിന് പുറമേ നാട്ടിലെ സ്‌കൂളുകളിലേക്ക് ടി.സി വാങ്ങിപ്പോയ കുട്ടികളുടെ ഒഴിവിൽ പുതിയ കുട്ടികളെ ചേർക്കുന്ന തിരക്കും ഇതിനൊപ്പമുണ്ടായിരുന്നു. ചില രക്ഷിതാക്കളെങ്കിലും ഫീസ് അടക്കേണ്ട അവസാന തീയതി ജൂൺ പത്താണെന്ന് ധരിച്ചെത്തിയതും വിനയായി.
ഈ മാസം 16 വരെ ഫീസ് അടക്കാൻ സൗകര്യമുണ്ടെന്ന ധാരണ ഇല്ലാതെ പോയതാണ് പ്രശ്‌നമായത്. താപനില ഉയർന്നതിനാൽ ചൂടേറെ സഹിച്ചാണ് രക്ഷിതാക്കൾ ഇന്ത്യൻ സ്‌കൂൾ കൗണ്ടറിൽ തടിച്ചു കൂടിയത്. അസീസിയയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഗേൾസ് സ്‌കൂളിലെ സ്ഥിതിയും ഒട്ടും ഭിന്നമല്ലായിരുന്നു.